തുമ്പൂർമുഴിയിൽ കുരങ്ങുകൾ കൂട്ടത്തോടെ ചത്തു
text_fieldsഅതിരപ്പിള്ളി: തുമ്പൂർമുഴി മേഖലയിൽ കുരങ്ങന്മാർ ദുരൂഹമായ സാഹചര്യത്തിൽ ചത്ത നിലയിൽ. കുരങ്ങന്മാരുടെ ആറോളം ജഡങ്ങളാണ് കണ്ടെത്തിയത്.
കോവിഡ് രോഗ വ്യാപന പശ്ചാത്തലത്തിൽ കുരങ്ങന്മാർ ചത്തത് ഭീതി ഉയർത്തിയിട്ടുണ്ട്. കുരങ്ങു പനി മൂലമല്ലെന്നും ആശങ്കാജനകമായ സാഹചര്യമില്ലെന്നുമാണ് വനപാലകരുടെ പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാവിലെ തുമ്പൂർമുഴി ഉദ്യാനത്തിലും സമീപത്തെ പുഴയോരത്തുമാണ് കുരങ്ങന്മാരുടെ ജഡം കണ്ടെത്തിയത്. സമീപത്തെ കാട്ടിലും ഇതുപോലെ ജഡങ്ങൾ കിടക്കുന്നതായി സംശയിക്കപ്പെടുന്നുണ്ട്. കൂട്ടത്തോടെ ജഡങ്ങൾ കണ്ടതോടെ ഉദ്യാനത്തിലെ ജീവനക്കാർ പരിഭ്രാന്തരായി. കോവിഡ് കാലമായതിനാൽ ഉദ്യാനം അടച്ചിട്ടിരിക്കുകയാണ്.
വനപാലകരും മൃഗരോഗ വിദഗ്ധരും രണ്ടു വാഹനങ്ങളിലായെത്തി പ്രാഥമിക പരിശോധന നടത്തി. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന നിഗമനത്തിലാണവർ. ഇത് എന്തെങ്കിലും രോഗമാവാമെന്ന സംശയം അവർ തള്ളിക്കളയുന്നു. കുരങ്ങന്മാരുടെ ജഡങ്ങൾ പോസ്റ്റുമോർട്ടം നടത്തി ആന്തരിക അവയവങ്ങൾ പരിശോധനക്കായി തൃശൂരിലെ വെറ്ററിനറി ആശുപത്രിയിലേക്ക് കൊണ്ടുപോയി. യഥാർഥ കാരണം ഒരാഴ്ചക്കുള്ളിൽ അറിയാമെന്ന് പരിയാരം റേഞ്ച് ഓഫിസർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.