വിഷുപൂരമഹോത്സവത്തിനിടെ ആനയിടഞ്ഞു; മണിക്കൂറുകൾ പരിഭ്രാന്തി
text_fieldsകാഞ്ഞാണി: കാരമുക്ക് ശ്രീ ചിദംബര ക്ഷേത്രത്തിൽ വിഷുപൂരമഹോത്സവത്തിനിടെ ആനയിടഞ്ഞത് പരിഭ്രാന്തി സൃഷ്ടിച്ചു. ഒരു ജീപ്പ് കുത്തിമറിച്ചിട്ട ആന കാറും കേടു വരുത്തി.
പടിയം കമ്മറ്റിയുടെ മീനാട്ട് വിനായകൻ എന്ന ആനയാണ് ഇടഞ്ഞ് ഓടിയത്. രാത്രി ഏഴോടെ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപമാണ് ആനയിടഞ്ഞത്. വരവ് പൂരം വരുന്നതിനിടെ കാഞ്ഞാണി വടക്കുംമുറി കരയുടെ ഉഷശ്രീ ശങ്കരൻക്കുട്ടി എന്ന ആനയെ കുത്തിയ ശേഷമാണ് വിനായകൻ ഓടിയത്. ഇതിനിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് തീപൊരിയുണ്ടായി.
ആനപുറത്ത് ഉണ്ടായിരുന്നവർ ഈ സമയം റോഡിലേക്ക് ചാടി രക്ഷപ്പെട്ടു. ചാട്ടത്തിനിടെ ഒരാൾക്ക് പരിക്കേറ്റു. ഷോക്കേൽക്കാതെ അൽഭുതകരമായാണ് ഇവർ രക്ഷപ്പെട്ടത്. ഓട്ടത്തിനിടെ മുന്നിൽ കണ്ട ജീപ്പ് വിനായകൻ കുത്തിമറിച്ചിട്ടു. കാറും കേടു വരുത്തി. ഒന്നര മണിക്കൂറോളം ആന പരിഭ്രാന്തി പരത്തി. റോഡിലൂടെ വന്നവർ ഓടി രക്ഷപ്പെട്ടു.
ചാത്തംകുളങ്ങര ക്ഷേത്രത്തിന് സമീപം രാത്രി 8.30ഓടെ ആനയെ തളച്ചു. പിന്നീട് ലോറിയിൽ കയറ്റി കൊണ്ടുപോയി. വിനായകൻ കുത്തിയ ഉഷശ്രീ ശങ്കരൻ കുട്ടി എന്ന ആനയെ പാപ്പാൻമാൻ ഉടൻ മാറ്റിയതിനാൽ കൂടുതൽ അപകടം ഒഴിവായി. ഈ ആന ശാന്തനായി നിന്നു. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണതിനാൽ ഈ മേഖല ഇരുട്ടിലായിരുന്നു. 11 ആനകളെ വെച്ച് എഴുന്നെള്ളിക്കേണ്ട പൂരം 9 ആനകളെ വെച്ചാണ് കൂട്ടി എഴുന്നെള്ളിപ്പ് നടത്തിയത്. പൂരത്തിന് നിരവധി പൂര പ്രേമികളാണ് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.