Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅധ്യാപക ദിനം: നമ്മെ...

അധ്യാപക ദിനം: നമ്മെ നാമാക്കിയവർ...

text_fields
bookmark_border
അധ്യാപക ദിനം: നമ്മെ നാമാക്കിയവർ...
cancel
camera_alt

 courtesy: nenow.in




വെറും മാഷല്ല കരീം മാഷ്​

പാവറട്ടി: ഹയർ സെക്കൻഡറി വിഭാഗത്തിൽ മികച്ച അധ്യാപകനുള്ള ഇത്തവണത്തെ സംസ്ഥാന അധ്യാപക അവാർഡ് വെന്മേനാട് എം.എ.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വി.എം. കരീമിന് ലഭിച്ചപ്പോൾ ആഹ്ലാദിക്കുന്നത്​ ഒരു നാടാണ്​. തൃശൂർ വെള്ളിക്കുളങ്ങര സ്വദേശിയായ വി.എം. കരീം ഇപ്പോള്‍ താന്ന്യം പഞ്ചായത്തിലെ പെരിങ്ങോട്ടുകരയിലാണ് താമസിക്കുന്നത്. 23 വർഷത്തെ അധ‍്യാപന പരിചയമുണ്ട്. 2014 മുതല്‍ പ്രിന്‍സിപ്പലാണ്​. നാഷനല്‍ സർവിസ് സ്കീം, അസാപ്പ്, കരിയർ ഗൈഡൻസ്, പെണ്‍കുട്ടികളുടെ ശാക്തീകരണത്തിന് കരുത്ത് പദ്ധതി, എസ്.പി.സി തുടങ്ങിയവ സ്കൂളില്‍ കൊണ്ടുവരാൻ മുൻകൈയെടുത്തത്​ ഇദ്ദേഹമായിരുന്നു.

13 വർഷം എൻ.എസ്.എസ് പ്രോഗ്രാം ഓഫിസറായി പ്രവർത്തിച്ചു. 2013ല്‍ ഏറ്റവും നല്ല പ്രോഗ്രാം ഓഫിസർക്കുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. ജില്ലയിലെ ഹയർസെക്കൻഡറി കോ ഓഡിനേറ്റർ എന്ന നിലയില്‍ ഏകജാലക പഠനത്തിന് സ്വന്തമായി മൊബൈല്‍ ആപ്പ് ഉണ്ടാക്കുന്നതിന് നേതൃത്വം നല്‍കിയിട്ടുണ്ട്. നാഷനല്‍ സർവിസ് സ്കീമുമായി സഹകരിച്ച് ജില്ലയിലെ സി.എഫ്.എല്‍.ടി.സികളിലേക്ക് 5000 ബെഡ്ഷീറ്റ്, സാനിറ്റൈസർ, മാസ്ക്കുകള്‍ എന്നിവ വിതരണം ചെയ്യുന്നതിന് നേതൃത്വം നല്‍കിയിട്ടുണ്ട്.

2016 മുതല്‍ ജില്ലയിലെ ഹയർസെക്കൻഡറി കോ ഓഡിനേറ്റർ ആയി പ്രവർത്തിക്കുന്നു. തളിക്കുളം പഞ്ചായത്തിലെ സീനിയർ ക്ലർക്ക് സുമിയാണ് ഭാര്യ. സെൻറ് ക്ലയേഴ്സ് ഹയർസെക്കൻഡറി സ്കൂളില്‍ പ്ലസ് ടുവിന് പഠിക്കുന്ന റിംസിയും താന്ന്യം ഗവ. ഹയർസെക്കൻഡറി സ്കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ഹാരിത്തുമാണ് മക്കൾ.

ജയശങ്കർ മാസ്​റ്റർക്ക് അർഹതക്കുള്ള അംഗീകാരം

തിരുവില്വാമല: സംസ്ഥാനത്തെ മികച്ച അധ്യാപകരുടെ പട്ടികയിൽ ജില്ലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട തിരുവില്വാമല ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി. ജയശങ്കർ ത​െൻറ പ്രവർത്തനമേഖലയെ അധ്യാപനത്തിൽ മാത്രം ഒതുക്കി നിർത്തുന്ന ആളല്ല. വളരെ പരിമിതമായ അടിസ്ഥാന സൗകര്യത്തിൽ ആരംഭിച്ച വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിനെ ഇന്നത്തെ നിലയിലെത്തിക്കുന്നതിൽ ഇദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല.

നാട്ടുകാരെയും രക്ഷിതാക്കളെയും പൂർവ വിദ്യാർഥികളെയും ചേർത്ത് നിർത്തി സ്കൂളിെൻറ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി. സ്കൂളിൽ നടക്കുന്ന എല്ലാ പരിപാടികൾക്കും ഇവരുടെയെല്ലാം സാന്നിധ്യം ജയശങ്കർ ഉറപ്പുവരുത്തി. വിദ്യാർഥികളുടെ പഠനനിലവാരവും മികച്ചതാക്കി. 2018, 2020 വർഷങ്ങളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സംസ്ഥാനത്ത് ഒന്നാമതെത്തി.

എല്ലാത്തിനും കാരണം പൊതുസമൂഹവുമായി വിദ്യാലയത്തെ അടുപ്പിച്ചതാണെന്ന് ഇദ്ദേഹം പറയുന്നു. 2000ൽ സർക്കാർ ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം വിവിധ വകുപ്പുകളിൽ ജോലിചെയ്ത ശേഷം 2007 മുതലാണ് കോമേഴ്‌സ് വിഷയത്തിൽ അധ്യാപകനായത്. 2012ൽ പ്രിൻസിപ്പലായി ചുമതലയേറ്റു. കോങ്ങാട് പാറശ്ശേരി തുഷാരയിൽ കുടുംബാംഗമാണ്. ഭാര്യ ജിഷയും അധ്യാപികയാണ്. അപർണയും ആര്യയുമാണ് മക്കൾ.

മണലൂരിനും ചിറ്റാട്ടുകരക്കും അഭിമാനമായി കാതറിൻ

കാഞ്ഞാണി: മണലൂരിനും ചിറ്റാട്ടുകരക്കും അഭിമാന മുഹൂർത്തം. മികച്ച അധ്യാപികക്കുള്ള സംസ്ഥാന സർക്കാറിെൻറ ഈ വർഷത്തെ അവാർഡ് മണലൂർ സെൻറ് ഇഗ്​നേഷ്യസ് യു.പി സ്കൂൾ പ്രധാനാധ്യാപിക കാതറിന് ലഭിച്ചു. അർപ്പണബോധം, സേവന തൽപരത ഇതെല്ലാമാണ് കാതറിൻ ടീച്ചറെ അവാർഡിനർഹയാക്കിയത്.മൂന്നുവർഷം മുമ്പാണ് ചിറ്റാട്ടുകര സെൻറ് സെബാസ്​റ്റ്യൻ ഹൈസ്കൂളിൽനിന്ന് സ്ഥാനക്കയറ്റം ലഭിച്ച് പ്രധാനാധ്യാപികയായി മണലൂരിൽ സെൻറ് ഇഗ്​നേഷ്യസ് യു.പി സ്കൂളിലെത്തിയത്. കുട്ടികളുടെ വിദ്യാഭ്യസ വളർച്ചക്കൊപ്പം സ്കൂളിെൻറ പുരോഗതിക്കായും ടീച്ചർ പ്രവർത്തിച്ചു.

സ്കൗട്ട്​സ്​ ആൻഡ് ഗൈഡ്സിെൻറ സജീവ പ്രവർത്തകയാണ് ടീച്ചർ. ചിറ്റാട്ടുകര ഇടവകയിലെ ഭക്തസംഘടന രംഗത്തും ടീച്ചർ സജീവമാണ്. മാതൃസംഘം പ്രസിഡൻറായും ഇപ്പോൾ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. കൊട്ടേക്കാട് ആലപ്പാട്ട് ചാക്കുണ്ണി-സെലീന ദമ്പതികളുടെ മകളാണ്. ചിറ്റിലപ്പിള്ളി മാനത്തിൽ ഏ​േൻറായാണ് ഭർത്താവ്.

ദേശീയ-സംസ്ഥാന അവാർഡുകൾ നേടിയ ആൻറണി വാഴപ്പിള്ളി മാസ്​റ്റർക്കും സംസ്ഥാന അവാർഡ് നേടിയ സി.വി. ജോസഫ് മാസ്​റ്റർക്കും ശേഷം ആ നേട്ടം വീണ്ടും ചിറ്റാട്ടുകരയിലെത്തിച്ചിരിക്കുകയാണ് കാതറിൻ ടീച്ചർ.

നേട്ടത്തി​െൻറ നെറുകയിൽ മുജീബ്​ റഹ്​മാൻ

കൊടുങ്ങല്ലൂർ: അധ്യാപന രംഗത്തെ പ്രസരിപ്പാർന്ന മാതൃകയാണ്​ സംസ്​ഥാനതല പുരസ്കാരം നേടിയ മതിലകം സെൻറ്​ ജോസഫ്​സ്​ ഹയർസെക്കൻഡറി സ്​കൂൾ പ്രധാനാധ്യാപകൻ വി.കെ. മുജീബ്​ റഹ്​മാൻ. ഒരേ സ്​കൂളിൽ വിദ്യാർഥിയും അധ്യാപകനും പ്രധാനാധ്യാപകനുമായി തുടർന്നശേഷം സംസ്​ഥാന അധ്യാപക അവാർഡ്​ ജേതാവുകയെന്ന അപൂർവ ബഹുമതിയും​ മുജീബ്​ റഹ്​മാന് സ്വന്തം​. 2017ലാണ്​ പ്രാധാനാധ്യാപകനായത്​. ഇതേ സ്കൂളിലെ പൂർവ വിദ്യാർഥി സംഘടനയുടെ ഭാരവാഹിയുമാണ്.

എസ്.എസ്.എൽ.സി പരീക്ഷയിൽ മൂന്ന് വർഷം തുടർച്ചയായി നൂറ്​ ശതമാനം വിജയത്തോടെ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ ഉപരിപഠനത്തിന്​ അർഹമാക്കിയ പൊതു വിദ്യാലയമാണ്​ സെൻറ്​​ ​േജാസഫ്​സ്​. ഇത്തവണ 51 സമ്പൂർണ എ പ്ലസോടെ 482 വിദ്യാർഥികളാണ്​ വിജയം നേടിയത്​.

മതിലകം കൂളിമുട്ടം കാതിക്കോട്​ വല്ലത്തുപടി പ​േരതനായ കുഞ്ഞുമുഹമ്മദി​െൻറയും ഫാത്തിതയുടെയും മകനായ മുജീബ്​ റഹ്​മാൻ സാമൂഹിക സാംസ്​കാരിക രംഗത്തും സജീവമാണ്​. ശാന്തിപുരം എം.എ.ആർ.എം. ജി.വി.എച്ച്​.എസ്​.എസ്​ അധ്യാപിക ബിന്ദുമോൾ ആണ്​ ഭാര്യ. സജ്​ന​, സഫ്​വ എന്നിവർ മക്കളാണ്.

സലിം മാഷി​െൻറ വിഷയം കൃഷി

വടക്കേക്കാട്: അധ്യാപനവൃത്തിയിൽ 34 വർഷം പൂർത്തിയാക്കിയ വൈലത്തൂർ എ.എം.എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ എ.കെ. സലിം കുമാർ എന്ന സലിം മാഷിന് വിരമിക്കാൻ ഇനി രണ്ടു വർഷം കൂടി. 2005ൽ സംസ്ഥാന പ്രൈമറി അധ്യാപക അവാഡ് നേടിയ സലിം കുമാർ കെ.എസ്.ടി.എ ജില്ല നിർവാഹക സമിതി അംഗമാണ്. കൃഷിയിൽ അതീവ തൽപരനായ ഇദ്ദേഹം 13 വർഷമായി സജീവ ജൈവ കർഷകനാണ്.

2019ൽ ചാവക്കാട് ബ്ലോക്ക്​ പഞ്ചായത്തിലെ സമ്മിശ്ര കർഷകനുള്ള കാഷ് അവാർഡ് ലഭിച്ചു. വൈലത്തൂർ അഴിയത്ത് പരേതനായ കുഞ്ഞിമുഹമ്മദ് മാസ്​റ്ററുടേയും സ്കൂൾ മാനേജർ കൂടിയായ കയ്യു ടീച്ചറുടേയും മകനായ സലിം കുമാറിെൻറ 35 സെൻറ് പുരയിടത്തിൽ ഇല്ലാത്ത കൃഷി വല്ലതുമുണ്ടോ എന്ന് സംശയമാണ്. കാൽ കുത്താൻ ഇടമില്ലാതെ ഹരിതസമൃദ്ധിയുടെ നിറക്കാഴ്ചകൾ. തൊഴുത്തിൽ മണിക്കുട്ടൻ എന്ന ഓമന പശു.

കൂട്ടിൽ കരിങ്കോഴി, ഗ്രാമപ്രിയ, നാടൻ കോഴികൾ. പാലും തൈരും കോഴിമുട്ടയും വീട്ടാവശ്യത്തിനും വിൽപനക്കും സുലഭം. പട്ടാളപ്പറവകളെ ഉപയോഗിച്ചുള്ള ബയോ പോഡ് മാലിന്യസംസ്കരണം വഴി ലഭിക്കുന്ന പുഴുക്കളാണ് കോഴികൾക്ക് തീറ്റ. ഇതിലെ അവശിഷ്​ടം വളമായും ഉപയോഗിക്കും. രണ്ടു മാസം കൂടുമ്പോൾ തെങ്ങിൽ നിന്നുള്ള വരുമാനം 16,000 രൂപ. ഒരു വർഷം 10,000 രൂപക്ക് അടയ്ക്ക വിൽക്കും.

തെങ്ങിൻ തടത്തിലെ ബിലാത്തിക്കുവ്വയിൽനിന്ന് ഉണക്കിപ്പൊടിയാക്കി വിൽക്കാൻ ഇത്തവണ 300 കിലോ കിഴങ്ങും, മഞ്ഞളും കാവത്തും നുറുകിലോ വീതവും കിട്ടുമെന്നാണ് പ്രതീക്ഷ. സ്ഥലപരിമിതിമറികടക്കാൻ മതിലിലാണ് കുരുമുളക് പടർത്തുന്നത്.

ചെറുപ്പത്തിലേ കുട്ടികൾക്ക് കൃഷിയിൽ താൽപര്യം വളർത്താൻ സ്കൂൾ വളപ്പിലും നിറയെ കൃഷിയാണ്. അത്തിമരച്ചോട്ടിലെ കരനെൽ കൃഷി കതിരണിഞ്ഞു തുടങ്ങി. പച്ചക്കറിയിൽ സ്വയം പര്യാപ്തത നേടാൻ പഞ്ചായത്തിലെ 300 പേർക്ക് വിത്തും വളവും നൽകി നടത്തുന്ന 'കരുതലാകാൻ' പദ്ധതിയുടെ ചെയർമാൻ ഇദ്ദേഹമാണ്.

വിവിധ വാർഡുകളിലായി അഞ്ച് ഏക്കറിൽ മഞ്ഞൾ, കൂർക്ക കൃഷിയുടെ മേൽനോട്ടവും വഹിക്കുന്നു. 2003ൽ ഉപതെരഞ്ഞെടുപ്പിൽ ജയിച്ച് സലിം കുമാർ മൂന്നു വർഷം വടക്കേക്കാട് പഞ്ചായത്ത് അംഗമായി. ജില്ല അസി. ട്രഷറി ഓഫിസർ താഹിറയാണ് ഭാര്യ. മകൾ തസ്നി എൻജിനീയറാണ്.

തൊട്ടതെല്ലാം പൊന്നാക്കിയ ഹംസ മാസ്​റ്റർ

ചെറുതുരുത്തി: എഴുപതാം വയസ്സിലും ഹംസ മാസ്​റ്ററുടെ ഒാർമകൾക്ക്​ യൗവനം തന്നെ. ചെറുതുരുത്തി പുതുശ്ശേരിയിൽ എസ്.എൻ.ടി.എസ് സ്കൂളിലെ എൽ.പി വിഭാഗം അറബി അധ്യാപകനായി 1971 ജൂണിൽ ജോലിയിൽ പ്രവേശിച്ചതും ആദ്യ ശമ്പളമായ 190 രൂപ മാനേജർ പരേതയായ മാധവി അമ്മയിൽനിന്ന് വാങ്ങിയതുമൊക്കെ തലശ്ശേരി തെക്കേവയ്യേട്ട് കാവിൽ പി.എം. ഹംസക്ക് ഇന്നലെ കഴിഞ്ഞതുപോലെ മനസ്സിലുണ്ട്​.

തലശ്ശേരി ഗ്രാമത്തിൽ ഒരു എൽ.പി സ്കൂൾ നേടിയെടുക്കാനായി രാവും പകലും ഈ അധ്യാപകൻ ഉണ്ടായിരുന്നു. പരേതനായ ബാലകൃഷ്ണൻ മാഷി​െൻറ നേതൃത്വത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ് കോയയെ കണ്ട്​ വിഷയം ധരിപ്പിച്ചു. 1979ൽ ഒരു എൽ.പി സ്കൂൾ അനുവദിച്ചു. തലശ്ശേരി ചുങ്കം മഹല്ല് കമ്മിറ്റി നേതൃത്വത്തിൽ സ്ഥലം വാങ്ങി സ്കൂൾ ആരംഭിച്ചു. 25 വർഷത്തോളം സെക്രട്ടറിയായിരുന്നു.

തലശ്ശേരിയിൽ ആദ്യമായി പെൺകുട്ടികൾക്ക് അഗതിമന്ദിരം എം.എസ്.എ ബനാത്ത് യതീംഖാനയും സ്ഥാപിക്കാൻ മുന്നിട്ടിറങ്ങി. ഇവിടെ ഇപ്പോൾ 200 പെൺകുട്ടികളുണ്ട്. ഭാര്യ ആസിയയുമൊത്ത്​ വീട്ടുവളപ്പിൽ പച്ചക്കറി കൃഷിയുമൊക്കെയായി വിശ്രമ ജീവിതം നയിക്കുകയാണിപ്പോൾ. മൂന്ന് മക്കളുണ്ട്.

അനിരുദ്ധന് ഇത്​ ശിൽപ നിർമാണ കാലം

മാള: അധ്യാപകൻ അനിരുദ്ധന് കോവിഡ് കാലം ശിൽപ നിർമാണ കാലമാണ്. തലമുറകൾക്ക് വിദ്യ പകർന്ന ഈ അധ്യാപകൻ തേക്കി​െൻറ ഒറ്റത്തടിയിൽ ഒന്നിലധികം ശിൽപങ്ങൾ കൊത്തി തീർത്തത് പുറം ലോകം അറിഞ്ഞിട്ടില്ല. നാല് പതിറ്റാണ്ടുകാലത്തെ അധ്യാപക വൃത്തിയിൽ അനേകം ശിഷ്യഗണങ്ങളെ വാർത്തെടുത്ത ഈ 63കാര‍​െൻറ കരവിരുത് മരത്തിലും വിസ്മയമാവുകയാണ്. മരത്തിെൻറ വിവിധ ഭാഗങ്ങൾ തിരഞ്ഞെടുത്ത് സ്വന്തം കൈകൊണ്ട് ഉളിയും ചുറ്റികയും ഉപയോഗിച്ച് അതീവ സൂക്ഷമതയോടെയാണ് നിർമാണം.

ഒറ്റത്തടിയിൽ തന്നെ ഒന്നിലധികം ശിൽപങ്ങൾ ചേതോഹരമായാണ് പൂർത്തീകരിച്ചിരിക്കുന്നത്. തേക്കിൽ ആമയും കുറുക്കനും കോഴിയും കൊക്കും പാമ്പുമൊക്കെ പിറവിയെടുത്തിട്ടുണ്ട്. ഒരേ തടിയിൽ തന്നെ നിരവധി രൂപങ്ങൾ ജന്മമെടുത്തത് കൗതുകമാണ്. ഒറ്റത്തടിയിൽ ഒന്നിലധികം ശിൽപങ്ങൾ ഇദ്ദേഹം തീർത്തത് മാസങ്ങൾ കൊണ്ടാണ്. ഭാര്യ മല്ലികയും മക്കളായ ആതിര മാധുരിയും ആദിത്യ മാധവും പിന്തുണയുമായി ഒപ്പമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur Newsworld teachers day
Next Story