ഗവ. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് നിയമനം ചട്ടവിരുദ്ധമെന്ന്
text_fieldsതൃശൂർ: മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജിലെ പുതിയ ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് നിയമനം യോഗ്യത മാനദണ്ഡങ്ങൾ മറികടന്നെന്ന് ആക്ഷേപം. ദേശീയ മെഡിക്കൽ കൗൺസിൽ നിർദേശിക്കുന്ന യോഗ്യതകളിൽ ഒന്നുപോലും ഇല്ലാത്ത ആളെയാണ് ആശുപത്രി സൂപ്രണ്ടായി നിയമിച്ചതെന്ന ആക്ഷേപവുമായി കോൺഗ്രസ് രംഗത്തെത്തി.
മെഡിക്കൽ കൗൺസിൽ മാനദണ്ഡമനുസരിച്ച് 10 വർഷത്തിൽ കുറയാത്ത ഭരണപരിചയവും പ്രഫസർ, അസോ. പ്രഫസറായി ക്ലിനിക്കൽ മേഖലയിൽ പ്രവർത്തിച്ചവരായിരിക്കണമെന്നാണ് നിഷ്കർഷിച്ചിട്ടുള്ളത്. എന്നാൽ, നിശ്ചിത യോഗ്യത ഇല്ലാതെ നോൺ ക്ലിനിക്കൽ മേഖലയിൽ (പാത്തോളജി) അസി. പ്രഫസർ മാത്രമാണ് നിലവിലെ സൂപ്രണ്ട് ഇൻ ചാർജിനുള്ളതെന്ന് കെ.പി.സി.സി സെക്രട്ടറിയും ആശുപത്രി വികസന സമിതി അംഗവുമായ രാജേന്ദ്രൻ അരങ്ങത്ത് ആരോപിച്ചു.
നിലവിൽ മെഡിക്കൽ കൗൺസിൽ മാനദണ്ഡപ്രകാരമുള്ള ഒട്ടേറെ ഡോക്ടർമാർ മെഡിക്കൽ കോളജിൽതന്നെ ഉണ്ടെന്നിരിക്കെ നിയമനത്തിന് പിന്നിൽ രാഷ്ട്രീയതാൽപര്യമാണ്.
കാന്റീൻ തുറക്കുന്നത് ഉൾപ്പെടെ വിഷയങ്ങളിൽ അലംഭാവം കാണിക്കുന്ന സൂപ്രണ്ട് ഇൻ ചാർജ് താൽക്കാലിക നിയമനങ്ങളിൽ ആശുപത്രി വികസനസമിതിപോലും അറിയാതെ പിൻവാതിൽ നിയമനം നടത്തുകയാണ്. സൂപ്രണ്ട് ഇൻ ചാർജിനെ മാറ്റി യോഗ്യതയുള്ള ആളെ നിയമിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്കും സെക്രട്ടറിക്കും കത്തയച്ചതായും രാജേന്ദ്രൻ അരങ്ങത്ത് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.