വിദ്യാലയം പൂട്ടിയിട്ട് അധ്യാപകരുടെ വിനോദയാത്ര; ന്യായീകരിച്ച് എ.ഇ.ഒ
text_fieldsവടക്കേക്കാട് (തൃശൂർ): വിദ്യാലയത്തിന് അവധി നൽകി അധ്യാപകരുടെ വിനോദയാത്ര. വടക്കേക്കാട് വൈലത്തൂർ സെന്റ് ഫ്രാൻസിസ് യു.പി സ്കൂളിൽ തിങ്കളാഴ്ചയാണ് സംഭവം. വിദ്യാഭ്യാസ വകുപ്പ് അധികൃതരെയും ആർ.ടി.എയെയും അറിയിക്കാതെയാണ് സ്കൂൾ അടച്ചുപൂട്ടി അധ്യാപകർ വിനോദയാത്ര പോയത്. പ്രവൃത്തിദിവസങ്ങളിൽ സ്കൂൾ പൂട്ടിയിടാൻ പാടില്ലെന്ന ചട്ടം ലംഘിച്ചായിരുന്നു യാത്ര.
വാട്സ്ആപ് വഴിയും ക്ലാസ് മുറികൾക്ക് മുന്നിൽ നോട്ടീസ് പതിച്ചും വിദ്യാർഥികളെ ഇക്കാര്യം നേരേത്ത അറിയിച്ചിരുെന്നന്നാണ് പ്രധാനാധ്യാപകന്റെ വിശദീകരണം. അവധിയാക്കിയതിന് പകരം ഈ മാസം 25ന് ശനിയാഴ്ച പ്രവൃത്തി ദിനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സ്കൂൾ അവധി അറിയിപ്പ് വാട്സ്ആപ് വഴി അയച്ചിട്ടില്ലെന്നാണ് ചില രക്ഷിതാക്കൾ പറയുന്നത്. ആഴ്ചകൾക്കുമുമ്പ് വിദ്യാർഥികളെ വിനോദയാത്രക്ക് കൊണ്ടുപോയിരുന്നു. രണ്ടാം ശനിയും ഞായറും അവധിയുണ്ടായിട്ടും തിങ്കളാഴ്ച സമ്പൂർണ അവധിയാക്കിയതാണ് വിവാദമായത്.
അതേസമയം, സ്കൂൾ അധ്യാപകർക്ക് അനുകൂലമായാണ് എ.ഇ.ഒയുടെ വിശദീകരണം. കുട്ടികളുമായാണ് അധ്യാപകർ പഠനയാത്രക്ക് പോയതെന്നും അത്തരത്തിൽ കുട്ടികളുമൊന്നിച്ചുള്ള ഫോട്ടോ തനിക്ക് അവർ അയച്ചുതന്നുവെന്നും എ.ഇ.ഒ രത്നകുമാരി പറഞ്ഞു. വിദ്യാർഥികളുമായല്ല വിനോദയാത്രക്ക് പോയതെന്ന് പ്രധാനാധ്യാപകൻ പറയുമ്പോഴാണ് എ.ഇ.ഒയുടെ ന്യായീകരണം.
സ്കൂൾ മൊത്തത്തിൽ അടച്ചുപൂട്ടിയത് സംബന്ധിച്ച ചോദ്യത്തിന് ഓഫിസ് പ്രവർത്തിച്ചാൽ മതിയെന്നാണ് അവരുടെ മറുപടി. എന്നാൽ, ഓഫിസും പ്രവർത്തിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിപ്പോൾ അവധിക്ക് പകരം മറ്റൊരു ദിവസം സ്കൂൾ പ്രവർത്തിക്കുമെന്ന് പ്രധാനാധ്യാപകൻ പറഞ്ഞുവെന്ന് എ.ഇ.ഒ പറഞ്ഞു.
മുന്നറിയിപ്പില്ലാതെ സ്കൂൾ പൂട്ടിയിട്ട് അധ്യാപകർ വിനോദയാത്ര പോയത് സംബന്ധിച്ച് എ.ഇ.ഒയോട് റിപ്പോർട്ട് ചോദിച്ചതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി.വി. മദനമോഹനൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.