കൊലയാളിയാനയെ കൂട്ടിലടക്കണമെന്ന ആവശ്യം ശക്തം
text_fieldsകേളകം: ആറളത്തും സമീപ പ്രദേശങ്ങളിലും പത്തോളം പേരെ വകവരുത്തിയ കൊലയാളി മോഴയാനയെ മയക്കുവെടി വെച്ച് പിടിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
കുറെ വർഷങ്ങളായി ആറളം പുനരധിവാസ മേഖലകളിലും അതിർത്തി പ്രദേശങ്ങളിലും വ്യാപക കൃഷിനാശമുണ്ടാക്കുകയും നിരവധി ആളുകളെ ആക്രമിക്കുകയും വകവരുത്തുകയും ചെയ്ത മോഴയാനയെ മുമ്പ് ചുള്ളിക്കൊമ്പനെ പിടിച്ചതുപോലെ പിടിച്ച് പ്രദേശത്തുനിന്ന് ഒഴിവാക്കണമെന്നാണ് പ്രദേശവാസികളും ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ദിവസം ഫാമിലെ കാളികയം വാസുവിനെയും കൊലപ്പെടുത്തിയത് മോഴയാനയാണെന്നാണ് വനം വകുപ്പിന്റെയും സ്ഥിരീകരണം. ആറളത്തെ ആയിരക്കണക്കിന് പുനരധിവാസ കുടുംബങ്ങൾക്കും ഭീഷണിയാണ് കൊലയാളി മോഴയാന.
ആക്രമണ സ്വഭാവമുള്ള ഈ കാട്ടാനയെ എത്രയും പെട്ടെന്ന് മയക്കുവെടി വെച്ച് പിടിച്ച് കൂട്ടിലാക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. വർഷങ്ങൾക്ക് മുമ്പ് ഇത്തരത്തിൽ ഭീതിപരത്തിയ ചുള്ളിക്കൊമ്പൻ എന്ന ആനയെ ആറളം ഫാമിൽനിന്ന് മയക്കുവെടി വെച്ച്, കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടി മുത്തങ്ങയിലേക്ക് മാറ്റിയിരുന്നു.
ശല്യക്കാരായ കാട്ടാനകളെ മയക്കുവെടി വെച്ച് പിടികൂടി മറ്റൊരിടത്തേക്ക് മാറ്റാൻ വനം-വന്യജീവി വകുപ്പ് ചട്ടങ്ങളിൽ വ്യവസ്ഥ നിലനിൽക്കെയാണ് ആറളം ഫാമിൽ കൊലയാളിയാന മനുഷ്യജീവിതങ്ങൾ ചവിട്ടിമെതിക്കുന്നത് തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.