ജലസേചന വകുപ്പിന്റെ കെട്ടിടവും ഭൂമിയും കാടുകയറി
text_fieldsമറ്റത്തൂര്‍: വാസുപുരത്ത് ജലസേചന വകുപ്പിന്റെ ക്വാര്‍ട്ടേഴ്സും ഇതോടനുബന്ധിച്ച 20 സെന്റ് ഭൂമിയും കാടുപിടിച്ച് നശിക്കുന്നു. ചാലക്കുടി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായി 1956ല്‍ മറ്റത്തൂര്‍ ജലസേചന കനാല്‍ നിര്മിക്കപ്പെട്ടപ്പോള് ജീവനക്കാര്‍ക്ക് താമസിക്കാൻ സ്ഥാപിച്ചതാണ് ഈ ക്വാര്‍ട്ടേഴ്സ്. വേനലില്‍ പരിസരത്തെ കിണറുകള്‍ വറ്റിവരളുമ്പോള്‍ പ്രദേശവാസികള്‍ കുടിവെള്ളത്തിന് ആശ്രയിച്ചിരുന്ന പഴക്കമേറിയ കിണറും ക്വാര്‍ട്ടേഴ്സിനോടു ചേര്‍ന്ന് കാടുമൂടി കിടക്കുന്നുണ്ട്.
അടിത്തട്ടില്‍ നെല്ലിപ്പലകകള്‍ വിരിച്ച അപൂര്‍വം ഈ കിണറുകളിലൊന്നാണിത്. മൂന്നര പതിറ്റാണ്ട് മുമ്പ് മറ്റത്തൂര്‍ കനാലിന്റെ ആയക്കെട്ട് പരിധിയില്‍ കൃഷിഭൂമിയിലേക്ക് വെള്ളമെത്തിക്കാൻ ഫീല്‍ഡ് ചാനലുകള്‍ നിര്‍മിക്കാൻ കാഡയുടെ (കമാന്‍ഡ് ഏരിയ ഡെവലപ്മെന്റ് അതോറിറ്റി) കീഴില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നപ്പോള്‍ കാഡയുടെ ഓഫിസ് പ്രവര്‍ത്തിച്ചിരുന്നത് ഈ കെട്ടിടത്തിലായിരുന്നു.
കെട്ടിടത്തിന്റെ മുറ്റത്ത് മഴമാപിനിയും സ്ഥാപിച്ചിരുന്നു. 10 വര്‍ഷത്തോളമായി ഈ കെട്ടിടം ആത്താമസമില്ലാതെ അടഞ്ഞുകിടക്കുകയാണ്. പഞ്ചായത്ത് തെരഞ്ഞടുപ്പുകാലത്ത് പോളിങ് സ്റ്റേഷനായി ഉപയോഗിച്ചിരുന്ന കെട്ടിടം ഇപ്പോള്‍ ജീര്‍ണാവസ്ഥയിലാണ്. മേല്‍ക്കൂര ദുര്‍ബലമായതോടെ ഏതുസമയവും ഇടിഞ്ഞുവീഴാമെന്ന സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.