ഭിന്നശേഷിക്കാരനെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം: തെളിവെടുപ്പ് നടത്തി
text_fieldsകേച്ചേരി: ഭിന്നശേഷിക്കാരനായ മകനെ ഡീസലൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ പിതാവിനെ വീട്ടിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. പട്ടിക്കര രായ്മരക്കാർ വീട്ടിൽ സുലൈമാനെയാണ് വൻ പൊലീസ് സംഘത്തിന്റെ സംരക്ഷണയിൽ വ്യാഴാഴ്ച വൈകീട്ടോടെ കൊണ്ടുവന്നത്.
പൊലീസിന്റെ ചോദ്യങ്ങൾക്ക് ഭാവ വ്യത്യാസമോ സഹതാപമോ കൂടാതെ കാര്യങ്ങൾ വിശദീകരിക്കുന്നതുകണ്ട് നാട്ടുകാർ പ്രകോപിതരായി. 28 വയസ്സുള്ള സഹദിനെയാണ് വീടിന്റെ പിറകിലെ വരാന്തയിൽ കിടത്തി ഡീസൽ ഒഴിച്ച് തീകൊളുത്തി കൊന്നത്.
മകനെ ഒഴിവാക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി ആവർത്തിച്ചു. തെളിവെടുപ്പിന് കൊണ്ടുവരുന്ന വിവരമറിഞ്ഞ് വൻ ജനാവലി സംഭവ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. ഡീസൽ വാങ്ങിയ തുവ്വാന്നൂരിലെ പെട്രോൾ പമ്പിലും പ്രതിയെ കൊണ്ടുപോയി തെളിവെടുത്തു.
സഹോദരന് ഒപ്പമാണ് പോയതെന്ന് പ്രതി പറഞ്ഞു. ശരീരം മുഴുവൻ പൂർണമായും പെള്ളലേറ്റതാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. മാലിന്യം കത്തിക്കാനാണ് ഡീസൽ വാങ്ങുന്നതെന്നാണ് സുലൈമാൻ സഹോദരൻ ബഷീറിനോട് പറഞ്ഞിരുന്നതെന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
ഇതേ തുടർന്ന് മസ്ജിദ് മുഅദ്ദിനായ സഹോദരൻ ബഷീറിനെ ചോദ്യ ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ തിങ്കളാഴ്ച കുന്നംകുളം പൊലീസ് കസ്റ്റഡിയിൽ എടുക്കും. പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചയോടെ വീട്ടിൽ കൊണ്ടുവന്ന മൃതദേഹം മിനിറ്റുകൾക്കുള്ളിൽ ഖബറടക്കി. ബുധനാഴ്ച രാവിലെ 10.30ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.