നായരങ്ങാടിയിലെ മത്സ്യമാർക്കറ്റ് നിർമാണം അനിശ്ചിതത്വത്തിൽ
text_fieldsവടക്കേക്കാട്: നായരങ്ങാടിയിലെ ആധുനിക മത്സ്യമാർക്കറ്റ് നിർമാണം അനിശ്ചിതത്വത്തിൽ. പദ്ധതിയിൽ പാഴായത് 22 ലക്ഷം. നായരങ്ങാടി സെന്ററില്‍ വടക്കേക്കാട് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിനു സമീപം പ്രവര്‍ത്തിച്ചിരുന്ന മത്സ്യമാര്‍ക്കറ്റാണ് ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ശുചിമുറി സമുച്ചയവും പുതിയ മത്സ്യമാർക്കറ്റും പണിയാൻ മാസങ്ങള്‍ക്ക് മുമ്പ് പൊളിച്ചത്. ഇതോടെ ഇവിടെയുണ്ടായിരുന്ന മത്സ്യ മാർക്കറ്റ് റോഡരികിലേക്ക് മാറ്റി.
അർബൻ മിഷൻ ഫണ്ട് ഉപയോഗിച്ചാണ് ആധുനിക മത്സ്യ മാർക്കറ്റ് നിർമിക്കാൻ പദ്ധതിയൊരുക്കിയത്. എന്നാൽ, മൂന്നു വർഷം മുമ്പ് ആരംഭിച്ച പദ്ധതി മുഴുവനായി നിലച്ച അവസ്ഥയാണിപ്പോൾ. ആധുനിക മീൻമാർക്കറ്റിനും ശുചിമുറി സമുച്ചയത്തിനുമായി അർബൻ മിഷൻ 27 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്.
നിർമാണ ചുമതലയുണ്ടായിരുന്ന നിർമിതി കേന്ദ്രത്തിന് 5.17 ലക്ഷം അഡ്വാൻസ് നൽകുകയും ചെയ്തു. എന്നാൽ, നിബന്ധനയനുസരിച്ച് മൂന്ന് വർഷമായിട്ടും പണി ആരംഭിക്കാത്തതിനാൽ നിർമിതിയുമായുള്ള കരാർ റദ്ദായി.
നിർമിതിക്ക് അഡ്വാൻസ് നൽകിയ തുക ഉപയോഗിച്ച് ഇടിച്ചു നിരത്തിയ മാർക്കറ്റിന് പകരം ഷീറ്റ് മേഞ്ഞ താൽക്കാലിക മുറികൾ പണിതു നൽകാനാണ് പദ്ധതി. ഉദ്യോഗസ്ഥരുടെയും ഭരണ സമിതിയുടെയും അനാസ്ഥയാണ് ഫണ്ട് നഷ്ടപ്പെടാൻ കാരണമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
നിലവിലെ സ്ഥലത്ത് ആധുനിക മീന്‍ മാര്‍ക്കറ്റ് നിർമിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും അതിനാലാണ് പൊളിച്ച കെട്ടിടത്തിന് പകരം താൽക്കാലികമായി ഷീറ്റ് മേഞ്ഞ മുറികള്‍ പണിയുന്നതെന്നുമെന്നാണ് അധികൃതർ പറയുന്നത്.
പിന്നീട് മാര്‍ക്കറ്റും കടമുറികളും അടങ്ങിയ ഷോപ്പിങ് കോംപ്ലക്സ് നിലവിലെ പഞ്ചായത്ത് കെട്ടിടം നിൽക്കുന്നിടത്തേക്ക് മാറ്റുമെന്നും ഇപ്പോഴുള്ള മാർക്കറ്റും ഷോപ്പിങ് കോംപ്ലക്സ് കെട്ടിടവും നവീകരിച്ച് അവിടെ പഞ്ചായത്ത് ഓഫിസും മറ്റു അനുബന്ധ സ്ഥാപനങ്ങളും പ്രവര്‍ത്തിപ്പിക്കുമെന്നുമാണ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.