കുളവാഴയും ചണ്ടിയും നീക്കി; നീരൊഴുക്ക് കൂടി കൊട്ടച്ചാൽ
text_fieldsഅരിമ്പൂർ: കുളവാഴയും ചണ്ടിയും വന്നുനിറഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ട കൊട്ടച്ചാൽ വൃത്തിയാക്കി. ചേറ്റുപുഴ മുതൽ ഏനാമാവ് വരെ 100 മീറ്റർ വീതിയിൽ അരിമ്പൂർ ചാലാടി-പഴംകോളിനും പുല്ലഴി പാടം-പുത്തൻ കോളിനും ഇടയിലൂടെയാണ് കൊട്ടച്ചാൽ ഒഴുകുന്നത്. ചിമ്മിനിയിൽ നിന്നും പുഴയ്ക്കൽ മേഖലയിൽ നിന്നും ഈ ചാൽ വഴിയാണ് വെള്ളം ഏനാമാവ് റെഗുലേറ്ററിൽ എത്തുന്നത്. പുല്ലഴി, എൽത്തുരുത്ത് മേഖലയിൽ നിന്നടക്കം ചണ്ടിയും കുളവാഴയും വന്നടിഞ്ഞിരുന്നത് കൊട്ടച്ചാലിന് നടുവിലെ ഇരു ബണ്ടുകളെ ബന്ധിപ്പിക്കുന്ന പാലത്തിന് അടിയിലാണ്. മൂന്നു ദിവസം കൊണ്ട് ആറ് തൊഴിലാളികൾ ചേർന്ന് ബാർജിൽ നിന്നാണ് കുളവാഴകൾ നീക്കം ചെയ്തത്.
ഇതോടെ നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. ഏനാമാവ് വഞ്ചിക്കടവിലെ കുളവാഴകൾ കൂടി നീക്കം ചെയ്താൽ മണലൂർ താഴംപടവിൽ നിന്നുള്ള വെള്ളവും തടസ്സമില്ലാതെ ഒഴുകും. ഈ മാസം 15-ാടെ ചാലാടി പഴംകോളിൽ കൃഷിക്കു മുന്നോടിയായി പമ്പിങ്ങ് ജോലികൾ ആരംഭിക്കാനാകും എന്നാണ് പടവ് കമ്മിറ്റി ഭാരവാഹികൾ പറയുന്നത്.
കുളവാഴകൾ നീക്കം ചെയ്ത പ്രദേശം അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ, അരിമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ജി. സജീഷ്, ചാലാടി പഴംകോൾ പ്രസിഡന്റ് മണി, സൂപ്പർവൈസർ അയ്യപ്പൻ എന്നിവർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.