ചൂട് കൂടുന്നു; തൃശൂരിൽ ഇന്നലെ അനുഭവപ്പെട്ടത് 38.6 ഡിഗ്രി
text_fieldsതൃശൂർ: അടുത്തദിവസങ്ങളിൽ താപനില ഉയരുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. പാലക്കാടിന് സമാനമായ ചൂട് തൃശൂരിലും അനുഭവപ്പെട്ടുതുടങ്ങി. ശനിയാഴ്ച തൃശൂരിൽ അനുഭവപ്പെട്ട താപനില ഉച്ചനേരത്ത് 38.6 ഡിഗ്രിയിലെത്തിയപ്പോൾ സന്ധ്യയോടടുക്കുമ്പോഴും (വൈകീട്ട് നാല്) 34ലായിരുന്നു.
രാത്രി താപനില ശരാശരി 25 ഡിഗ്രിയിലേറെയാണെന്ന് വിദഗ്ധർ പറയുന്നു. അടുത്ത ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. ഇത് 40 കടന്നേക്കാമെന്ന സൂചനയും കാലാവസ്ഥ വിഭാഗം നൽകുന്നു. കാറ്റും വേനലുമായതോടെ വരണ്ട കാലാവസ്ഥയിലാണ് നാട് ഇപ്പോൾ. ചൂട് കൂടുന്നതോടെ ഇത് കൂടുതൽ തീവ്രമാവും. മുൻകാലങ്ങളിൽ ലഭിക്കാറുള്ള മകരത്തിലും കുംഭത്തിലെയും വേനൽ മഴകൾ ഇത്തവണ ലഭിച്ചിട്ടില്ല. 2021ൽ ഒമ്പത് മാസവും മഴകിട്ടിയിരുന്നു. ഡിസംബറിലും ജില്ലയിൽ മഴ ശക്തമായിരുന്നു. ജനുവരിയിൽ നേരിയ മഴലഭിച്ചു. അതാണ് ഇപ്പോഴും ജലക്ഷാമം അനുഭവപ്പെടാത്തതെന്നാണ് പറയുന്നത്. നിലവിലെ സൂചനകളനുസരിച്ച് ഈ മാസം അവസാനത്തോടെ വേനൽമഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ ഗവേഷകർ പറയുന്നത്.
കോവിഡ് മഹാമാരിയുണ്ടാക്കിയ ദുരിതത്തെ മറികടക്കാനുള്ള പോരിലാണ് ജനങ്ങൾ. ഇത് വ്യാപാര മേഖലയിലും പ്രതിഫലിക്കുന്നുണ്ട്. ജ്യൂസ് കടകളിലും തൊപ്പിയടക്കം വിൽക്കുന്ന കടകളിലും കണ്ണടക കടകളിലും ആളുകളുടെ തിരക്ക് ചൂടിന്റേതാണെന്ന് വ്യാപാരികൾ പറയുന്നു. സൂര്യാതപ സാധ്യതയുള്ളതിനാൽ തൊഴിലുറപ്പ് തൊഴിലെടുക്കുന്നവരും പുറം ജോലിയിലുള്ളവരും സൂര്യപ്രകാശത്തിന്റെ നേരിട്ടുള്ള ആഘാതമേൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.