യുവാവിന്റെ മരണത്തിൽ ദുരൂഹത; സത്യാവസ്ഥ തേടി കുടുംബം
text_fieldsകാഞ്ഞാണി: പോളണ്ടിൽ ജോലിക്ക് പോയി ദുരൂഹ സാഹചര്യത്തിൽ മരിച്ച പെരിങ്ങോട്ടുകര സ്വദേശിയായ യുവാവിന്റെ മരണത്തിന്റെ സത്യാവസ്ഥ തേടി കുടുംബം. സാധാരണ മരണം എന്ന രീതിയിൽ വിധിയെഴുതി പോസ്റ്റ്മോർട്ടം ചെയ്യാതെ കയറ്റിയയച്ച ആഷിക് രഘു എന്ന യുവാവിന്റെ മൃതദേഹം സംശയം തോന്നിയ പിതാവ് നാട്ടിൽ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയപ്പോൾ തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് കണ്ടെത്തി.
സുഹൃത്തുക്കൾക്കൊപ്പം നടന്ന ആഘോഷത്തിൽ ഉണ്ടായ പ്രശ്നങ്ങളാണ് ഇതിന് പിന്നിലെന്നും ഇവരെ വിശദമായി ചോദ്യം ചെയ്ത് മകന്റെ ജീവൻ നഷ്ടപ്പെട്ടത് എങ്ങനെയെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് ഇന്ത്യൻ എംബസിയിൽ അപേക്ഷ നൽകിയിട്ടും മറുപടി ലഭിച്ചിട്ടില്ല.
പെരിങ്ങോട്ടുകര സ്വദേശികളായ അമ്പാട്ട് വീട്ടിൽ അഭിലാഷ് -ബിന്ദു ദമ്പതികളുടെ മകനാണ് മരിച്ച ആഷിക് രഘു. ഒരു വർഷം മുമ്പ് അയൽവാസിയായ യുവാവ് മുഖേനയാണ് ആഷിക് പോളണ്ടിലെത്തിയത്. തുടക്കത്തിൽ റസ്റ്റാറന്റിൽ ജീവനക്കാരനായിരുന്നു.
തുടർന്ന് ജർമനിയിൽ കുറച്ചുനാൾ നിന്നെങ്കിലും തിരികെ പോളണ്ടിലെത്തി. പഴവർഗങ്ങൾ പാക്ക് ചെയ്യുന്ന കമ്പനിയിൽ പാക്കിങ് വിഭാഗത്തിൽ ജോലി തുടങ്ങി. മരിക്കുന്നതിന് ഏതാനും മാസം മുമ്പ് ആഷിക് ഫുഡ് ഡെലിവറി ചെയ്യുന്ന ജോലി തുടങ്ങി. മലയാളികളായ രണ്ടു സുഹൃത്തുക്കൾക്കൊപ്പമാണ് ആഷിക്
താമസിച്ചിരുന്നത്. ഏപ്രിൽ ഒന്നിന് ആഷിക് മരിച്ചതായി വീട്ടിൽ സന്ദേശമെത്തി. താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി എന്നാണ് സുഹൃത്തുക്കൾ ആദ്യം പറഞ്ഞത്. ഇതുപ്രകാരം സ്വാഭാവിക മരണം എന്ന് പോളണ്ടിലെ പ്രോസിക്യൂട്ടർ വിധിയെഴുതി പോസ്റ്റ്മോർട്ടം നടത്താതെ മൃതദേഹം കയറ്റിയയക്കാനുള്ള കാര്യങ്ങൾ ചെയ്തു.
ഇതിനിടെ ആഷിക്കിന്റെ സുഹൃത്തുക്കളുടെ മൊഴിയിൽ വൈരുധ്യം കണ്ട പിതാവ് മൃതദേഹം നാട്ടിലെത്തുമ്പോൾ പോസ്റ്റ്മോർട്ടം ചെയ്യാനായി പൊലീസിൽ അപേക്ഷ നൽകി. ആഷിക്കിന്റെ മരണം നടന്ന ദിവസം ഏഴ് സുഹൃത്തുക്കൾ ചേർന്ന് പാർട്ടിയിൽ പങ്കെടുത്തതായും അവസാനം ഇവർ തമ്മിൽ പ്രശ്നങ്ങൾ നടന്നതായും സുഹൃത്തുക്കൾ മാറ്റിപ്പറഞ്ഞെന്ന് കുടുംബം ആരോപിക്കുന്നു.
12ന് നാട്ടിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ അഞ്ചിടത്തായി പരിക്കുകളും കണ്ടെത്തി. റീ പോസ്റ്റ്മോർട്ടം സാധ്യത കണക്കിലെടുത്ത് ദഹിപ്പിക്കുന്നതിനു പകരം ആഷിക്കിന്റെ മൃതദേഹം ലാലൂരിൽ മറവ് ചെയ്യുകയാണ് ചെയ്തിട്ടുള്ളത്.
മകന്റെ ദുരൂഹ മരണത്തിന്റെ പിന്നിലെ സത്യാവസ്ത സുഹൃത്തുക്കൾക്ക് അറിയാമെന്നാണ് ഈ കുടുംബം ഉറച്ചുവിശ്വസിക്കുന്നത്. പോസ്റ്റ്മോർട്ടം ഒഴിവാക്കി മൃതദേഹം കയറ്റിയയച്ചതോടെ ആഷിക്കിന്റെ മരണത്തിന് ഉത്തരവാദികൾ ആയവർ ഒരു തിരശ്ശീലക്കപ്പുറം ഉണ്ടെന്നും അവരെ കണ്ടെത്തണമെന്നുമാണ് കുടുംബം ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.