കൊടുങ്ങല്ലൂർ-കൂർക്കഞ്ചേരി റോഡ് വരാനിരിക്കുന്നത് ഇരുട്ടടി
text_fieldsതൃശൂര്‍: കൊടുങ്ങല്ലൂർ -കൂർക്കഞ്ചേരി റൂട്ടിൽ കോണ്‍ക്രീറ്റ് റോഡ് നിർമാണം ഇഴയുന്നതിനിടെ യാത്രക്കാർക്ക് ഇരുട്ടടിയായി പുതിയ നിയന്ത്രണം വരുന്നു. അടുത്തഘട്ടത്തിൽ തൃശൂർ നഗരത്തോട് ചേർന്ന റീച്ചിൽ നിർമാണം തുടങ്ങുന്നതോടെ യാത്രദുരിതം ഇരട്ടിയാവും. പാലക്കൽ മുതൽ പൂച്ചുണ്ണിപാടം വരെ തുടങ്ങിയ ആദ്യഘട്ട നിർമാണം കഴിയുന്ന മുറക്കാണ് കണിമംഗലം മുതൽ കൂർക്കഞ്ചേരി വരെ കോൺക്രീറ്റ്വത്കരണം നടത്തുന്നത്.
ഇതിന്റെ ഭാഗമായി ഒന്നോ രണ്ടോ കൽവർട്ടുകൾ നവീകരിക്കുന്ന പ്രവൃത്തി നേരത്തേ നടന്നിരുന്നു. കുറഞ്ഞ ഭാഗത്ത് നടന്ന ഈ പ്രവൃത്തി പോലും വലിയ ഗതാഗതക്കുരുക്കാണ് സൃഷ്ടിച്ചത്. അങ്ങനെ വരുമ്പോൾ ഈ റീച്ചിൽ തുടർച്ചയായ മാസങ്ങളിൽ നിർമാണപ്രവർത്തനം നടക്കുന്നത് വലിയ ഗതാഗതക്കുരുക്കാവും സൃഷ്ടിക്കുക.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കലക്ടറേറ്റിൽ ബസ് ഉടമകളുടെയും ജീവനക്കാരുടെയും യോഗം ആർ.ടി.ഒ വിളിച്ചുചേർത്തിരുന്നു. ഈ യോഗത്തിലാണ് അടുത്ത നിർമാണപ്രവർത്തനം സംബന്ധിച്ച കാര്യത്തിൽ തീരുമാനമായത്.
കഴിഞ്ഞ ഫെബ്രുവരി 13ന് തുടങ്ങിയ പണി ഒരുവർഷം പൂർത്തീകരിക്കാനിരിക്കെ എങ്ങുമെത്താത്ത സാഹചര്യമാണ്. പാലക്കല്‍ മുതല്‍ പെരുമ്പിളിശ്ശേരി വരെ ആദ്യഘട്ട നിർമാണം പോലും പൂർത്തിയായിട്ടില്ല. കോണത്തുകുന്ന് മുതൽ പുല്ലൂറ്റ് വരെ രണ്ടാംഘട്ട നിർമാണ പ്രവർത്തനം പകുതിപോലുമായിട്ടില്ല. അതിനിടെ തൃശൂരിൽനിന്നുള്ള വാഹനങ്ങൾ പാലക്കലിൽ നിന്ന് തിരിച്ചുവിട്ട് ആനക്കൽവഴി പൂച്ചുണ്ണിപാടത്ത് എത്തി ഊരകം വഴി തിരിച്ചുവിട്ടു. എസ്.എൻ പുരം, എൻ.എച്ച് 66 വഴിയും വാഹനങ്ങൾ കൊടുങ്ങല്ലൂരിലേക്ക് തിരിച്ചുവിട്ടു.
എന്നാൽ, റോഡ് പ്രവൃത്തി നടക്കുന്ന റീച്ചുകളിൽ ഒന്നിൽപോലും നിർമാണം പൂർത്തീകരിക്കാൻ അധികൃതർ ശുഷ്കാന്തി കാണിക്കുന്നില്ല. പെരുമ്പിളിശ്ശേരി മുതല്‍ പൂച്ചുണ്ണിപ്പാടം വരെയും ഇതര ഭാഗങ്ങളിലും റോഡ് നിർമാണം താളം തെറ്റിയതോടെ ഈവഴിയിലൂടെ സഞ്ചരിക്കുന്ന നൂറില്‍ ഒരാളെങ്കിലും ഒരു മണിക്കൂറില്‍ അപകടത്തിൽപെടുന്നത് പതിവായി.
ട്രഷറി മുതല്‍ പൂച്ചുണ്ണിപ്പാടം വരെ റോഡ് വീതി കുറഞ്ഞതും അപകടകാരണമാണ്. ഒരു ഭാഗത്ത് നിർമാണവും മറുഭാഗത്ത് പൊളിക്കല്‍ പ്രക്രിയയുമാണ് നടക്കുന്നത്. ഇരുവശങ്ങളിലൂടെയും വലിയ വാഹനങ്ങള്‍ ഒരേസമയം വരുന്നതും അപകട കാരണമാണ്.
യാത്ര ക്രമീകരണം
കണിമംഗലം മുതൽ കൂർക്കഞ്ചേരി വരെ അടുത്തഘട്ടം നിർമാണ പ്രവർത്തനം നടക്കുമ്പോൾ തൃശൂരിൽ നിന്നുള്ള ലിമിറ്റഡ് സ്റ്റോപ് ബസുകൾ കണംകുളങ്ങര - ചിയ്യാരം - ഒല്ലൂർ വഴി പൂച്ചുണ്ണിപാടത്തിലൂടെ കൊടുങ്ങല്ലൂർ റൂട്ടിൽ കയറണം. ഹെവി വാഹനങ്ങളും ഇതേവഴി പോകണം. ഓർഡിനറി ബസുകൾ കൂർക്കഞ്ചേരി - ആലുംവെട്ടു വഴി, ചിയ്യാരം, കണിമംഗലം ബണ്ട് വഴി പോകണം. ലൈറ്റ് വാഹനങ്ങളും ഇതുവഴി പോകണം.
ഫെയർ സ്റ്റേജ് അധികം അനുവദിക്കണം -ബസ് ഉടമകൾ
കൊടുങ്ങല്ലൂർ -കൂർക്കഞ്ചേരി റൂട്ടിൽ കോണ്‍ക്രീറ്റ് റോഡ് നിർമാണ ഭാഗമായി കൂടുതൽ കിലോമീറ്റർ സഞ്ചരിക്കുന്നതിന് ഫെയർ സ്റ്റേജ് അധികം അനുവദിക്കണമെന്ന് ബസ് ഉടമകൾ. നിർമാണത്തിന്റെ ഭാഗമായി എട്ട് കിലോമീറ്റർ അധികം സഞ്ചരിക്കണം. ഇതിന് രണ്ട് ഫെയർ സ്റ്റേജ് അധികം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബസ് ഉടമ സംയുക്ത സമിതി കലക്ടർക്ക് അപേക്ഷ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.