ആദ്യ അതിഥികളെത്തി; സുവോളജിക്കൽ പാർക്കിന് മയൂരവർണം
text_fieldsപുത്തൂർ: വാദ്യമേളങ്ങളും ആരവങ്ങളുമായി ‘വീട്ടുകാരാവാൻ പോകുന്ന വിരുന്നു’കാരെ നാടൊന്നാകെ വരവേറ്റു... ആഘോഷനിറവിലായിരുന്നു ചൊവ്വാഴ്ച പുത്തൂർ. പതിറ്റാണ്ടുകളുടെ കാത്തിരിപ്പുകൾക്കും വാഗ്ദാനങ്ങൾക്കുമൊടുവിൽ സുവോളജിക്കൽ പാർക്കിലേക്ക് പക്ഷിമൃഗാദികളെത്തി തുടങ്ങി.
തൃശൂർ മൃഗശാലയില്‍നിന്ന് എത്തിച്ച മൂന്ന് മയിലുകളെ മന്ത്രിമാരായ കെ. രാജന്, എ.കെ. ശശീന്ദ്രന്, ഡോ. ആര്. ബിന്ദു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച ശേഷം പാര്‍ക്കിലേക്ക് തുറന്നുവിട്ടു. പതിറ്റാണ്ടുകളായി കേട്ടുമടുത്ത വാഗ്ദാനത്തിനപ്പുറം സ്വപ്നം യാഥാർഥ്യമാകുന്നതിന്റെ ആഹ്ലാദവും സന്തോഷത്തിലുമായിരുന്നു പുത്തൂരിലെ ജനങ്ങൾ.
വർണബലൂണുകളും വാദ്യഘോഷങ്ങളുമായി ആദ്യവിരുന്നുകാരെ വരവേൽക്കാൻ അതിരാവിലെ തന്നെ ആളുകൾ പാർക്കിന് മുന്നിലെ വഴിയോരങ്ങളിൽ നിരന്നു. പത്തോടെ പ്രത്യേക വാഹനത്തിൽ തയാറാക്കിയ പ്രത്യേക കൂട്ടിലായി എത്തിയ മയിലുകളെ നാട് വരവേറ്റു. മന്ത്രിമാർ സ്വീകരിച്ചു.
പിന്നെ പാർക്കിന്റെ വിശാലതയിലേക്ക് കൂട് തുറന്നുവിട്ടു. കാത്തിരുന്ന നിമിഷത്തിലും ആഹ്ലാദം അതിരുവിട്ട് പക്ഷികളെ ഭയപ്പെടുത്താതെയിരിക്കാൻ ശ്രദ്ധിച്ചായിരുന്നു ആഘോഷം. അടുത്ത ദിവസങ്ങളിലായി വിവിധ ഇനത്തില്‍പ്പെട്ട തത്തകള്‍, ജലപക്ഷികള്‍ തുടങ്ങിയവയടക്കം പക്ഷികളെ കൊണ്ടുവന്ന് പുതിയ ആവാസ വ്യവസ്ഥയുമായി ഇണങ്ങുന്നത് സംബന്ധിച്ച നിരീക്ഷണം നടത്തും.
അതിനുശേഷമാണ് കൂടുതല്‍ പക്ഷികളെ ഇങ്ങോട്ട് മാറ്റുക. ബോണറ്റ് ഇനത്തില്‍പ്പെട്ട കുരങ്ങുകളുടെ ബാച്ചിനെയും നെയ്യാര്‍ ഡാമില്‍നിന്നുള്ള ചീങ്കണ്ണികളെയും കൊണ്ടുവരും. നവംബര്‍ തുടക്കത്തില്‍ തന്നെ മാനുകളെ മാറ്റുന്ന നടപടികള്‍ തുടങ്ങും. മാറ്റുന്ന പക്ഷികളും മൃഗങ്ങളും പുതിയ ആവാസ വ്യവസ്ഥയുമായി ഇണങ്ങിച്ചേരുന്നതിനൊപ്പം ജീവനക്കാരുടെ മൃഗസംരക്ഷണം സംബന്ധിച്ച പരിശീലന നിലവാരവും വിലയിരുത്തും.
തൃശൂരില്‍ നിന്നും മൃഗങ്ങളെ മാറ്റാന്‍ ആറു മാസമാണ് സമയം അനുവദിച്ചിരിക്കുന്നത്. എന്നാല്‍, നാല് മാസത്തിനുള്ളില്‍ തന്നെ മൃഗങ്ങളെ മാറ്റുന്ന നടപടി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. ഏപ്രിലിൽ നെയ്യാറിൽനിന്ന് എത്തിച്ച വൈഗയെന്ന കടുവ പാർക്കിലുണ്ട്.
ഈ വർഷം ഡിസംബറിൽ സന്ദർശകർക്ക് അനുമതി നൽകാനാവുമോയെന്നാണ് അധികൃതർ ആലോചിക്കുന്നത്. മൃഗങ്ങളേയും പക്ഷികളേയും അവയുടെ ആവാസവ്യവസ്ഥയിൽച്ചെന്ന് കാണാവുന്ന തരത്തിൽ ഒരുങ്ങുന്ന ഏഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്കാണ് പുത്തൂരിലേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.