പൊലീസ് സ്ഥാപിച്ച സിഗ്നലുകൾ കോർപറേഷൻ നീക്കും
text_fieldsതൃശൂര്‍: സ്വരാജ് റൗണ്ടിലും നഗരപ്രദേശത്തും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ അനുമതിയില്ലാതെ സ്ഥാപിച്ച സിഗ്നല്‍ ലൈറ്റുകളും പരസ്യബോര്‍ഡുകളും ഒഴിവാക്കാൻ കോർപറേഷൻ കൗൺസിൽ തീരുമാനം. സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുന്നത് മേയറുടെ മൗനാനുവാദത്തോടെ ആണെന്നും പരസ്യത്തിന്റെ മറവിൽ അഴിമതി ലക്ഷ്യമിട്ടാണെന്നും പ്രതിപക്ഷ കക്ഷി നേതാവ് രാജൻ പല്ലനും ജോൺ ഡാനിയേലും ആരോപണമുന്നയിച്ചു.
ഇതേ തുടർന്ന് മേയർ വിശദീകരണം നൽകി. കോർപറേഷന് പൊലീസ് കത്ത് നൽകിയിട്ടുണ്ടെന്നും ചർച്ച ചെയ്യുന്നതിന് മുമ്പ് സിഗ്നലുകൾ സ്ഥാപിക്കുകയായിരുന്നുവെന്നും അറിയിച്ചു. ഇതോടെയാണ് സിഗ്നലുകൾ നീക്കാനും നടപടിക്രമങ്ങളുടെ ഭാഗമായി ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തി ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കാനും ആവശ്യമെങ്കില്‍ സര്‍ക്കാര്‍ അനുമതി ലഭ്യമാക്കാനും തീരുമാനിച്ചത്.
ഡിസംബറോടെ സംസ്ഥാനത്തെ ആദ്യ മാലിന്യമുക്ത കോര്‍പറേഷനാകാൻ ലക്ഷ്യമിടുന്ന വിവിധ പദ്ധതികള്‍ക്ക് കൗണ്‍സില്‍ അംഗീകാരം നല്കി. ശക്തനിലെ മാലിന്യം വേര്‍തിരിച്ച് 300 ടണ്ണോളം അജൈവ മാലിന്യം നീക്കം ചെയ്യുന്ന നടപടികള്‍ മേയർ കൗൺസിലിൽ വിശദീകരിച്ചു. മഴക്കാലത്തിനു മുമ്പായി ക്ലീന്‍ കേരള കമ്പനിക്ക് ബാക്കിയുള്ള അജൈവമാലിന്യം നല്‍കുന്നതിനുള്ള നടപടി പൂര്‍ത്തീകരിക്കുമെന്ന് മേയർ അറിയിച്ചു.
വഞ്ചിക്കുളം ടൂറിസം പദ്ധതിയുടെ ഭാഗമായി ആധുനിക രീതിയിലുള്ള വൈദ്യുതി കാലുകള്‍ സ്ഥാപിച്ച് അലങ്കാര ലൈറ്റുകള്‍ പ്രകാശിപ്പിക്കുന്നതിനും ഉള്‍പ്പെടെ 69 അജണ്ടകളില്‍ അഞ്ച്, 13, 28, 29, 37, 49 എന്നീ അജണ്ടകള്‍ ഒഴികെ ബാക്കി അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.