ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ അന്തിയുറങ്ങിയ വാദ്യകലാകാരന് അഗതി മന്ദിരത്തില്‍ അഭയം
text_fieldsആമ്പല്ലൂര്‍: ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ അന്തിയുറങ്ങിയിരുന്ന വാദ്യകലാകാരന് അഗതി മന്ദിരത്തില്‍ അഭയം. ചെണ്ട വാദ്യ കലാകാരനായ പുതുക്കാട് തെക്കേ തൊറവ് കൂപ്പാട്ട് രാമന് നായരെയാണ് (85) അഗതി മന്ദിരത്തിലേക്ക് മാറ്റിയത്. സാമൂഹികനീതി വകുപ്പിെൻറ നേതൃത്വത്തില്‍ രാമന് നായരുടെ സംരക്ഷണം ഏറ്റെടുത്ത് എടവിലങ്ങ് ആശ്രയം അഗതിമന്ദിരത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ആറു വര്‍ഷത്തോളമായി രാമന് നായര്‍ പുതുക്കാട് സര്‍ക്കാര്‍ ആശുപത്രിക്ക് സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലാണ് അന്തിയുറങ്ങിയിരുന്നത്. ആദ്യത്തെ ലോക്ഡൗണ്‍ സമയത്ത് വഴിയോരത്ത് ആശ്രയമില്ലാതെ കിടന്നിരുന്ന രാമന് നായരുടെ ദുരിത ജീവിതം മാധ്യമങ്ങളിലൂടെ അറിഞ്ഞ സാമൂഹികനീതി വകുപ്പും ജില്ല കലക്ടറും പ്രശ്നത്തില്‍ ഇടപെടുകയും പുതുക്കാട് പഞ്ചായത്തിെൻറ നേതൃത്വത്തില്‍ തൃശൂരിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ താമസിപ്പിക്കുകയും ചെയ്തു. രണ്ട് ദിവം ആരുമറിയാതെ രാമന് നായര്‍ വീണ്ടും പുതുക്കാട് താലൂക്ക് ആശുപത്രി പരിസരത്തെത്തി. പഴയതുപോലെ ബസ്സ്റ്റോപ്പില്‍ കിടപ്പു തുടങ്ങി.
രണ്ടാംഘട്ട ലോക്ഡൗണ്‍ തുടങ്ങിയതോടെ വീണ്ടും ദുരിതത്തിലായ രാമന് നായര്‍ക്ക് പഞ്ചായത്ത് അംഗം സെബി കൊടിയനാണ് ഭക്ഷണം എത്തിച്ചിരുന്നത്. വെള്ളിയാഴ്ച സ്ഥലത്തെത്തിയ സാമൂഹികനീതി വകുപ്പ് അധികൃതര്‍, പുതുക്കാട് പഞ്ചായത്ത് പ്രസിഡൻറ് കെ.എം. ബാബുരാജ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.എന്‍. വിദ്യാധരന്, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പഞ്ചായത്ത് വാഹനത്തിലാണ് അഗതിമന്ദിരത്തിലേക്ക് അയച്ചത്. ഇതിനിടെ ഒരാള്‍ ജില്ല കലക്ടര്‍ മുഖേന 10,000 രൂപ രാമന് നായര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍, സാമൂഹികനീതി വകുപ്പ് ഇടപെട്ട് രാമന് നായരുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയ ശേഷം തുക കൈമാറുകയാണ് ചെയ്തത്. ഇതിനു വേണ്ട രേഖകള്‍ കാലതാമസം കൂടാതെ അനുവദിച്ചതായി പഞ്ചായത്ത് പ്രസിഡൻറ് കെ.എം. ബാബുരാജ് അറിയിച്ചു.
ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ കാര്‍ഡ്ബോര്‍ഡ് ഷീറ്റ് വിരിച്ച് കിടന്നിരുന്ന രാമന് നായര്‍ പ്രമേഹവും ശ്വാസംമുട്ടും കാഴ്ചക്കുറവും മൂലം പ്രയാസമനുഭവിച്ചിരുന്നു. പുതുക്കാട് കുറുമാലിക്കാവിലെ പാനപ്പറയോഗത്തിലൂടെ വാദ്യ കലാരംഗത്ത് എത്തിയ ഇദ്ദേഹം 18 വയസ്സു മുതല്‍ ചക്കംകുളം ശങ്കുണ്ണി മാരാര്‍ക്കൊപ്പം മേളങ്ങളില്‍ വലംതലക്കാരനായി. 40 വര്‍ഷമായി കുടുംബവുമായി അകന്നുകഴിയുന്ന രാമന് നായര്‍ 20 വര്‍ഷമായി മേളങ്ങളില്‍ പങ്കെടുക്കാറില്ല. മേളങ്ങളില്‍ സക്രിയമായിരുന്ന കാലത്ത് ക്ഷേത്രങ്ങളിലെ ഊട്ടുപുരയിലും വിശ്രമ കേന്ദ്രങ്ങളിലുമാണ് കഴിഞ്ഞിരുന്നത്.
തൃശൂര്‍ പൂരത്തിന് പാറമേക്കാവിെൻറ ഇലഞ്ഞിത്തറമേളത്തിന് എട്ടുവര്‍ഷം പങ്കെടുത്ത അദ്ദേഹം തിരുവമ്പാടിയുടെ വലംതല നിരയില്‍ പതിറ്റാണ്ടോളം സ്ഥിരം സാന്നിധ്യമായിരുന്നു. വാദ്യകലയിലെ മികവിന് തൃപ്രയാറില്‍നിന്ന് ശ്രീരാമപാദുക സുവര്‍ണ മുദ്ര ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.