ഉപ്പുങ്ങലിനുസമീപം തകർന്ന ബണ്ട് എട്ടുമാസമായിട്ടും പുനര്‍നിര്‍മിച്ചില്ല
text_fieldsപുന്നയൂര്‍ക്കുളം: പരൂര്‍ കോള്‍പടവ് ഉപ്പുങ്ങലിനുസമീപം ബണ്ട് തകർന്നിട്ട് എട്ട് മാസം. അധികൃതരുടെ അലംഭാവത്താൽ ബണ്ട് പുനര്‍നിര്‍മിക്കാത്തത് കൃഷിക്ക് ഭീഷണിയാകുന്നു. കഴിഞ്ഞ വേനലില്‍ പണി പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച ബണ്ടാണ് ഈ വേനലിലും പൂർത്തിയാകാത്തത്.
തകർന്ന ബണ്ടിനുപകരം കർഷകർ മണ്ണ് നിറച്ച ചാക്ക് അടുക്കിയാണ് ഇപ്പോൾ താല്‍ക്കാലിക ബണ്ട് ഒരുക്കുന്നത്. ഇതുവഴി കൃഷിക്കുള്ള വാഹനങ്ങള്‍ പോലും കൊണ്ടുപോകാന്‍ പറ്റില്ല. കഴിഞ്ഞ മാര്‍ച്ച് 22നാണ് പാലത്തിനു 500 മീറ്റര്‍ മാറി വേവല്‍ പടവിനുസമീപം 30 മീറ്റര്‍ ബണ്ട് തകര്‍ന്നത്.
അടുത്തദിവസം എതിര്‍വശത്ത് പുറംകോളിലെ ബണ്ടും തകര്‍ന്നു. തോട്ടില്‍ വെള്ളമില്ലാത്തതിനാല്‍ കൃഷി നാശം ഒഴിവായെങ്കിലും കൊയ്ത്ത് സമയത്ത് ബണ്ടിലൂടെ ട്രാക്ടര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങൾ കൊണ്ടുപോകാന്‍ കഴിയാത്തത് ബുദ്ധിമുട്ടായി.
തകര്‍ന്ന ഭാഗം മഴയ്ക്ക് മുമ്പ് പൊളിച്ചുമാറ്റി പുനർനിര്‍മിക്കുമെന്ന് കെ.എല്‍.ഡി.സി അധികൃതര്‍ ഉറപ്പുനല്‍കിയെങ്കിലും പാലിച്ചില്ല. ബണ്ട് പണിയുന്നതിന്റെ ആദ്യപടിയായി ഇരുവശത്തും തെങ്ങില്‍ മുട്ടികള്‍ അടിച്ചു താഴ്ത്തല്‍ മാത്രമാണ് നടന്നത്.
ഇപ്പോഴും മണ്ണ് അടിച്ച് ബണ്ട് നിർമിക്കാമെങ്കിലും തോട്ടില്‍ വെള്ളം നിറഞ്ഞതിനാല്‍ ബണ്ടിലൂടെ ലോറി വരാന്‍ ബുദ്ധിമുട്ടാണെന്നാണ് അധികൃതര്‍ പറയുന്നത്. തോടും പാടവും വറ്റിയ ഏപ്രില്‍, മേയ് മാസങ്ങളില്‍ ബണ്ട് നിര്‍മിക്കാത്തവരാണ് ഇപ്പോള്‍ തോട്ടിലെ വെള്ളത്തെ പഴിക്കുന്നതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.