കര കാത്തിരുന്നു കടൽ കാത്തു; കടലിൽ കുടുങ്ങിയ വള്ളത്തിലെ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
text_fieldsഅഴീക്കോട്: എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ വള്ളത്തിലെ 54 മത്സ്യത്തൊഴിലാളികളെയും വള്ളവും ഫിഷറീസ് റെസ്ക്യൂ ബോട്ട് രക്ഷപ്പെടുത്തി കരയിലെത്തിച്ചു. അഴീക്കോട് കല്ലിങ്ങൽ മുരളീധരന്റെ ‘ആഞ്ജനേയൻ’ ഇൻബോർഡ് വള്ളമാണ് വെമ്പല്ലൂർ വടക്കുപടിഞ്ഞാറ് ആറ് നോട്ടിക്കൽ മൈൽ ദൂരെ കടലിൽ കുടുങ്ങിയത്. അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ വിവരം ലഭിച്ചതിനെത്തുടർന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ സുലേഖയുടെ നിര്‍ദേശാനുസരണം മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരായ വി.എം. ഷൈബു, ഇ.ആർ. ഷിനിൽകുമാർ, വിഎൻ. പ്രശാന്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഗാര്‍ഡുമാരായ പ്രസാദ്, ഫസൽ, ബോട്ട് സ്രാങ്ക് ദേവസി, എൻജിൻ ഡ്രൈവർ റോക്കി എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
വാടാനപ്പള്ളി: എൻജിൻ തകരാറിനെത്തുടർന്ന് കടലിൽ കുടുങ്ങിയ മത്സ്യബന്ധന വള്ളത്തിലെ 41 മത്സ്യത്തൊഴിലാളികളെ ഫിഷറീസ് റെസ്ക്യൂ ടീം രക്ഷപ്പെടുത്തി. ചേറ്റുവ ഹാർബറിൽനിന്ന് ശനിയാഴ്ച പുലർച്ച മത്സ്യബന്ധനത്തിന് പോയ എടക്കഴിയൂർ സ്വദേശി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള ബർക്കത്ത് എന്ന വള്ളത്തിന്റെ എൻജിനാണ് തകരാറിലായത്.
നാട്ടികയിൽനിന്ന് രണ്ട് നോട്ടിക്കൽ അകലെ ആഴക്കടലിൽ മത്സ്യം പിടിക്കവേയാണ് തകരാറിലായത്. ഇതോടെ വള്ളം കാറ്റിലും മഴയിലും ആടിയുലഞ്ഞു. ഇതോടെ തൊഴിലാളികൾ അഴീക്കോട് ഫിഷറീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഫിഷറീസ് അസി. ഡയറക്ടർ സുലേഖയുടെ നിർദേശത്തെ തുടർന്ന് ചേറ്റുവയിൽനിന്ന് ഫിഷറീസ് വകുപ്പിന്റെ റെസ്ക്യൂ ബോട്ട് ഇവരെ ലക്ഷ്യമാക്കി പാഞ്ഞു.
തിരച്ചിലിൽ വള്ളം കണ്ടെത്തി. തുടർന്ന് അപകടത്തിൽപ്പെട്ട വള്ളം ബോട്ടിൽ കെട്ടിവലിച്ച് ചേറ്റുവ ഹാർബറിലെത്തിച്ച് 41 തൊഴിലാളികളെയും രക്ഷപ്പെടുത്തി. വള്ളവും തൊഴിലാളികളും സുരക്ഷിതരാണ്. ഉദ്യോഗസ്ഥരായ അശ്വിൻ, വികാസ്, ഫിഷറീസ് ഗാർഡുമാരായ വി.എച്ച്. ഷഫീഖ്, വിബിൻ, സ്രാങ്ക് റസാഖ്, റഷീദ് എന്നിവർ ചേർന്നാണ് രക്ഷപ്രവർത്തനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.