സി.പി.എം സമ്മേളനങ്ങളിൽ 'കരുവന്നൂർ ആക്രമണം' ശക്തമാകുന്നു
text_fieldsതൃശൂർ: സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങളിൽ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവർത്തകരെ പ്രകോപിതരാക്കുന്ന വിധത്തിൽ മറുപടികൾ നൽകരുതെന്ന് നേതൃത്വത്തിെൻറ നിർദേശം.
ജില്ലയിൽ 15 മുതൽ തുടങ്ങിയ ബ്രാഞ്ച് സമ്മേളനങ്ങളിലെല്ലാം ദേശീയ-സംസ്ഥാന രാഷ്ട്രീയ വിഷയങ്ങളേക്കാളും കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് വിഷയമാണ് നിറഞ്ഞു നിൽക്കുന്നത്.
എല്ലായിടത്തും സൗഹൃദത്തിലാണ് ഇക്കാര്യങ്ങളിൽ നേതാക്കൾ വിശദീകരണം നൽകുന്നതെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിക്ക് കീഴിലെ ചില ബ്രാഞ്ചുകളിൽ നേതാക്കളുടെ പേരെടുത്ത് പറഞ്ഞുള്ള രൂക്ഷമായ കടന്നാക്രമണങ്ങൾ വന്ന സാഹചര്യത്തിലാണ് സമ്മേളനത്തിൽ പങ്കെടുക്കുന്ന ജില്ല, ഏരിയ-ലോക്കൽ കമ്മിറ്റിയംഗങ്ങൾക്ക് നേതൃത്വം നിർദേശം നൽകിയത്.
കരുവന്നൂർ വിഷയം ചർച്ച ചെയ്യാൻ മതിയായ സമയമനുവദിക്കണം. ചർച്ചയുടെ ഘട്ടങ്ങളിൽ തടസ്സപ്പെടുത്തുകയോ പ്രകോപനമുണ്ടാക്കുകയോ ചെയ്യരുത്. മറുപടികളിൽ പ്രവർത്തകരെ പ്രകോപിതരാക്കുന്ന പരാമർശങ്ങളോ ഉണ്ടാവരുതെന്നും നിർദേശിക്കുന്നു. സമ്മേളന കാലത്ത് അനവസര ചർച്ചകൾക്ക് വഴിയൊരുക്കരുതെന്നാണ് നിർദേശം. മുന്നൂറോളം ബ്രാഞ്ച് സമ്മേളനങ്ങളാണ് ജില്ലയിൽ പൂർത്തിയായത്.
ഇതോടൊപ്പം ബ്രാഞ്ച് സമ്മേളനങ്ങളിൽ കഴിവതും മത്സരങ്ങൾ ഒഴിവാക്കണമെന്നും സമവായങ്ങൾ ഉണ്ടാവണമെന്നും നിർദേശിച്ചിട്ടുണ്ട്. സെക്രട്ടറി സ്ഥാനത്തേക്കും സമ്മേളന പ്രതിനിധിയാവാനുമാണ് സാധാരണയായി തെരഞ്ഞെടുപ്പ് നടക്കുക. സമ്മേളനത്തിൽ പങ്കെടുക്കുന്ന മേൽഘടകം വെക്കുന്ന നിർദേശത്തെ അംഗീകരിക്കുകയോ അല്ലെങ്കിൽ മത്സരിക്കുകയോ ചെയ്യുകയെന്നതാണ് നടപടി. ഇതിൽ മത്സരം ഒഴിവാക്കി സമ്മേളന പ്രതിനിധികളിൽ നിന്നുതന്നെ സമവായമുണ്ടാക്കണമെന്നും നിർദേശിക്കുന്നു.
അതേസമയം, കഴിഞ്ഞ ദിവസം അയ്യന്തോളിലെ ബ്രാഞ്ച് സമ്മേളനത്തിൽ മുഖ്യമന്ത്രിയോട് അടുപ്പമുള്ളയാൾ മത്സരിച്ച് പരാജയപ്പെട്ടുവെന്നതും ആരോപണ വിധേയനെ സെക്രട്ടറിയായി തെരഞ്ഞെടുത്തുവെന്നുമുള്ള 'മാധ്യമം' വാർത്ത തെറ്റാണെന്ന് നേതൃത്വം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.