ചങ്ങാതിത്തുമ്പികളുടെ ആവാസകേന്ദ്രമായി കോൾ മേഖല
text_fieldsതൃശൂർ: ചങ്ങാതിത്തുമ്പികളുടെ ആവാസകേന്ദ്രമായി തൃശൂർ-പൊന്നാനി കോൾ മേഖല. കോൾ തണ്ണീർത്തട ആവാസവ്യവസ്ഥയിലെ തുമ്പികളുടെ വൈവിധ്യം രേഖപ്പെടുത്താൻ തുമ്പി-പക്ഷി നിരീക്ഷകരും വിദ്യാർഥികളും കോൾനില സംരക്ഷക കൂട്ടായ്മകളും സന്നദ്ധ സംഘടനകളും സംയുക്തമായി നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. 55 പേർ പങ്കെടുത്ത സർവേ അടാട്ട്, മാറഞ്ചേരി, തൊമ്മാന, പാലയ്ക്കൽ, ചേനം, മനക്കൊടി-പുള്ള്, ഉപ്പുങ്ങൽ, പുല്ലഴി, ഏനാമാവ് എന്നിവിടങ്ങളിലായിരുന്നു.
30 വ്യത്യസ്തതരം തുമ്പികളെയാണ് കണ്ടെത്തിയത്. എട്ടിനം സൂചിത്തുമ്പികളും 22 ഇനം കല്ലൻ തുമ്പികളുമാണ് ഇതിലുള്ളത്. എണ്ണത്തിൽ ഏറെയും ചങ്ങാതിത്തുമ്പികളാണ്. നൂറുകണക്കിന് ചങ്ങാതിത്തുമ്പികളെ പല പ്രദേശങ്ങളിലും കണ്ടെത്തി. ഓണത്തുമ്പി, സഞ്ചാരിത്തുമ്പി എന്നിവയും എണ്ണത്തിൽ ഏറെയുണ്ട്. പരിസ്ഥിതിയിലെ മാറ്റങ്ങൾ അറിയാൻ സാധിക്കുന്ന ജൈവസൂചകരായ ജീവിവർഗങ്ങളിൽ പ്രധാനികളാണ് തുമ്പികൾ.
കോൾ ബേഡേഴ്സ് കലക്ടിവിന്റെ ആഭിമുഖ്യത്തിൽ റാംസാർ ബേഡ് മോണിറ്ററിങ് പദ്ധതിയുടെ ഭാഗമായി പക്ഷികളുടെ കണക്കെടുപ്പും നടത്തി. ദേശാടനകാലത്തിന്റെ വരവറിയിച്ച് വർണക്കൊക്ക്, പെലിക്കൺ, ചട്ടുകകൊക്കൻ എന്നിവയെയും കണ്ടെത്തി. സർവേയുടെ വിശദ റിപ്പോർട്ട് www.kole.org.inൽ പ്രസിദ്ധീകരിക്കും.
കോൾനിലങ്ങളിലെ തുമ്പികളെക്കുറിച്ചും സർവേ രീതിശാസ്ത്രവും വിശദീകരിച്ച് നടന്ന ഓൺലൈൻ ക്ലാസ് ഗവേഷകൻ വിവേക് ചന്ദ്രൻ നയിച്ചു. രാജശ്രീ വാസുദേവൻ, മനോജ് കരിങ്ങാമഠത്തിൽ, രാജു കാവിൽ, പി.കെ. സിജി, കെ.എസ്. സുബിൻ, ഡോ. ആദിൽ നഫർ, മിനി ആന്റോ, ആർ.വി. രഞ്ജിത്ത്, അലൻ അലെക്സ്, കെ.പി. ഡിജുമോൻ, എസ്. പ്രശാന്ത്, ജെ. ജെയിൻ, ധന്യ ശ്രീജിത്ത്, ലതീഷ് ആർ. നാഥ്, സേതുമാധവൻ, സണ്ണി ജോസഫ്, ഡോ. മഹേഷ്, അളകനന്ദ, രാഹുൽ ശങ്കർ, മനോജ് കുന്നമ്പത്ത് തുടങ്ങിയവർ വിവിധ പ്രദേശങ്ങളിൽ സർവേക്ക് നേതൃത്വം നൽകി. സെന്റ് അലോഷ്യസ്, സെന്റ് തോമസ്, ശ്രീകൃഷ്ണ കോളജുകളിലെ വിദ്യാർഥികളും പങ്കെടുത്തു.
2018ലും 2019ലും വാർഷിക സർവേ നടന്നെങ്കിലും കോവിഡിന്റെയും മറ്റും പശ്ചാത്തലത്തിൽ നിലച്ച തുമ്പി നിരീക്ഷണം ജനകീയമായി തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണിതെന്ന് കോഓഡിനേറ്റർമാരിൽ ഒരാളായ മനോജ് കരിങ്ങാമഠത്തിൽ പറഞ്ഞു.
റാംസാർ പട്ടികയിൽ ഇടംനേടിയ, ഉയർന്ന ജൈവവൈവിധ്യ മൂല്യമുള്ള തണ്ണീർത്തടമായ കോൾനിലങ്ങളിൽ ജനകീയ നിരീക്ഷണ പഠനങ്ങളും തുടർസർവേകളും അനിവാര്യമാണെന്ന് ഗവേഷക രാജശ്രീ വാസുദേവൻ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.