സപ്ലൈകോ ഗോഡൗണിൽനിന്ന് ഗോതമ്പ് കടത്താൻ ശ്രമിച്ച കേസ് അട്ടിമറിച്ചു
text_fieldsതൃശൂർ: ‘ഇലക്ഷൻ അർജന്റ്’ ബോർഡ് സ്ഥാപിച്ച വാഹനത്തിൽ ഗോതമ്പ് കടത്താൻ ശ്രമിച്ച കേസ് അട്ടിമറിച്ചു. മാധ്യമവാർത്തകളിൽ കഴമ്പില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പരിശോധനയുമായി ബന്ധപ്പെട്ട നടപടി അവസാനിപ്പിച്ചെന്നാണ് അധികൃതരുടെ അവകാശവാദം.
2019 ഏപ്രിൽ 28നാണ് കേസിനാസ്പദമായ സംഭവം. തൃശൂർ ചിറ്റിശേരിയിലെ താൽക്കാലിക സപ്ലൈകോ ഗോഡൗണിൽനിന്ന് വാഹനങ്ങളിൽ ഗോതമ്പ് നിറച്ച് കൊണ്ടുപോകാനായിരുന്നു ശ്രമം. അവധി ദിവസമായ ഞായറാഴ്ച തിരഞ്ഞെടുപ്പിന്റെ മറവിൽ ബില്ലും തൂക്കവുമില്ലാതെ വാഹനത്തിൽ ഗോതമ്പ് കയറ്റി കടത്താനായിരുന്നു നീക്കം. മാധ്യമങ്ങൾ ഇടപെട്ടതോടെ ശ്രമം പാളി.
ഗോഡൗണിൽനിന്ന് ഗോതമ്പ് പുറത്തേക്ക് എത്തിച്ച ദിവസം മുതിർന്ന ഉദ്യോഗസ്ഥരെല്ലാം അവധിയിലായത് ഗുരുതര കൃത്യവിലാപം ആണെന്ന് കണ്ടെത്തിയിരുന്നു. അന്നത്തെ അസി. ഡിപ്പോ മാനേജർ പരസ്പരവിരുദ്ധവും വാസ്തവവിരുദ്ധവുമായ മൊഴിനൽകിയതും വാർത്തയായിരുന്നു.
പിന്നാലെ വകുപ്പുതല അന്വേഷണം നടത്തുകയും ചെയ്തു. വിപുലമായ അന്വേഷണശേഷം ഇതിന് നേതൃത്വം നൽകിയ മൂന്നുപേർക്ക് എതിരെ വകുപ്പുതല ശിക്ഷണ നടപടിക്ക് സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജ് ഡയറക്ടർ, സിവിൽ സപ്ലൈസ് കമീഷണർ എന്നിവരോട് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് അന്വേഷണം സംഘം റിപ്പോർട്ട് സമർപ്പിച്ചു.അതേസമയം, ഇതുമായി ബന്ധപ്പെട്ട തുടർനടപടി ഉണ്ടാവാതിരുന്ന സാഹചര്യത്തിൽ നേർകാഴ്ച അസോസിയേഷൻ ഡയറക്ടർ പി.ബി. സതീഷ് വിവരാവകാശ അപേക്ഷ നൽകി.
അന്വേഷണത്തിന് വിജിലൻസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല എന്നുമാണ് വകുപ്പ് മന്ത്രിയുടെ ഓഫിസിൽനിന്ന് മറുപടി ലഭിച്ചത്. തുടർന്ന് വകുപ്പ് മേധാവികൾ വിജിലൻസ് ഉദ്യോഗസ്ഥനോട് റിപ്പോർട്ട് ആവശ്യപ്പെട്ടതിന്റെ രേഖകൾ വിവരാവകാശ നിയമപ്രകാരം രേഖകൾ സതീഷ് ആവശ്യപ്പെട്ടു.
ഇതിനുള്ള മറുപടിയിൽ പൊതുവിതരണ വകുപ്പ് വിജിലൻസ് ഓഫിസറുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ, വകുപ്പുതല വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നില്ലെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, ഉദ്യോഗസ്ഥരെ ശിക്ഷ നടപടിയിൽനിന്ന് ഒഴിവാക്കുന്നതിന് അടിസ്ഥാനമായ തെളിവുകളോ രേഖകളോ വിവരാവകാശ നിയമപ്രകാരം അപേക്ഷകന് പൊതുവിതരണ വകുപ്പ് ലഭ്യമാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.