പഴയ പ്രൗഢി തിരിച്ചുപിടിക്കുക ലക്ഷ്യം; ചാലിശേരിയിൽ അടക്ക വിപണന കേന്ദ്രം ഇന്ന് തുറക്കും
text_fieldsപെരുമ്പിലാവ്: കേരളത്തിൽ അടക്ക വിപണന രംഗത്ത് ചാലിശേരിക്കുണ്ടായിരുന്ന പഴയ പ്രൗഢി തിരിച്ച് കൊണ്ടുവരാൻ ലക്ഷ്യമിട്ട് അടക്ക മാർക്കറ്റിന്റെ പുതിയ കെട്ടിടം വ്യാഴാഴ്ച തുറക്കും. ഇതോടനുബന്ധിച്ച് പഴയ അടക്ക മാർക്കറ്റിന്റെ എഴുപതാം വാർഷികവും നടക്കും. നൂറ്റാണ്ടുകൾക്ക് മുമ്പ് സംസ്ഥാനത്തെ വലിയ അടക്ക വാണിജ്യ കേന്ദ്രമായിരുന്നു ചാലിശേരി.
1950കളിൽ തുടങ്ങിയ പച്ചയടക്ക വിൽപന ചന്ത പിന്നീട് ദക്ഷിണേന്ത്യയിലെയും ഏഷ്യയിലേയും പേരെടുത്ത അടക്ക ചന്തയായി. കാർഷിക-വ്യവസായ രംഗത്ത് പ്രാധാന്യമുള്ള സാധാരണക്കാരന്റെ നാണ്യവിളയായ അടക്ക കച്ചവടത്തിനായി ചാലിശേരി അങ്ങാടിയിൽ ദിവസചന്ത പ്രവർത്തിക്കുന്നുണ്ട്. മുൻകാലങ്ങളിൽ ദിനംപ്രതി മുന്നൂറ് മുതൽ അഞ്ഞൂറ് തിലാം വരെ അടക്ക എത്തിയിരുന്നു.
പത്ത് വർഷത്തിനകം ഒരുകിലോ അടക്കക്ക് 50ൽ നിന്ന് ഇപ്പോൾ 450 രൂപ വരെ എത്തി. നിലവിൽ ചാലിശേരി പഴഞ്ഞി, ചങ്ങരംകുളം, കേച്ചേരി, അമലനഗർ എന്നിടങ്ങളിലാണ് അടക്ക കേന്ദ്രങ്ങൾ ഉള്ളത്. അടക്ക കൃഷിയിൽ നിന്ന് കർഷകർ മറ്റു കൃഷിയിലേക്ക് മാറിയതോടെ കുറച്ച്കാലങ്ങളായി വരവ് കുറവാണ്.
ഇന്ത്യോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യാൻ തുടങ്ങിയതോടെയാണ് വിലക്കുറവ് കൃഷിയെ ബാധിച്ചത്. ചാലിശേരിയിൽ കേരളത്തിലെ ഏറ്റവും വലിയ അടക്ക വിപണന കേന്ദ്രമാക്കാനുള്ള തയാറെടുപ്പിലാണ് മാർക്കറ്റിലെ കച്ചവടക്കാരുടെ കൂട്ടായ്മ.
പഴയ അടക്ക മാർക്കറ്റിന്റെ എഴുപതാം വാർഷികത്തിനോടനുബന്ധിച്ചാണ് ആധുനിക സൗകര്യങ്ങളോടു കൂടി സി.എസ്.ഐ പള്ളിക്ക് സമീപം പുതിയ മാർക്കറ്റിൽ നാലായിരത്തോളം ചതുരശ്രയടി വിസ്തീർണമുള്ള വിപണന കേന്ദ്രം നിർമിച്ചിരിക്കുന്നത്.
മറ്റു ജില്ലകളിൽനിന്ന് വരുന്നവർക്ക് വാഹനം പാർക്കിങ്, താമസ സൗകര്യം, ഭക്ഷണശാല, വിശ്രമകേന്ദ്രം, വായനമുറി എന്നി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പുതിയ വിപണന കേന്ദ്രം വരുന്നതോടെ പഴയ പ്രൗഢി തിരിച്ച് വരുമെന്ന ആഹ്ലാദത്തിലാണ് ചാലിശേരി ഗ്രാമവാസികൾ. എഴുപതാം വാർഷികവും കെട്ടിട ഉദ്ഘാടനവും വ്യാഴാഴ്ച രാവിലെ എട്ടിന് ഷിനോയ് തോലത്ത് നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.