ഗാനരചയിതാവ് ഇപ്പോൾ തോട്ടക്കാരൻ; അമ്പരപ്പോടെ ഷിബു ബേബി ജോൺ
text_fieldsതൃശൂർ: 'പോയ്മറഞ്ഞ കാലം വന്നുചേരുമോ...' ആറ്റിക്കുറുക്കി എഴുതിയ വരികളുടെ ആശയം കടുപ്പമേറിയ ജീവിത യാഥാർഥ്യത്തോട് ഗാനരചയിതാവ് ഇപ്പോൾ നിരന്തരം ചോദിച്ചുകൊണ്ടിരിക്കുകയാണ്. 2017ൽ ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസിന് ദേശീയ പുരസ്കാരം നേടിക്കൊടുത്ത 'വിശ്വാസപൂർവം മൻസൂർ' ചിത്രത്തിലെ 'പോയ്മറഞ്ഞ കാലം' എന്ന് തുടങ്ങുന്ന ഗാനത്തിെൻറ രചയിതാവ് പ്രേംദാസ് ഗുരുവായൂരാണ് അർഥപൂർണമായ വരികളോട് ഒരു പരിഭവവുമില്ലാതെ തോട്ടക്കാരനായി ജീവിതം തള്ളിനീക്കുന്നത്.
വിസ്മൃതിയിലാണ്ടുപോയ ഈ കലാകാരനെ ആർ.എസ്.പി സംസ്ഥാന സെക്രേട്ടറിയറ്റ് അംഗവും മുൻ എം.എൽ.എയുമായ ഷിബു ബേബി ജോൺ തെൻറ ഫേസ്ബുക്ക് കുറിപ്പിലൂടെ ഓർമത്തുമ്പിൽ എത്തിച്ചത്. തൃശൂർ മജ്ലിസ് ആയുർവേദ പാർക്കിൽ ചികിത്സയിൽ കഴിയവെയാണ് പൂന്തോട്ടത്തിൽ പ്രേംദാസ് പണിയെടുക്കുന്നത് ഷിബു ബേബി ജോൺ കണ്ടത്. ആ അമ്പരപ്പിൽനിന്നും ഇപ്പോഴും മോചിതനായിട്ടില്ലെന്നാണ് ഷിബുവിെൻറ കുറിപ്പ്.
'ഒരു ദേശീയ അവാർഡിന് കാരണമായ ഗാനം രചിച്ച പ്രതിഭാധനനായ വ്യക്തിക്ക് പോലും ഈ അവസ്ഥ ഉണ്ടാകുന്നുവെന്നത് വേദനയുണ്ടാക്കുന്ന കാര്യമാണ്. ജീവനുള്ള ആ വരികൾക്ക് ജന്മം നൽകിയ കൈകളിൽ തൂലികക്ക് പകരം കത്രികയേന്തേണ്ടി വരുന്നത് നമ്മുടെ പരാജയമാണ്. മാന്യമായൊരു തൊഴിൽ ചെയ്താണ് ജീവിക്കുന്നതെന്ന് പ്രേമിന് അഭിമാനിക്കാം. എന്നാൽ, മലയാളികൾക്ക് നഷ്ടപ്പെട്ടത് എത്രയോ മികച്ച ഗാനങ്ങളായിരിക്കും'. പ്രതിഭയുടെ നിറവുള്ള ആ വിരലുകൾ വീണ്ടും പേനയേന്തുന്ന നാളുകൾക്കായി കാത്തിരിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.