അധ്യാപക ക്ഷാമം രൂക്ഷം; ഏറെ പേർ അവധിയിൽ
text_fieldsതൃശൂർ: കോവിഡ് മഹാമാരിക്ക് പിന്നാലെ 20 മാസങ്ങൾക്ക് ശേഷം സ്കൂൾ തുറക്കാനിരിക്കേ ജില്ലയിൽ അധ്യാപക ക്ഷാമം രൂക്ഷം. വിവിധ വിദ്യാഭ്യാസ ജില്ലകളിലായി അഞ്ഞൂറോളം അധ്യാപക ഒഴിവുകളാണ് നിലവിലുള്ളത്. പ്രൈമറി സ്കൂളിലാണ് ഏറ്റവും കൂടുതൽ അധ്യാപക ഒഴിവുകളുള്ളത്. 257 ഒഴിവുകളാണ് പ്രൈമറിയിലുള്ളത്. പ്രധാന അധ്യാപക തസ്തിക കൂടി നികത്തുന്നതോടെ ഒഴിവ് മുന്നൂറ് കടക്കും. ജില്ലയിൽ പി.എസ്.സിയുടെ പ്രൈമറി അധ്യാപക പട്ടിക അടുത്ത മാസം അവസാനിക്കുകയാണ്. പട്ടികയിലെ അവസാനത്തെ മെയിൽ റാങ്ക് ലിസ്റ്റിലെ അവസാനത്തെ ആളെ പോലും നിയമിച്ചു കഴിഞ്ഞു. ഭാഷ അധ്യാപക തസ്തികയിൽ നൂറിലധികം ഒഴിവാണുള്ളത്. അപ്പർ പ്രൈമറി അധ്യാപക ഒഴിവ് അമ്പത്തിനാലുമാണ്.
അപ്പർ പ്രൈമറി അധ്യാപക പട്ടിക ഫെബ്രുവരിയിൽ അവസാനിക്കാനിരിക്കെ ചുരുക്കം പേരാണ് പി.എസ്.സിയുടെ പട്ടികയിലുള്ളത്. നാൽപതോളം കായിക അധ്യാപക ഒഴിവുമുണ്ട്. ഹൈസ്കൂളിൽ അഞ്ചിൽ കൂടുതൽ അധ്യാപകരാണ് ഇല്ലാത്തത്. പുതിയ സാഹചര്യത്തിൽ കോവിഡ് പെരുമാറ്റച്ചട്ടമടക്കം അതിസങ്കീർണമായ കാര്യങ്ങൾ ചെയ്യാനിരിക്കേ അധ്യാപക ഒഴിവുകൾ നികത്താൻ വിദ്യാലയ അധികൃതർ നെട്ടോട്ടത്തിലാണ്.
ഇതു കൂടാതെ വലിയ തോതിൽ അധ്യാപകർ അവധിയിലുമുണ്ട്. ഈ വർഷം വിരമിക്കുന്നവർ ആർജിത അവധി അടക്കം കഴിഞ്ഞ രണ്ടു വർഷങ്ങളിൽ എടുക്കാനാവാത്ത സാഹചര്യം ഉണ്ടായിരുന്നു. ഇതുകൂടാതെ മക്കളുടെ വിവാഹം, പ്രസവം അടക്കം കാര്യങ്ങളിലും അവധിയിൽ പ്രവേശിച്ചവരും കൂട്ടത്തിലുണ്ട്. നേരിയ ന്യൂനപക്ഷം കോവിഡ് സാഹചര്യങ്ങളിലെ നൂലാമാലകളിൽ നിന്ന് തടിതപ്പിയവരുമാണ്. അവധി അവകാശമായതിനാൽ അപേക്ഷ നൽകിയാൽ കൊടുക്കാതിരിക്കാനാവാത്ത സാഹചര്യവുമുണ്ട്. ജില്ല വിദ്യാഭ്യാസ ഓഫിസിൽ ഇതു സംബന്ധിച്ച കാര്യങ്ങളിൽ ഇടെപടാനുമാവില്ല.കാര്യങ്ങൾ ഇങ്ങനെ ആണെങ്കിലും ജില്ലയിൽ അതിഥി അധ്യാപകരെ തേടി മാധ്യമങ്ങളിൽ വാർത്ത ഏറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.