മഠത്തുംപടി സ്മാർട്ട് വില്ലേജ് ഓഫിസ് മൂന്നുമാസത്തിനകം പ്രവർത്തനംആരംഭിക്കണമെന്ന് ഹൈകോടതി
text_fieldsമഠത്തുംപടി വില്ലേജ് ഓഫിസ്
മാള: മഠത്തുംപടി സ്മാർട്ട് വില്ലേജ് ഓഫിസ് എല്ലാ സൗകര്യങ്ങളോടുകൂടി പ്രവർത്തനമാരംഭിക്കണമെന്ന് ഹൈകോടതി. പൊതുപ്രവർത്തകൻ ഷാൻറി ജോസഫ് തട്ടകത്ത് നൽകിയ ഹരജിയിലാണ് ഉത്തരവ്. സംസ്ഥാന ചീഫ് സെക്രട്ടറി, അഡീഷനൽ ചീഫ് സെക്രട്ടറി എന്നിവരോടാണ് ഉത്തരവ് നടപ്പാക്കാൻ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
പൊയ്യ, മഠത്തുംപടി, പള്ളിപ്പുറം എന്നീ മൂന്ന് വില്ലേജുകൾ ചേർന്ന പൊയ്യ ഗ്രൂപ് വില്ലേജിൽനിന്ന് മoത്തുംപടി അടർത്തി മാറ്റിയാണ് നിവാസികളുടെ സൗകര്യത്തിനായി സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടം മഠത്തുംപടി ജഡ്ജി മുക്കിൽ കൊണ്ടുവന്നത്. 2020ൽ അന്നത്തെ റവന്യൂ, ഭവന നിർമാണ മന്ത്രി ഇ. ചന്ദ്രശേഖരനാണ് മഠത്തുംപടി സ്മാർട്ട് വില്ലേജ് ഓഫിസിന്റെ ഉദ്ഘാടനം നടത്തിയത്. മഠത്തുംപടി വില്ലേജ് നിവാസികൾ ആറ് കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്ന പൊയ്യ ഗ്രൂപ് വില്ലേജ് ഓഫിസിൽ ബസ് മാർഗം എത്തിച്ചേരണമെങ്കിൽ മാളയിലെത്തി മറ്റൊരു ബസില്‍ കയറി ഇറങ്ങി 12 കിലോമീറ്ററോളം യാത്ര ചെയ്യണം. പരിഹാരമായി 44 ലക്ഷം രൂപ ചെലവഴിച്ച് നിർമിതി കേന്ദ്രമാണ് വില്ലേജ് ഓഫിസിന്റെ പണി നടത്തിയത്. മഠത്തുംപടി സ്വദേശി പടിയിൽ ജോൺസൺ തോമസ് വിട്ടുനൽകിയ 10 സെന്റ് സ്ഥലത്താണ് പുതിയ സ്മാർട്ട് വില്ലേജ് ഓഫിസ്.
1861 സ്ക്വയർ ഫീറ്റിൽ സ്വീകരണ വരാന്ത, വില്ലേജ് ഓഫിസറുടെ മുറി, റെക്കോഡ് റൂം, ഫ്രണ്ട് ഓഫിസ്, ശുചിമുറി, അംഗപരിമിതർക്കായി പ്രത്യേക പ്രവേശന കവാടവും ശുചിമുറിയും തുടങ്ങിയ സൗകര്യങ്ങളാണ് സ്മാർട്ട് വില്ലേജിൽ സജ്ജീകരിച്ചിട്ടുള്ളത്. വില്ലേജ് ഓഫിസ് സേവനങ്ങൾ ഇനി മുതൽ ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറ്റുമെന്നും വില്ലേജ് ഓഫിസിൽ എത്തുന്നവർക്ക് കാലതാമസമില്ലാതെ കാര്യങ്ങൾ ചെയ്തു മടങ്ങാമെന്ന വാഗ്ദാനത്തോടെയാണ് എം.എൽ.എ, എം.പി അടക്കമുള്ള ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിലാണ് ആഘോഷപൂർവമുള്ള ഉദ്ഘാടനം നടത്തിയത്. ഉദ്ഘാടനാനന്തരം പ്രവര്‍ത്തനം തുടങ്ങേണ്ടിയിരുന്നത് നാലര വര്‍ഷമായിട്ടും സ്മാർട്ട് വില്ലേജ് ഓഫിസായി ആരംഭിക്കാത്തതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.
ഉദ്ഘാടനം കഴിഞ്ഞു രണ്ടുവർഷം പിന്നിട്ടിട്ടും ഓഫിസിന്റെ പ്രവർത്തനം ആരംഭിക്കുന്നില്ലെന്ന് ചൂണ്ടി കാണിച്ച് ഇദ്ദേഹം നേരത്തേ അധികൃതർക്ക് പരാതി നൽകിയിരുന്നു. തുടക്കത്തിൽ രണ്ടുമാസത്തിനുള്ളിൽ വിഷയത്തിൽ തീർപ്പുണ്ടാക്കാൻ കോടതി ഉത്തരവിട്ടിരുന്നു. സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമായതിനാൽ പൊയ്യ ഗ്രൂപ് വില്ലേജ് വിഭജിച്ച് മടത്തുംപടി സ്മാർട്ട് വില്ലേജ് പ്രവർത്തിപ്പിക്കാൻ ജീവനക്കാരെ നിയമിക്കാനാവില്ലന്ന് സർക്കാർ മറുപടി നൽകി. തുടർന്ന് ‘മാധ്യമം’ വാർത്ത നൽകി.
നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് ഷാൻറി ജോസഫ് ഹൈകോടതിയിൽ വീണ്ടും ഹരജി നൽകിയത്. വീണ്ടും ഹൈകോടതിൽ ഫയൽ ചെയ്ത ഹരജിയിലാണ് അനുകൂല വിധി. കേരള ചീഫ് സെക്രട്ടറി, അഡീഷനൽ ചീഫ് സെക്രട്ടറി (റവന്യൂ), ഇരിങ്ങാലക്കുട റവന്യൂ ഡിവിഷനൽ ഓഫിസർ, തൃശൂർ കലക്ടർ, കൊടുങ്ങല്ലൂർ താലൂക്ക് തഹസിൽദാർ, പൊയ്യ വില്ലേജ് ഓഫിസർ ഇവരെ കക്ഷികളായി ചേർത്താണ് ഹരജി നൽകിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.