താൽക്കാലിക നിയമനങ്ങൾ വിജിലൻസ് അന്വേഷിക്കണം; കോർപറേഷൻ കൗൺസിലിൽ പ്രതിപക്ഷ ബഹളം
text_fieldsതൃശൂർ: കോർപറേഷനിലെ താൽക്കാലിക നിയമനങ്ങൾ വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൗൺസിലിൽ പ്രതിപക്ഷ കൗൺസിലർമാരുടെ പ്രതിഷേധം. തിരുവനന്തപുരം കോർപറേഷനിലേതിനു സമാനമായ സാഹചര്യമാണ് ഇവിടെയുമെന്നും താൽക്കാലികക്കാരെ പിരിച്ചുവിട്ട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തണമെന്നും കൗൺസിൽ യോഗത്തിൽ പ്രതിപക്ഷനേതാവ് രാജൻ പല്ലൻ ആവശ്യപ്പെട്ടു. സമാന ആരോപണവുമായി ബി.ജെ.പി അംഗങ്ങൾ വായ് മൂടിക്കെട്ടി യോഗത്തിൽ പങ്കെടുത്തു. നടപടി അംഗീകരിക്കില്ലെന്ന് ബി.ജെ.പി നേതാവ് വിനോദ് പൊള്ളഞ്ചേരി പറഞ്ഞു.
വിരമിച്ച ജീവനക്കാരനെ മേയറുടെ ഓഫിസിൽ നിയമിച്ചതു തെറ്റായ കീഴ്വഴക്കമാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മറ്റൊരാളെ െഡപ്യൂട്ടേഷനിൽ പി.ആർ.ഒ ആയി നിയമിച്ചതിനെ തുടർന്ന് ഒരുലക്ഷത്തോളം രൂപ കോർപറേഷൻ നൽകേണ്ടി വരുന്നു. സർക്കാർ നൽകേണ്ട ശമ്പളമാണ് കൗൺസിൽ നൽകേണ്ടത്. നാലു താൽക്കാലിക ജീവനക്കാർ തുടരരുതെന്ന് 32 കൗൺസിലർമാർ എഴുതി നൽകിയിട്ടും നടപടിയില്ല. വൈദ്യുതി വിഭാഗത്തിൽ ഇരുനൂറോളം പേരാണ് താൽക്കാലികക്കാരായുള്ളത്. തൊഴിൽതേടി നടക്കുന്ന ചെറുപ്പക്കാരോടുള്ള അനീതിയാണിത്. തസ്തികപോലും ഇല്ലാത്തിടത്താണ് നിയമനം. അതേസമയം, യു.ഡി.എഫുകാരും താൽക്കാലിക നിയമനത്തിനു ശിപാർശ നൽകിയിരുന്നതായി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജനും അനൂപ് ഡേവിസ് കാടയും പറഞ്ഞു.
പേരുകൾ വെളിപ്പെടുത്താൻ പ്രതിപക്ഷം വെല്ലുവിളിച്ചു. പുകമറയുണ്ടാക്കാനാണ് നോക്കുന്നതെന്നായിരുന്നു ഭരണപക്ഷ പരാതി. താൽക്കാലിക നിയമനങ്ങൾ വിജിലൻസ് അന്വേഷിക്കുന്നതിനെ എതിർക്കില്ലെന്നു ഷാജൻ വ്യക്തമാക്കി. ഇതിനിടെ പ്രതിപക്ഷം മേയറുടെ രാജി ആവശ്യപ്പെട്ട് നടുത്തളത്തിലേക്കിറങ്ങി. കുറച്ചുസമയത്തിനു ശേഷം മുദ്രാവാക്യം വിളി നിർത്തി സീറ്റുകളിലേക്കു മടങ്ങി.
സേവന ഉപനികുതിയുടെ പേരിൽ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് നഗരാസൂത്രണകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ പറഞ്ഞു. നൽകാത്ത സേവനത്തിന്റെ പേരിൽ ഉപനികുതി പിരിച്ച് ജനങ്ങളെ പിഴിയുകയാണെന്നും അദ്ദേഹം ആരോപിച്ചു. അനുവദിക്കപ്പെടാത്ത തസ്തികകളിലേയ്ക്ക് ദൈനംദിന പ്രവർത്തനങ്ങൾക്ക് വിഘ്നം വരാതിരിക്കാനുള്ള ജീവനക്കാരെ നിയമാനുസൃത നടപടികൾ പൂർത്തീകരിച്ചാണ് നിയമിച്ചതെന്ന് മേയർ എം.കെ. വർഗീസ് കൗൺസിലിനെ അറിയിച്ചു. വഞ്ചിക്കുളം ടൂറിസ്റ്റ് കേന്ദ്രത്തിൽ വൈദ്യുതി കാലുകളിൽ വിളക്ക് സ്ഥാപിച്ച് മോടി പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സീറോ ഡിഗ്രി സ്ഥാപനത്തിന്റെ താൽപര്യപത്രം മാറ്റിവെച്ചു. എല്ലാ അജണ്ടകളിലും മേയർ കുറിപ്പുകൾ എഴുതുന്നതിനെ ഭരണപക്ഷ അംഗം ഷീബ ബാബു വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.