പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അധികൃതര്‍ ഇടപെട്ടു; വെള്ളിക്കുളങ്ങര ബസ് സ്റ്റാൻഡിന്റെ 'മുഖം തെളിഞ്ഞു'
text_fieldsവെള്ളിക്കുളങ്ങര: പുല്ലും മാലിന്യവും നിറഞ്ഞ് വൃത്തിഹീനമായി കിടന്ന വെള്ളിക്കുളങ്ങര ബസ് സ്റ്റാൻഡിന്റെ മുഖം തെളിഞ്ഞു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, വാര്‍ഡ് അംഗം ഷൈബി സജി എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും തൊഴിലുറപ്പു തൊഴിലാളികളും ചേര്‍ന്നാണ് ബസ്റ്റ് സ്റ്റാൻഡും പരിസരവും വൃത്തിയാക്കിയത്.
ചാലക്കുടി, തൃശൂര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ നിന്നുള്ള മുപ്പതിലേറെ ബസുകള്‍ എത്തുന്ന വെള്ളിക്കുളങ്ങര സ്റ്റാൻഡില്‍ ഏറെക്കാലമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തത് ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായിരുന്നു. ബസ് സ്റ്റാൻഡിന്‍റെ വൃത്തിഹീനമായ അവസ്ഥ സംബന്ധിച്ച് 'മാധ്യമം' നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു.
സ്റ്റാൻഡിന്റെ ശോച്യാവസ്ഥയെ പരിഹസിച്ചുകൊണ്ട് സമൂഹ മാധ്യമത്തില്‍ പ്രചരിച്ച വിഡിയോയും ഈയിടെ വൈറലായിരുന്നു. തുടർന്നാണ് ജനവികാരം ഉള്‍ക്കൊണ്ട് ജനപ്രതിനിധികള്‍ മുന്നിട്ടിറങ്ങി സ്റ്റാൻഡ് വൃത്തിയാക്കിയത്.
സ്റ്റാൻഡില്‍ യാത്രക്കാര്‍ക്ക് വിശ്രമിക്കാനായി നിര്‍മിച്ച സ്ഥലത്ത് ഇരുചക്രവാഹനങ്ങള്‍ പാർക്ക് ചെയ്യുന്നത് നിരോധിച്ചുകൊണ്ട് പഞ്ചായത്ത് സെക്രട്ടറിയുടെ അറിയിപ്പും സ്ഥാപിച്ചിട്ടുണ്ട്. സ്റ്റാൻഡിലെ ശുചിമുറികള്‍ വൃത്തിയാക്കി ഉപയോഗപ്രദമാക്കാനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.