വിജിലൻസിന് നൽകിയ പരാതി പൊലീസിന് തന്നെ കൈമാറി; അന്വേഷണ ചുമതല ആരോപണ വിധേയനായ ഉദ്യോഗസ്ഥന്
text_fieldsതൃശൂർ: ദേശീയപാതയിലെ മരണങ്ങളിൽ കേസെടുക്കാതെ പരാതിക്കാരെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും മടക്കുന്നത് സംബന്ധിച്ച് പൊലീസിനെതിരെ വിജിലൻസിന് നൽകിയ പരാതി അന്വേഷിക്കാൻ ആരോപണ വിധേയനായ പൊലീസുദ്യോഗസ്ഥനെത്തന്നെ ചുമതലപ്പെടുത്തി ആഭ്യന്തര വകുപ്പ്. ആരോപണ വിധേയനെത്തന്നെ അന്വേഷണച്ചുമതല ഏൽപിച്ചത് കേസ് അട്ടിമറിക്കാനാണെന്നും തെളിവുകൾ കൈമാറില്ലെന്നും പരാതിക്കാരൻ പൊലീസിനെ അറിയിച്ചു.
മനുഷ്യാവകാശ കമീഷനെയും ഹൈകോടതിയെയും സമീപിക്കുമെന്നും പരാതിക്കാരൻ പറഞ്ഞു. മണ്ണുത്തി -വടക്കഞ്ചേരി ആറുവരി ദേശീയപാതയിൽ ട്രാഫിക് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയും റോഡിലെ കുഴി മൂലവും സംഭവിക്കുന്ന വാഹന അപകടങ്ങളിൽ പരിക്കേറ്റവരും മരിച്ചവരുടെ ബന്ധുക്കളും സന്നദ്ധ സംഘടനകളും നൽകുന്ന പരാതികളിൽ നാഷനൽ ഹൈവേ അതോറിറ്റിക്കും റോഡ് നിർമാണ കമ്പനിക്കും എതിരെ കേസെടുക്കാതെ ദേശീയപാത അധികൃതരെ സംരക്ഷിക്കുന്നതിന് വാഹനം ഓടിച്ചവരുടെ അശ്രദ്ധ മൂലമാണ് അപകടങ്ങൾ എന്നു വരുത്തി പരാതിക്കാരെ ഭീഷണിപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്യുന്നുവെന്ന് കാണിച്ച് മണ്ണുത്തി പൊലീസിനെതിരെയായിരുന്നു പരാതി.
ദേശീയപാത അധികൃതരുടെ അപകടകരമായ റോഡ് പരിപാലനം മൂലം ആവർത്തിച്ച് അപകടങ്ങളും മരണങ്ങളും ഉണ്ടായിട്ടും കേന്ദ്ര മോട്ടോർ വെഹിക്കിൾ 198എ പ്രകാരം അപകടസാധ്യത ഉണ്ടായാൽ പോലും കേസെടുക്കാമെന്ന് നിയമവ്യവസ്ഥയുള്ളപ്പോൾ അത് ചെയ്യാതെ പ്രതികളെ സംരക്ഷിക്കുകയായിരുന്നുവെന്നാണ് പരാതി. ഇതു സംബന്ധിച്ച് തെളിവ് സഹിതം പൊലീസിന് നൽകിയ പരാതിയിൽ പരാതിക്കാരെ വിളിച്ച് ഭീഷണിപ്പെടുത്തിയ പൊലീസ് ദേശീയപാത അതോറിറ്റി അധികൃതരെയോ കരാർ കമ്പനിയെയോ വിളിച്ച് അന്വേഷിച്ചില്ലെന്ന് പരാതിയിൽ ആരോപിക്കുന്നു. ഇതേതുടർന്നാണ് വിജിലൻസിന് പരാതി നൽകിയത്.
മണ്ണുത്തി സ്റ്റേഷൻ ഇൻസ്പെക്ടർക്കെതിരെ വിജിലൻസ് ഡയറക്ടർക്കാണ് വിവരാവകാശ സംഘടനയായ നേർക്കാഴ്ച അസോസിയേഷൻ ചെയർമാൻ പി.ബി. സതീഷ് പരാതി നൽകിയത്. വിജിലൻസ് പരാതി ആഭ്യന്തരവകുപ്പിന് കൈമാറി. ആഭ്യന്തരവകുപ്പ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി കൈമാറി. അവിടെനിന്നാണ് സിറ്റി പൊലീസ് കമീഷണറിൽനിന്ന് വിശദീകരണം തേടിയത്. പരാതി ലഭിച്ചതോടെ വിഷയത്തിൽ ആരോപണ വിധേയനായ മണ്ണുത്തി പൊലീസ് ഇൻസ്പെക്ടർ ശശിധരൻ പിള്ളയോടുതന്നെയാണ് അന്വേഷിക്കാൻ ഉത്തരവിട്ടത്.
അന്വേഷണത്തിന്റെ ഭാഗമായി മൊഴിയെടുക്കാനും തെളിവ് ശേഖരണത്തിനുമായി പരാതിക്കാരന് നോട്ടീസ് ലഭിച്ചപ്പോഴാണ് ആരോപണ വിധേയനെത്തന്നെ കേസ് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയത് അറിഞ്ഞത്. കുറ്റാരോപിതൻതന്നെ കേസ് അന്വേഷിക്കുന്നത് നിയമവിരുദ്ധവും പരാതിക്കാരനെ പരിഹസിക്കുന്നതിനും തുല്യമാണെന്നും ആരോപണ വിധേയൻ നടത്തുന്ന അന്വേഷണത്തോട് തെളിവുകൾ കൈമാറാൻ കഴിയില്ലെന്നും മൊഴി നൽകിയതായി സതീഷ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.