പ്രതീക്ഷയുടെ വലകളുമായി വീണ്ടും കടലലകളിലേക്ക്
text_fieldsചാവക്കാട്: യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ മൺസൂൺകാല ട്രോളിങ് നിരോധനം തിങ്കളാഴ്ച അർധരാത്രിയോടെ അവസാനിച്ചു. രാത്രി 12 മുതൽ ബോട്ടുകൾ കടലിലേക്കിറക്കി. ജൂൺ ഒമ്പത് അര്‍ധരാത്രി മുതലാണ് സംസ്ഥാനത്ത് ട്രോളിങ് നിരോധനം ആരംഭിച്ചത്. ബോട്ടുകളിൽ തൊഴിലെടുക്കുന്നവർക്കും അനുബന്ധ തൊഴിലാളികൾക്കും 52 നാളുകൾ വറുതിയുടെ കാലമായിരുന്നു. ഈ സമയത്ത് യന്ത്രങ്ങളുെടയും വലകളുെടയും അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പലരും ലൈസൻസ് പുതുക്കി. ഇതുവരെയുള്ള പ്രയാസങ്ങൾ മറികടക്കാൻ ജില്ലയിലെ പ്രധാന ഫിഷ് ലാൻഡിങ് സെന്ററായ മുനക്കക്കടവിലെ മത്സ്യത്തൊഴിലാളികളടക്കം പ്രതീക്ഷയുടെ വലകളുമായി വീണ്ടും കടലിലേക്കിറങ്ങി.
മുനക്കക്കടവ് ഹാര്‍ബറില്‍നിന്നുള്ള 20 ബോട്ടുകള്‍ ആലപ്പുഴയിലെ കായംകുളത്തേക്കും കൊല്ലം ജില്ലയിലെ നീണ്ടകര, ശക്തികുളങ്ങര ഹാര്‍ബറുകളിലേക്കും പുറപ്പെട്ടു. ഇരുപതോളം ബോട്ടുകളാണ് മത്സ്യബന്ധനത്തിന് കൊല്ലത്തേക്ക് പോയത്.
ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ കൊല്ലം ജില്ലയിൽ എത്തും. ജില്ലയുടെ പടിഞ്ഞാറന്‍ ഭാഗത്തെ കടലില്‍ മത്സ്യലഭ്യത കുറവായതിനാല്‍ ഈ സീസണ് മറ്റ് ജില്ലകളില്‍ ചെലവഴിച്ച് സെപ്റ്റംബറോടെയാകും ഇവരുടെ മടക്കം. ബോട്ടുകാര് മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നതിനാല്‍ മുനക്കക്കടവ് ഹാര്‍ബറില്‍നിന്നുള്ള അനുബന്ധ തൊഴിലാളികളുടെ ദുരിതത്തിന് തൽക്കാലം അവസാനമില്ല. കയറ്റിറക്ക തൊഴിലാളികളടക്കമുള്ള അനുബന്ധ തൊഴിൽ ചെയ്യുന്നവര്‍ പലരും ട്രോളിങ് നിരോധനത്തിനു മുമ്പ് തന്നെ തൊഴില്‍ തേടി പല ഭാഗങ്ങളിലേക്കും പോയിരുന്നു.
ഇവരില്‍ ബോട്ടുകാര് കൊണ്ടുവരുന്ന ചെമ്മീനും മീനും മറ്റും വേര്‍തിരിക്കുന്ന ജോലിയുമായി കഴിയുന്ന 150 ഓളമുള്ള സ്ത്രീകള്‍ മറ്റ് തൊഴിലുകളില്ലാതെ കഷ്ടപ്പാടിലാണ്. നിരോധനം ബാധിക്കാത്ത വലിയ വള്ളങ്ങളും പരമ്പരാഗത വള്ളങ്ങളും മഴയും കടൽക്ഷോഭവും കാലാവസ്ഥ മുന്നറിയിപ്പും കാരണം പല ദിവസങ്ങളും കടലിൽ പോയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.