ദുരൂഹ സാഹചര്യത്തിൽ ദുബൈയിൽ മരിച്ച ഷബ്നയുടെ കുടുംബം നീതിക്കായി കാത്തിരിക്കുന്നു
text_fields
അഴീക്കോട്: ദുബൈയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഷബ്നയുടെ കുടുംബം നീതിക്കായി കാത്തിരിക്കുന്നു. 2020 ഏപ്രിൽ 23നാണ് അഴീക്കോട് മരപ്പാലത്തിന് തെക്കുവശം കടവിൽ ഇസ്ഹാഖ് സേട്ടുവിെൻറ മകളും മാള പള്ളിപ്പുറം കടവിൽ ഇഖ്ബാലിെൻറ ഭാര്യയുമായ ഷബ്ന (44) മരിച്ചത്. പയ്യന്നൂർ സ്വദേശികളായ ദമ്പതികളുടെ വീട്ടിൽ ജോലി ചെയ്തിരുന്ന ഇവർ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റാണ് മരിച്ചത്. ദുബൈ നീതിപീഠത്തിെൻറ ഇടപെടലിൽ മരണത്തിന് ഉത്തരവാദികളായവർക്ക് മതിയായ ശിക്ഷ ലഭിക്കുമെന്ന പ്രത്യാശയിലാണ് കുടുംബം.
ഷബ്നയെ ആശുപത്രിയിൽ എത്തിക്കാനോ ചികിത്സ ലഭ്യമാക്കാനോ തൊഴിലുടമ തയാറായില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. കഠിന വേദന സഹിച്ച് കാഴ്ചശക്തി പോലും നശിച്ച ഷബ്ന ഒരാഴ്ചക്കുശേഷം ജോലിക്കുനിന്ന വീട്ടിൽ മരണപ്പെടുകയായിരുന്നു. അപകടം സംഭവിച്ച കാര്യം നാട്ടിലോ ദുബൈയിൽ ജോലി ചെയ്തിരുന്ന ഷബ്നയുടെ മകനോ യഥാസമയം അറിഞ്ഞിരുന്നില്ല.
മൃതദേഹം ദുബൈയിൽ തന്നെ മറവ് ചെയ്യാനുള്ള ശ്രമത്തിനിടെ ദുബൈയിലെ സാമൂഹിക പ്രവർത്തകരുടേയും കേരള പ്രവാസി സംഘം കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റിയുടെയും ശ്രമഫലമായി നാട്ടിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി മറവു ചെയ്യുകയായിരുന്നു. ഇതു സംബന്ധിച്ച് യു.എ.ഇയിലും നാട്ടിലും കേസ് നിലവിലുണ്ട്. എന്നാൽ ഒന്നര വർഷം കഴിഞ്ഞിട്ടും നീതി ലഭ്യമാകാത്ത വേദനയിലാണ് കുടുംബം.
കുട്ടിയെ കുളിപ്പിക്കാൻ കരുതിവെച്ച ചൂടുവെള്ളം മറിഞ്ഞുവീണ് പൊള്ളലേറ്റതാണെന്ന് വീട്ടുടമ പറഞ്ഞിരുന്നു. എന്നാൽ, ആസിഡ് പോലുള്ള ദ്രാവകം ശരീരത്തിൽ വീണ് ആന്തരികാവയവങ്ങൾ തകരാറിലായതാണ് മരണ കാരണമെന്നാണ് നാട്ടിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഉറ്റവരുമായി ഫോണിൽ ബന്ധപ്പെടാൻ പോലും അനുവദിച്ചിരുന്നില്ലെന്നും കടുത്ത പീഡനം അനുഭവിച്ചിരുന്നതായും ഷബ്നയുടെ ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു.
സന്ദർശകവിസ നൽകി കൊണ്ടുപോകുകയും വീട്ടുജോലികൾ ചെയ്യിക്കുകയും മറ്റൊരു കുടുംബത്തിന് കൈമാറുകയും ചെയ്തവർക്കെതിരെയും നാട്ടിൽ പരാതിയുണ്ട്. എന്നാൽ, മറ്റൊരു രാജ്യത്തുണ്ടായ സംഭവമായതിനാൽ തെളിവ് ശേഖരിക്കാൻ പരിമിതികളുണ്ടെന്നാണ് പൊലീസ് നിലപാട്.
കഴിഞ്ഞദിവസം ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായി ഷബ്നയുടെ കുടുംബവും കേരള പ്രവാസി സംഘം നേതാക്കളും നടത്തിയ കൂടിക്കാഴ്ചയിൽ നിയമപരമായ സഹായം വാഗ്ദാനം ചെയ്തതായി ബന്ധപ്പെട്ടവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.