അവധി കഴിഞ്ഞ് പെരുമ്പാവൂരിലേക്ക് വന്ന അസം സ്വദേശിയെ കാണാനില്ലെന്ന്
text_fieldsമൈനൂൽ അസ്ലം
തളിക്കുളം: അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് തീവണ്ടി കയറിയ അസം സ്വദേശിയെ കാണാതായതായി പരാതി. പെരുമ്പാവൂരിൽ മരക്കമ്പനിയിൽ ജോലി ചെയ്യുന്ന അസം നഗോൺ ജില്ലയിൽ കൊയ്ലപ്പൂർ ടയാബ് അലിയുടെ മകൻ മൈനൂൽ അസ്ലമിനെയാണ് (38) കാണാതായത്. 18 വർഷമായി പെരുമ്പാവൂരിൽ ജോലി ചെയ്യുന്ന അസ്ലം അവധി കഴിഞ്ഞ് നാട്ടിൽനിന്ന് മേയ് 10നാണ് തീവണ്ടി കയറിയത്. തിരുപ്പൂരിൽ വെച്ച് ഭാര്യയെ മൊബൈലിൽ വിളിച്ചിരുന്നു. ജോലി സ്ഥലത്ത് എത്തിയാൽ വിളിക്കാമെന്നും അറിയിച്ചിരുന്നു.
എന്നാൽ, പെരുമ്പാവൂരിൽ എത്തേണ്ട സമയവും ഒരാഴ്ച പിന്നിട്ടിട്ടും മൊബൈലിൽ വിളി വന്നില്ല. ഒരു വിവരവും ലഭിച്ചില്ല. മൊബൈലിൽ വിളിച്ചെങ്കിലും സിച്ച് ഓഫ് ആയിരുന്നു. ഇതോടെ വീട്ടുകാർ പെരുമ്പാവൂരിലെ കമ്പനി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ അവിടെ എത്തിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. പെരുമ്പാവൂരിൽ മറ്റ് ജോലി ചെയ്യുന്ന അസം സ്വദേശികളായ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടെങ്കിലും ഇയാളെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഇതോടെ വീട്ടുകാർ അസം പൊലീസിൽ പരാതി നൽകി.
തുടർന്ന് ഇയാളുടെ മൊബൈൽ ലൊക്കേഷൻ പരിശോധിച്ചപ്പോൾ തിരുപ്പൂരാണ് കാണിക്കുന്നത്. അസ് ലമിനെ കാണാതായതോടെ വീട്ടുകാരും ബന്ധുക്കളും ആകെ പരിഭ്രാന്തിയിലാണ്. അസ് ലമിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. അസ് ലമിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 91 6003416344 എന്ന നമ്പറിൽ അറിയിക്കണമെന്ന് ബന്ധുക്കൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.