ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിട്ട ആനയെ ഉത്സവത്തിന് എഴുന്നള്ളിച്ചു
text_fieldsതൃശൂർ: ആനചികിത്സ കേന്ദ്രത്തിലേക്ക് മാറ്റാൻ സുപ്രീംകോടതി നിർദേശിച്ച കൊമ്പൻ ഊട്ടോളി പ്രസാദിനെ അനധികൃതമായി ഉത്സവത്തിന് എഴുന്നള്ളിച്ചതായി പരാതി. തൃക്കാർത്തിക ആഘോഷത്തോടനുബന്ധിച്ച് ഊരകം ക്ഷേത്രത്തിലാണ് രാവിലെയും ഉച്ചകഴിഞ്ഞുമായി എഴുന്നള്ളിച്ചതെന്നാണ് വനംവകുപ്പിന് ഹെറിറ്റേജ് അനിമൽ ടാസ്ക്ഫോഴ്സ് നൽകിയ പരാതിയിലുള്ളത്. ആനയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും കാലിന് തളർച്ചയുണ്ടെന്നുമടക്കം കണ്ടെത്തി ചികിത്സയുടെ ഭാഗമായാണ് കോടനാട് ആനചികിത്സ കേന്ദ്രത്തിലേക്ക് മാറ്റാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഒരുമാസം മുമ്പ് ഉത്തരവിട്ടത്.
ആനകളെ കൊണ്ടുപോകാനായി സുപ്രീംകോടതി നിർദേശപ്രകാരം രൂപവത്കരിച്ച ഹൈപവേഡ് കമ്മിറ്റിയുടെ നിർദേശപ്രകാരമായിരുന്നു ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഊട്ടോളി പ്രസാദിനെ ഏറ്റെടുക്കാൻ ഉത്തരവിട്ടത്. എഴുന്നള്ളിപ്പുകളിലോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കരുതെന്നതടക്കം കർശന നിർദേശം ഉത്തരവിലുണ്ടായിരുന്നു. എന്നാൽ, ഇത് ധിക്കരിച്ചാണ് എഴുന്നള്ളിപ്പിൽ പങ്കെടുപ്പിച്ചത്. സർക്കാർ ഉത്തരവിന് പിന്നിൽ ആനയെ ഗുജറാത്തിലേക്ക് കടത്താനുള്ള നീക്കമാണെന്നും ആന ഉടമ സംഘടനനേതാവിന്റെ പ്രതികാര നടപടിയാണെന്നും ആരോപിച്ച് ഉടമ ഊട്ടോളി കൃഷ്ണൻകുട്ടി രംഗത്ത് വന്നുവെങ്കിലും അടുത്തദിവസംതന്നെ ആനയെ ഗുജറാത്തിലേക്ക് ചികിത്സക്ക് കൊണ്ടുപോകുന്നതിന് വനംവകുപ്പിനോട് അനുമതി തേടിയ കത്തും വനംവകുപ്പിന്റെ അന്വേഷണ റിപ്പോർട്ടും പുറത്തുവന്നതോടെ ആരോപണം തിരിച്ചടിച്ചിരുന്നു.
പിന്നാലെ ആനയെ വിൽക്കാൻ ഇടനിലക്കാരനുമായി വില പേശുന്ന ഫോൺ സംഭാഷണവും പുറത്തുവന്നതും വിവാദമായി. രാജ്യത്ത് ആനക്കടത്തും ആനക്കൈമാറ്റവും വിൽപനയും പാടില്ലെന്നിരിക്കെയായിരുന്നു വിൽക്കാനുള്ള ശ്രമം. എഴുന്നള്ളിക്കാൻ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, കലക്ടർ ചെയർമാനായുള്ള നാട്ടാന നിരീക്ഷണ സമിതിയുടെ അനുമതി, പൊലീസ്, വനംവകുപ്പ് അനുമതികളെല്ലാം വേണം. ചികിത്സക്കായി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിട്ട ആനക്ക് ഈ അനുമതികളൊന്നും നൽകാനാവില്ല. കർശന നിയമനടപടിയുണ്ടാവണമെന്നും അടിയന്തരമായി ആനയെ ഏറ്റെടുത്ത് ചികിത്സ ലഭ്യമാക്കണമെന്നും ഹെറിറ്റേജ് അനിമൽ ടാസ്ക്ഫോഴ്സ് ആവശ്യപ്പെട്ടു. 30 വർഷം മുമ്പുണ്ടായ പരിക്കാണ് പ്രസാദിന്റെ കാലിലെ വളവിന് കാരണമായത്. ഇത് രൂക്ഷമാവുന്നുവെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് ചികിത്സക്കായി ഏറ്റെടുക്കാൻ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ നിർദേശപ്രകാരം സർക്കാർ ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.