കലക്ടര്‍ ഇടപെട്ടു; തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പെര്‍ഫ്യൂഷനിസ്റ്റിനെ നിയമിക്കും
text_fieldsതൃശൂര്‍: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താല്ക്കാലികാടിസ്ഥാനത്തില് പെര്‍ഫ്യൂഷനിസ്റ്റിനെ നിയമിക്കാന്‍ തീരുമാനം. പെര്‍ഫ്യൂഷനിസ്റ്റ് ഇല്ലാത്തതിനാല്‍ ഹൃദയ ശസ്ത്രക്രിയ നിര്‍ത്തിവെച്ച സംഭവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് കലക്ടര്‍ അര്ജുന് പാണ്ഡ്യന് അടിയന്തരമായി ഇടപെടുകയായിരുന്നു. ദിവസ വേതനാടിസ്ഥാനത്തില്‍ പെർഫ്യൂഷനിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്താനുള്ള നടപടി സ്വീകരിക്കാന്‍ കലക്ടര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഇന്‍ ചാര്‍ജിന് നിർദേശം നല്കി. ഇതേതുടര്‍ന്ന് ആഗസ്റ്റ് 29ന് രാവിലെ 11ന് അഭിമുഖം നടക്കും. കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗത്തിലേക്കാണ് കാര്‍ഡിയാക്ക് പെര്‍ഫ്യൂഷനിസ്റ്റിനെ നിയമിക്കുന്നത്.
പെര്‍ഫ്യൂഷനിസ്റ്റിന്റെ അഭാവത്താൽ മെഡിക്കല്‍ കോളജില്‍ രണ്ട് ആഴ്ചയായി ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കാര്‍ഡിയോ തെറാസിക് സര്‍ജറി വിഭാഗത്തില്‍ സർവിസില്‍ ഉണ്ടായിരുന്ന ഏക പെര്‍ഫ്യൂഷനിസ്റ്റിന് വിദേശത്ത് ജോലിക്ക് പോകാന്‍ നീണ്ട അവധി അനുവദിച്ചതോടെയാണ് ശസ്ത്രക്രിയകള്‍ നിര്‍ത്തിവെക്കേണ്ടി വന്നത്. പി.എസ്.സി വഴി പെര്‍ഫ്യൂഷനിസ്റ്റിന്റെ ഒഴിവ് നികത്താനാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ നീക്കം നടത്തിയത്.
എന്നാല്‍, ഇപ്രകാരം നിയമനം പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ എടുക്കും. ഇതോടെയാണ് കലക്ടര്‍ ഇടപെട്ടത്. നിലവില്‍ ഇരുനൂറിലധികം രോഗികള്‍ക്കാണ് ഹൃദയശസ്ത്രക്രിയ ചെയ്യേണ്ടത്. ആഴ്ചയില്‍ രണ്ട് ദിവസം മാത്രമാണ് മെഡിക്കല്‍ കോളജില്‍ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകള്‍ നടക്കുന്നത്. ബി.എസ്.സി കാര്‍ഡിയാക് പെര്‍ഫ്യൂഷന്‍ ടെക്നോളജിയാണ് പെര്ഫ്യൂഷനിസ്റ്റിനുള്ള യോഗ്യത. താല്പര്യമുള്ളവര് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസില്‍ ഹാജരാകണമെന്ന് അധികൃതര്‍ അറിയിച്ചു. ഫോണ്‍: 0487 2200310.
ആരാണ് പെര്‍ഫ്യൂഷനിസ്റ്റ് ?
ഹൃദയ ശസ്ത്രക്രിയയില്‍ പ്രധാന പങ്ക് വഹിക്കുന്ന ആളാണ് പെര്‍ഫ്യൂഷനിസ്റ്റ് അഥവാ കാര്‍ഡിയാക് പെര്‍ഫ്യൂഷന്‍ സയന്റിസ്റ്റ്. ഹൃദയ ശസ്ത്രക്രിയ ചെയ്യുന്ന സമയത്ത് രോഗിയുടെ ശാരീരിക നില സാധാരണഗതിയില്‍ നിയന്ത്രിക്കാന്‍ വേണ്ടി കാര്‍ഡിയോ പൾമണറി ബൈപാസ് മെഷീന് അഥവാ ഹാര്‍ട്ട് -ലങ് മെഷീന് ഘടിപ്പിക്കും. ഈ യന്ത്രത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നവരാണ് പെര്‍ഫ്യൂഷനിസ്റ്റുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.