ദേശീയപാത: കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിൽ നഷ്ടപരിഹാര തുകക്ക് ഉടന്‍ രേഖ ഹാജരാക്കണമെന്ന് കലക്ടര്‍
text_fieldsതൃശൂർ: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുത്ത കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ വില്ലേജുകളിലുള്ളവര്‍ നഷ്ടപരിഹാര തുക ലഭിക്കുന്നതിന് നിയമാനുസൃതമായ രേഖകള്‍ ഉടന്‍ നല്‍കണമെന്ന് കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു.
ദേശീയപാത അതോറിറ്റി പ്രതിനിധികള്‍, കൊടുങ്ങല്ലൂര്‍ താലൂക്ക് സ്പെഷല്‍ തഹസില്‍ദാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ അവലോകന യോഗത്തിലാണ് കലക്ടറുടെ നിര്‍ദേശം.
ദേശീയപാത വികസനത്തിനുള്ള തുക സര്‍ക്കാരില്‍ നിന്ന് ലഭിച്ച സാഹചര്യത്തില്‍ നഷ്ടപരിഹാര തുക എത്രയും പെട്ടെന്ന് ലഭ്യമാക്കും. ഇതിന് കാലതാമസം ഉണ്ടാവുകയില്ലെന്നും കലക്ടര്‍ എസ്. ഷാനവാസ് വ്യക്തമാക്കി. ലോക്ഡൗണ്‍ സൗഹചര്യത്തില്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ ലഭ്യമാക്കുന്നതിന് സൗകര്യം ഒരുക്കും. ഇതിനായി പ്രദേശത്തെ വില്ലേജ് ഓഫീസ്, സബ് രജിസ്റ്റര്‍ ഓഫീസ് എന്നിവ തുറന്നു പ്രവര്‍ത്തിക്കുന്നതിന് പ്രത്യേക അനുമതി നല്‍കും.
ചാവക്കാട് താലൂക്കിലെ കടിക്കാട്, കടപ്പുറം, പുന്നയൂര്‍, ഒരുമനയൂര്‍, ഏങ്ങണ്ടിയൂര്‍, വാടാനപ്പള്ളി, എടക്കഴിയൂര്‍, തളിക്കുളം, നാട്ടിക വില്ലേജുകളിലെയും കൊടുങ്ങല്ലൂര്‍ താലൂക്കിലെ പെരിഞ്ഞനം, പനങ്ങാട്, പാപ്പിനിവട്ടം വില്ലേജുകളിലെയുമാണ് സ്ഥലമേറ്റെടുക്കല്‍ നടക്കുന്നത്.
നഷ്ടപരിഹാര തുക ലഭിക്കുന്നതിന് നിയമാനുസൃത രേഖകളുമായി കൊടുങ്ങല്ലൂര്‍ സ്പെഷല്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍ എ) ഓഫീസില്‍ ഹാജരാവണമെന്ന് സ്പെഷല്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍ എ) ഐ. പാര്‍വതീ ദേവി അറിയിച്ചു. യോഗത്തില്‍ ദേശീയ പാത വികസന പ്രോജക്ട് ഡയറക്ടര്‍ ജെ. ബാലചന്ദര്‍, ആര്‍.ഡി.ഒ പ്രോജക്ട് മാനേജര്‍ ബിപിന്‍ മധു, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.