അന്താരാഷ്ട്ര നാടകോത്സവത്തിന് തിരശ്ശീല വീണു
text_fieldsതൃശൂർ: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച പതിനാലാമത് അന്താരാഷ്ട്ര നാടകോത്സവം ‘ഇറ്റ്ഫോക് 2024’ന് സമാപനം. വൈകീട്ട് 5.30ന് കെ.ടി.എം തിയറ്ററിന് മുന്നിലെ വേദിയിൽ നടന്ന സമാപന സമ്മേളനം റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.
കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, നാടക സംവിധായകൻ ലെനേഴ്സൺ പൊളോനിനി എന്നിവർ മുഖ്യാതിഥികളായി. പി. ഭാസ്കരന്റെ സ്മരണാർഥം ഇറക്കുന്ന ഈ മാസത്തെ അക്കാദമി മാസിക ‘കേളി’ പ്രേംകുമാർ അക്കാദമി വൈസ് ചെയർമാൻ പുഷ്പവതിക്ക് കൈമാറി പ്രകാശനം ചെയ്തു. ഇറ്റ്ഫോക് ഫെസ്റ്റിവൽ ഡയറക്ടർ ബി. അനന്തകൃഷ്ണൻ നാടകോത്സവം സമാഹരിച്ചു സംസാരിച്ചു.
അമച്വർ നാടകരംഗത്ത് രംഗ ശിൽപ സംവിധാനത്തിൽ ദീർഘകാലം പ്രവർത്തിച്ച കലാകാരന്മാർക്ക് സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ ചിറയിൻകീഴ് ഡോ. ജി. ഗംഗാധരൻനായർ മെമ്മോറിയൽ പുരസ്കാരം ഡോ. സാംകുട്ടി പട്ടങ്കിരിക്ക് മന്ത്രി സമ്മാനിച്ചു. പുരസ്കാരദാന ചടങ്ങിൽ അക്കാദമി വൈസ് ചെയർമാൻ പി.ആർ. പുഷ്പവതി, കാഞ്ചന ജി. നായർ എന്നിവർ വിശിഷ്ട സാന്നിധ്യമായി. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി സ്വാഗതമാശംസിച്ചു. തിയേറ്റർ ശിൽപശാലയിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ദൃശ്യവിരുന്നിന് കൊടിയിറക്കം
തൃശൂർ: ലോക കാഴ്ചയുടെ ജാലകങ്ങൾ തുറന്നിട്ട അന്താരാഷ്ട്ര നാടകോത്സവത്തിന് സമാപനം. ഒമ്പതിന് മാട്ടി കഥ, അപത്രിദാസ് നാടകങ്ങളുടെ പ്രദർശനത്തിൽ തുടങ്ങിയ നാടകോത്സവം വെള്ളിയാഴ്ച വൈകീട്ട് ഏഴിന് അരങ്ങേറിയ പാപ്പിസോറ നാടകത്തോടെയാണ് സമാപനമായത്.
ഇറ്റലി, ഇസ്രായേൽ, ബംഗ്ലാദേശ്, ബ്രസീൽ, തുനീഷ്യ, ചിലി, ഫിൻലാൻഡ് എന്നിവിടങ്ങളിൽനിന്നുള്ള ശ്രദ്ധേയ നാടകങ്ങൾ അരങ്ങിലെത്തി. വ്യത്യസ്ത രാഷ്ട്രീയ തുറകളിൽനിന്നുള്ള നാടകങ്ങൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഉദ്ഘാടന ചിത്രമായ അപത്രിദാസ് ഗ്രീക്ക് പുരാണങ്ങളിലെ പ്രധാന കഥാപാത്രങ്ങളെ അണിനിരത്തിയുള്ളതായിരുന്നു.
അവസാന ദിവസങ്ങളിൽ അരങ്ങിലെത്തിയ ‘ഹൗ ടു മേക് റെവല്യൂഷൻ’ എന്ന ഇസ്രായേൽ നാടകം ഏറെ ശ്രദ്ധപിടിച്ചുപറ്റി. താൻ ഇസ്രായേലി ജൂതയാണെങ്കിലും പരിപൂർണമായും ഫലസ്തീനൊപ്പമാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സംവിധായിക എയ്നാത്ത് വെയ്സ്മാൻ അരങ്ങിലെത്തിയതുതന്നെ. ബംഗളൂരുവിൽനിന്നുള്ള ‘ഖബീല’ നാടക സംഘം അവതരിപ്പിച്ച ഡിജിറ്റൽ നാടകമായ ‘ഹൗ ലോങ് ഈസ് ഫെബ്രുവരി’ പൗരത്വ പ്രക്ഷോഭത്തെ തുടർന്ന് ഭരണകൂട ഒത്താശയോടെ അരങ്ങേറിയ ഡൽഹി കലാപം 15 വർഷങ്ങൾക്കുശേഷം എങ്ങനെ സമൂഹം നോക്കിക്കാണും എന്നതിന്റെ പരീക്ഷണമായിരുന്നു.
സമകാലിക നാടകങ്ങൾ കോവിഡാനന്തര നാടകങ്ങളായി രേഖപ്പെടുത്തപ്പെടും -മല്ലിക തനേജ
തൃശൂർ: കോവിഡിന് ശേഷം ലോകജനത സംസാരിക്കുന്നത് മനുഷ്യനുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ചും മരണങ്ങളെക്കുറിച്ചുമാണെന്ന് നാടക പ്രവർത്തക മല്ലിക തനേജ. 2024ൽ ഇറ്റ്ഫോക്കിൽ പ്രദർശനം നടത്തിയ നാടകങ്ങളടക്കമുള്ള സമകാലിക നാടകങ്ങളെ കോവിഡാനന്തര നാടകങ്ങളായി ലോകം രേഖപ്പെടുത്തുമെന്നും പറഞ്ഞു. അന്താരാഷ്ട്ര നാടകോത്സവത്തിലെ നാടക സംവിധായകരുമായുള്ള മുഖാമുഖത്തിൽ ‘ഡു യൂ നോ ദി സോങ്’എന്ന തന്റെ നാടകത്തെ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അവർ.
‘ഡു യു നോ ദി സോങ്‘, ‘ഹൗ ലോങ് ഈസ് ഫെബ്രുവരി’എന്നീ നാടകങ്ങളുടെ സംവിധായകരും സംഘവുമാണ് പങ്കെടുത്തത്. തിയറ്റർ കണക്ട് എന്ന സംഘടന സ്ഥാപകനും നാടക പ്രവർത്തകനുമായ കേശവനാണ് മല്ലിക തനേജയുമായുള്ള സംഭാഷണത്തിന് നേതൃത്വം നൽകിയത്. വർഷങ്ങൾക്കുശേഷം അന്താരാഷ്ട്ര നാടകോത്സവത്തിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചുള്ള അനുഭവങ്ങൾ മല്ലിക പങ്കുവെച്ചു. നാടകത്തിലുടനീളം നിറഞ്ഞുനിന്ന ‘സോജാരേ...’എന്ന സംഗീത ശകലം ആലപിച്ചാണ് മുഖാമുഖം സമാപിച്ചത്.
ഖബീല നാടക സംഘം ഒരുക്കിയ ‘ഹൗ ലോങ് ഇസ് ഫെബ്രുവരി’യുടെ സംവിധായിക നിഷ അബ്ദുല്ലയും സംഘവും നാടകത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തെയും സമകാലീന പ്രസക്തിയെയും കുറിച്ചാണ് സംസാരിച്ചത്. സ്കൂൾ ഓഫ് ഡ്രാമ അസിസ്റ്റന്റ് പ്രഫസർ വിനോദ് നാരായണൻ നേതൃത്വം വഹിച്ച സദസ്സിൽ തിരശ്ശീലക്കും നൃത്തത്തിനുമിടയിലെ നാടകീയത സംവിധായിക വിശദീകരിച്ചു. ന്യൂനപക്ഷവിഭാഗത്തിൽനിന്നുള്ള വനിതയാണ് താനെന്നും സത്യം വിളിച്ചു പറയാൻ ഏതു മാർഗവും സ്വീകരിക്കാൻ തയാറെന്നും നിഷ വ്യക്തമാക്കി. സമകാലിക ഹിന്ദുത്വ രാഷ്ട്രത്തിൽ സ്ത്രീയുടെ സ്ഥാനത്തെ നാടകത്തിൽ ആവിഷ്കരിച്ച രീതിയെ കുറിച്ച് നിഷ ചർച്ചയിൽ പ്രതിപാദിച്ചു.
സമഗ്ര കവറേജ്: ‘മാധ്യമ’ത്തിന് പുരസ്കാരം
തൃശൂർ: ‘ഇറ്റ്ഫോക് 2024’ൽ സമഗ്ര കവറേജിനുള്ള പുരസ്കാരം ‘മാധ്യമ’ത്തിന്. സെക്രട്ടറി കരിവെള്ളൂർ മുരളിയാണ് മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച റിപ്പോർട്ടർക്കുള്ള പരസ്കാരം ‘ദി ഹിന്ദു’ വിലെ മിനി മുരിങ്ങത്തേരിക്കാണ്. കേരള കൗമുദിയിലെ അമൽ സുരേന്ദ്രൻ മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരം നേടി. മികച്ച ടി.വി ചാനൽ പുരസ്കാരം 24 ന്യൂസിലെ റിപ്പോർട്ടർ സൂരജ് സജിയും റേഡിയോ സ്ഥാപനത്തിനുള്ള അവാർഡ് ഹലോ റേഡിയോക്കും റേഡിയോ റിപ്പോർട്ടർ പുരസ്കാരം എം.കെ. കണ്ണനും ലഭിച്ചു. മികച്ച ഓൺലൈൻ മാധ്യമത്തിനുള്ള പുരസ്കാരത്തിന് മീഡിയ വൺ റിപ്പോർട്ടർ സക്കീർ ഹുസൈൻ അർഹനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.