ജനരോഷം ആളിക്കത്തി; ചിറങ്ങരയിൽ കരാർ കമ്പനി ചലിച്ചു
text_fieldsകൊരട്ടി: ദേശീയപാതയിൽ സമീപകാലത്ത് വലിയ അപകടമേഖലയായി മാറിയ ചിറങ്ങരയിൽ അടിയന്തരമായി ടാറിങ് പൊളിച്ചുപണിതു. ഈ ഭാഗത്തെ ടാറിങ് യന്ത്ര സംവിധാനങ്ങൾ കൊണ്ടുവന്ന് പൊളിച്ചുനീക്കുകയും പകരം ടാറിടുകയുമാണ് ചെയ്തത്. അപകടങ്ങൾ പെരുകിയതോടെ കരാർ കമ്പനിക്കെതിരെ ജനരോഷം ആളിക്കത്തിയിരുന്നു. ചിറങ്ങര സിഗ്നൽ ജങ്ഷന് സമീപത്തെ വളവിലാണ് അശാസ്ത്രീയമായ ടാറിങ് മൂലം നാളുകളായി അപകടങ്ങൾ പെരുകിയത്.
ഈ ഭാഗത്ത് ടാറിങ് ഉരുകി റോഡിൽ തിണ്ടുകളായി രൂപം കൊണ്ടതും ടാറിങ്ങ് അടർന്ന് കുഴികൾ രൂപം കൊണ്ടതുമാണ് പ്രധാനമായും അപകടക്കെണിയൊരുക്കിയത്. ഇരുചക്രവാഹനങ്ങൾ തെന്നി വീഴുന്നതും വാഹനങ്ങൾ നിയന്ത്രണം തെറ്റി കൂട്ടിയിടിക്കുന്നതും പതിവായിരുന്നു. ഇതോടെ റോഡ് അപകടരഹിതമാക്കണമെന്നും അല്ലാത്ത പക്ഷം ഹൈകോടതി ഇടപെട്ട് ടോൾപിരിവ് നിർത്തണമെന്നും ആവശ്യപ്പെട്ട് ജനങ്ങൾ പ്രതിഷേധിച്ചിരുന്നു. മണ്ണുത്തി മുതൽ ഇടപ്പള്ളി വരെ ഇത്തരത്തിലുള്ള ടാറിങ് വൈകല്യം അപകടങ്ങൾക്ക് കാരണമാകുന്നതായും ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ച് രണ്ടുദിവസം മുമ്പ് സാമൂഹിക പ്രവർത്തകൻ ജയൻ ജോസഫ് പട്ടത്ത് ഒറ്റയാൾ ഉപവാസം നടത്തുകയും ചെയ്തു. ഇവിടെ പെരുകുന്ന അപകടത്തെക്കുറിച്ച് ‘മാധ്യമ’വും റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.