ചൈനീസ് ബോട്ട് ട്രാക്ടര്‍ തേവര്പ്പാടത്ത് നിലമൊരുക്കും
text_fieldsകൊടകര: ചതുപ്പുനിലത്ത് കൃഷിപ്പണികള്‍ സാധ്യമാക്കുന്ന ബോട്ട് ട്രാക്ടര്‍ സ്വന്തമാക്കി മറ്റത്തൂർ തേവര്‍പ്പാടം ഓര്‍ഗാനിക് നെല്ലുല്പാദക സമിതി. പാരമ്പര്യേതര നൂതന സാങ്കേതിക വിദ്യകളുപയോഗിച്ച് കൃഷി എളുപ്പമുള്ളതാക്കി മാറ്റുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. അവിട്ടപ്പിള്ളിയിലും പരിസരത്തുമുള്ള സഹപാഠികളും സുഹൃത്തുക്കളുമായ പന്ത്രണ്ടോളം പേര് ചേര്‍ന്നാണ് സമിതിക്ക് രൂപംനല്കിയിട്ടുള്ളത്. വിദ്യാസമ്പന്നരും വിദേശത്തും സ്വദേശത്തുമായി വിവിധ ജോലികള്‍ ചെയ്തിരുന്നവരാണ് ഇതിലുള്ളത്.
20 വര്‍ഷമായി തരിശുകിടന്ന എട്ടേക്കറോളം നിലമാണ് കൃഷിക്കായി ഇവർ ആദ്യഘട്ടത്തില്‍ വാങ്ങിയത്. മൂന്നടിയിലേറെ താഴ്ചയില്‍ ചളിനിറഞ്ഞ ഇവിടെ തൊഴിലാളികളെ നിയോഗിച്ച് നിലമൊരുക്കാന്‍ പ്രയാസം നേരിട്ടു. കുളയട്ട ശല്യമുള്ളതിനാല്‍ പാടത്തിറങ്ങാന്‍ തൊഴിലാളികളെ കിട്ടാതായി. ഇത്തരമൊരു സാഹചര്യത്തിലാണ് നിലമൊരുക്കുന്നതടക്കം ജോലികൾക്ക് അനുയോജ്യമായ കാര്‍ഷിക യന്ത്രം വാങ്ങാനുള്ള തീരുമാനത്തില്‍ സമിതി ഭാരവാഹികള്‍ എത്തിയതെന്ന് സെക്രട്ടറി ടി. ബാലകൃഷ്ണമേനോന് പറഞ്ഞു. സമിതി അംഗങ്ങളില്‍ ചിലര്‍ നടത്തിയ വിദേശയാത്രക്കിടയില്‍ യാദൃച്ഛികമായാണ് ബോട്ട് ട്രാക്ടര്‍ കാണാനിടയായത്. തേവര്പ്പാടത്തെ ചതുപ്പ് നിലമൊരുക്കാന്‍ ഈ യന്ത്രം അനുയോജ്യമാണെന്ന് കണ്ട ഇവര്‍ കര്‍ഷക കൂട്ടായ്മയിലെ മറ്റുള്ളവരുമായി ആലോചിച്ച് വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഇത് നിർമിക്കുന്ന ചൈനീസ് കമ്പനിയുമായി ബന്ധപ്പെട്ട് യന്ത്രം ബുക്ക് ചെയ്തു. ചൈനയില്‍നിന്ന് മലേഷ്യയിലേക്കും അവിടെ നിന്ന് കൊളംബോയിലേക്കും എത്തിച്ച ശേഷം കൊച്ചി തുറമുഖം വഴിയാണ് യന്ത്രം കഴിഞ്ഞ ദിവസം മറ്റത്തൂരില്‍ കൊണ്ടുവന്നത്. നിലമൊരുക്കാൻ മാത്രമല്ല ഞാറു നടാനും അനുബന്ധ പണികള്‍ക്കും ഇത് ഉപയോഗിക്കാനാവും. ഇത്തരത്തിലൊരു യന്ത്രം ഇന്ത്യയിലേക്ക് വില്പന നടത്തുന്നത് ആദ്യമാണെന്ന് നിർമാതാക്കൾ പറഞ്ഞതായി സമിതി പ്രസിഡന്റ് ജെയ്സന് പറയുന്നു.
പാടശേഖരത്തോടു ചേര്‍ന്ന് പശുഫാം ആരംഭിച്ച് ചാണകവും ഗോമൂത്രവും ഉപയോഗപ്പെടുത്തി ജൈവരീതിയില്‍ നെല്‍കൃഷി ചെയ്യാനാണ് തേവര്‍പ്പാടം ഓര്‍ഗാനിക് നെല്ലുൽപാദക സമിതിയുടെ തീരുമാനം. തൊഴിലാളി ക്ഷാമം കണക്കിലെടുത്ത് പരമാവധി കാര്‍ഷിക യന്ത്രങ്ങൾ ഉപയോഗപ്പെടുത്തിയാകും ഈ കൂട്ടായ്മ നെല്‍കൃഷിയിറക്കുന്നത്. ജൈവ കീടനാശിനി തളിക്കാൻ ഡ്രോൺ വാങ്ങാനും ഇവർ തീരുമാനിച്ചിട്ടുണ്ട്. പുതിയ ബോട്ട് ട്രാക്ടര്‍ ഉപയോഗിച്ച് നിലമൊരുക്കുന്നതിന്റെ ഉദ്ഘാടനം ഞായറാഴ്ച തേവർപ്പാടത്ത് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.