Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീഴാതെ വിശ്വാസം; തൃശൂർ...

വീഴാതെ വിശ്വാസം; തൃശൂർ കോർപറേഷനിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

text_fields
bookmark_border
വീഴാതെ വിശ്വാസം; തൃശൂർ കോർപറേഷനിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു
cancel
camera_alt

കോ​ൺ​ഗ്ര​സ്​ അ​വി​ശ്വാ​സ പ്രമേയം പ​രാ​ജ​യ​പ്പെ​ട്ട​തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച് തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നി​ലെ ഭ​ര​ണ​ക​ക്ഷി​യം​ഗ​ങ്ങ​ൾ ന​ട​ത്തി​യ പ്ര​ക​ട​നം

തൃശൂർ: കേവല ഭൂരിപക്ഷമില്ലാതെ ഇടതുമുന്നണിയുടെ തുടർഭരണത്തിന് കോർപറേഷനിൽ അവസാനമാകുമോയെന്ന കാത്തിരിപ്പിലായിരുന്നു തൃശൂർ. കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസാകുമോയെന്നും കോർപറേഷൻ ഭരണം താഴെവീഴുമോയെന്നും ബി.ജെ.പി നിലപാട് എന്താവുമെന്നുമുള്ള ചോദ്യങ്ങളായിരുന്നു രണ്ടാഴ്ചയിലധികമായി സജീവ ചർച്ചയായിരുന്നത്. ഒടുവിൽ, ഇടതുഭരണം തുടരുന്ന വിധിയെത്തി. അവിശ്വാസം ചർച്ചക്കെടുക്കുന്ന അവസാന മണിക്കൂറുകളിൽ പോലും കടുത്ത അനിശ്ചിതത്വം നിലനിർത്തിയ ബി.ജെ.പിയുടെ രാഷ്ട്രീയനീക്കം അവിശ്വാസത്തിലെ ശ്രദ്ധേയ ചുവടായി.

കഴിഞ്ഞ ഇടതുഭരണസമിതിയുടെ കാലത്തും കേവല ഭൂരിപക്ഷമില്ലാതെയായിരുന്നു ഭരിച്ചിരുന്നതെങ്കിലും കോൺഗ്രസ് അവിശ്വാസത്തിന് മുതിർന്നിരുന്നില്ല. അപ്രതീക്ഷിതമായിരുന്നു ഇത്തവണത്തെ അവിശ്വാസ നീക്കം. കെ. സുധാകരൻ കെ.പി.സി.സി പ്രസിഡന്‍റും ജോസ് വള്ളൂർ ഡി.സി.സി പ്രസിഡന്‍റുമായ ശേഷം നേതാക്കളെയും പ്രവർത്തകരെയും സജീവമാക്കാനുള്ള നിർദേശത്തിന്‍റെ ഭാഗമായിട്ടായിരുന്നു അപ്രതീക്ഷിത അവിശ്വാസ നടപടി.

അലസമായി കിടന്നിരുന്ന കൗൺസിലർമാരെയും നേതാക്കളെയും പ്രവർത്തകരെയും ഉണർത്താൻ അവിശ്വാസ നോട്ടീസിലൂടെ കോൺഗ്രസിനായി. ഇതോടൊപ്പം അവിശ്വാസ പ്രമേയത്തെ പിന്തുണക്കാതെ വിട്ടുനിന്ന ബി.ജെ.പിയുടെ നിലപാടിനെ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടെന്ന ആരോപണം ശക്തമാക്കാനും കോൺഗ്രസിനാകും. സ്വന്തം മുന്നണിയിലെ ഭിന്നതയായിരുന്നു ഇടതുമുന്നണിയിൽ സി.പി.എം നേരിട്ടിരുന്ന പ്രതിസന്ധി. കഴിഞ്ഞ ഭരണസമിതിയുടെ കാലത്തും ഇപ്പോഴും ഘടകകക്ഷികളുടെയും സ്വതന്ത്രരുടെയും സമ്മർദം സി.പി.എമ്മിനുമേലുണ്ട്.

ഇതോടൊപ്പമാണ് കോൺഗ്രസ് വിമതനെ മേയറാക്കിയുള്ള ഭരണവും. സി.പി.എം നേതാക്കളായ പി.കെ. ഷാജനും വർഗീസ് കണ്ടംകുളത്തിയുമാണ് ഭരണം നിയന്ത്രിക്കുന്നത്. സ്വന്തം പാളയത്തിലെ ഭിന്നത പരിഹരിക്കുന്നതിനേക്കാൾ പ്രതിപക്ഷത്തെ വിള്ളലുണ്ടാക്കി അതിലൂടെ ഭരണം നടത്തുകയെന്ന തന്ത്രമായിരുന്നു. അവിശ്വാസത്തിന് നോട്ടീസ് നൽകിയപ്പോഴും ഇടതുപക്ഷത്തെ ചിലർ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയേക്കുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും സി.പി.എം അതിന് പരിഗണന നൽകാതെ നിർണായക നീക്കങ്ങളിലേക്ക് കടക്കുകയായിരുന്നു.

തിരുവില്വാമല പഞ്ചായത്ത് ഭരണം അട്ടിമറിക്കാൻ കോൺഗ്രസിനൊപ്പം കൂടിയ സി.പി.എമ്മിന് പ്രതികാരം വീട്ടാൻ കോർപറേഷനിൽ അവസരമായെന്ന ധാരണയിലായിരുന്നു ബി.ജെ.പി ജില്ല നേതൃത്വം. കോൺഗ്രസും ഈ കണക്ക് കൂട്ടലിലായിരുന്നു. കൗൺസിലർമാർക്കിടയിൽ രഹസ്യ ചർച്ച വരെയും നടന്നു. എന്നാൽ സുരേഷ്ഗോപിയും കോർപറേഷനുമായുള്ള സൗഹൃദമാണ് ഇതിന് വിലങ്ങായത്. ശക്തൻ നഗർ വികസനത്തിന് നൽകിയ ഒരു കോടിക്ക് പുറമെ, കോർപറേഷൻ ആസ്ഥാന മന്ദിരമടക്കമുള്ള പദ്ധതിക്ക് കേന്ദ്ര സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് സുരേഷ്ഗോപി. അമൃത് പദ്ധതിയിലടക്കം കോടികളുടെ പദ്ധതികൾ നടക്കുകയാണ്. 2024 ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ സജീവമായിരിക്കെ ഭരണം അട്ടിമറിച്ച് കോൺഗ്രസിന് നൽകുന്നത് തിരിച്ചടിയുണ്ടായേക്കുമെന്ന സൂചന സുരേഷ്ഗോപി നേതൃത്വത്തിന് നൽകിയതാണ് ബി.ജെ.പിയുടെ വിട്ടുനിൽക്കലിന് ഇടയാക്കിയത്.

സി.പി.എം-ബി.ജെ.പി കൂട്ടുകെട്ട് പരസ്യമായെന്ന് പ്രതിപക്ഷം

കോര്‍പറേഷനില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ബി.ജെ.പി അംഗങ്ങള്‍ വിട്ടുനിന്നതോടെ സി.പി.എം-ബിജെപി കൂട്ടുകെട്ട് പരസ്യമായിരിക്കുകയാണെന്ന് അവിശ്വാസ പ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷ കക്ഷി നേതാവ് രാജന്‍ പല്ലന്‍ ആരോപിച്ചു. കൊടകര കുഴൽപ്പണ കേസ് അടക്കം ഒതുക്കിത്തീര്‍ക്കാമെന്നുള്ള ഒത്തുതീര്‍പ്പിലെത്തിയതോടെയാണ് ബി.ജെ.പി വിട്ടുനിന്ന് സി.പി.എമ്മിനെ സഹായിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ഓഫിസിന് മുമ്പില്‍ സി.പി.എം നേതാക്കള്‍ കാത്തുകിടന്ന് അവിഹിത കൂട്ടുകെട്ടുണ്ടാക്കിയാണ് അവരെ യോഗത്തിനു പോലും വരാതെ മാറ്റി നിര്‍ത്തിയതെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജോണ്‍ ഡാനിയേല്‍ പറഞ്ഞു. മേയറാണെങ്കില്‍ ബി.ജെ.പി എം.പിയായ സുരേഷ് ഗോപിയുടെ കാലു പിടിച്ച് നടക്കുകയാണ്. അവിശ്വാസം ഇവിടെ പരാജയപ്പെട്ടാലും ജനങ്ങളുടെ മുമ്പില്‍ തങ്ങള്‍ വിജയിച്ചിരിക്കയാണെന്നും ജോണ്‍ ഡാനിയേല്‍ പറഞ്ഞു. പത്തു ലക്ഷം രൂപ വീതം നല്‍കിയാണ് അവിശ്വാസ ചര്‍ച്ചയില്‍നിന്ന് ബി.ജെ.പി അംഗങ്ങളെ സി.പി.എം മാറ്റിനിര്‍ത്തിയിരിക്കുന്നതെന്ന് കോണ്‍ഗ്രസിലെ ലാലി ജെയിംസ് പറഞ്ഞു. പ്രതിപക്ഷത്തു നിന്ന് ജയപ്രകാശ് പൂവ്വത്തിങ്കല്‍, ലീല വര്‍ഗീസ്, മുകേഷ് കുളപറമ്പില്‍, കെ. രാമനാഥന്‍, ഭരണകക്ഷിയിലെ പി.കെ. ഷാജന്‍, ഷീബ ബാബു, എം.എല്‍. റോസി, പി. സുകുമാരന്‍, സി.പി. പോളി, വര്‍ഗീസ് കണ്ടംകുളത്തി തുടങ്ങിയവര്‍ ചർച്ചയിൽ പങ്കെടുത്തു.

നിർണായകമായി ബി.ജെ.പി വിട്ടുനിൽക്കൽ

ഭരിക്കാനുള്ള അംഗബലമില്ലെങ്കിലും കോര്‍പറേഷന്‍ ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്നത് തങ്ങളാണെന്ന് ബി.ജെ.പി തെളിയിച്ചു. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ യോഗത്തിന് പോലും എത്താതെ വിട്ടു നിന്നതോടെ മേയറെ പുറത്താക്കാന്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെടുകയായിരുന്നു. 55 അംഗ കൗണ്‍സിലില്‍ ആറ് അംഗങ്ങളുള്ള ബി.ജെ.പിയുടെ തീരുമാനം നിര്‍ണായകമായിരുന്നു. വോട്ടെടുപ്പിന് തൊട്ടുമുമ്പു വരെ മുഖ്യധാര മുന്നണികളെ ആശങ്കയിലാക്കാനും മോഹിപ്പിക്കാനും അവർക്കായി. 55 അംഗ കൗൺസിലിൽ ഭരണപക്ഷത്ത് മേയറും സ്വതന്ത്രരുമടക്കം 25ഉം പ്രതിപക്ഷത്ത് കോൺഗ്രസിന് 24ഉം ബി.ജെ.പിക്ക് ആറും അംഗങ്ങളാണുള്ളത്.

കോർപറേഷനിലെ ആദ്യ അവിശ്വാസം

കോര്‍പറേഷന്‍ രൂപവത്കരിച്ച ശേഷം ആദ്യമായാണ് മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കുന്നത്. മുന്നണിക്കുള്ളിലെ പ്രതിസന്ധി കാലത്തും ഇടത്-വലത് മുന്നണികൾ അവിശ്വാസത്തിലേക്ക് കടന്നിരുന്നില്ല. കഴിഞ്ഞ ഭരണസമിതിയുടെ കാലത്തും എൽ.ഡി.എഫ് കേവല ഭൂരിപക്ഷമില്ലാതെ തന്നെയാണ് ഭരണം നടത്തിയിരുന്നത്. അവിശ്വാസം കൊണ്ടുവരുന്നതിന് ഒരു ഘട്ടത്തിൽ കോൺഗ്രസ് ശ്രമം നടത്തിയിരുന്നുവെങ്കിലും പാർട്ടിക്കുള്ളിലെ എതിർപ്പും ബി.ജെ.പി പിന്തുണയുണ്ടായാൽ രാഷ്ട്രീയ തിരിച്ചടിയും ഭയന്ന് പിന്മാറുകയായിരുന്നു.

കോണ്‍ഗ്രസ് ചതിയന്മാര്‍ -മേയര്‍

കോണ്‍ഗ്രസുകാര്‍ ചതിയന്മാരാണെന്ന് അറിയാന്‍ വൈകിയെന്ന് മേയര്‍ എം.കെ. വര്‍ഗീസ്. അവിശ്വാസ പ്രമേയ ചര്‍ച്ചയിലെ മറുപടി പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവിശ്വാസത്തിന്റെ പേരിൽ ജനങ്ങൾക്ക് ലഭിക്കേണ്ട പല സേവനങ്ങളും വികസന പദ്ധതികളും വൈകിപ്പിച്ചതിന്റെ ഉത്തരവാദിത്തം കോൺഗ്രസിനാണ്. ജനങ്ങൾക്കെതിരെ ആയിരുന്നു അവിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

അവിഹിത മാർഗത്തിലൂടെ ഭരണം അട്ടിമറിക്കാനുള്ള നീക്കത്തിനേറ്റ തിരിച്ചടി -എൽ.ഡി.എഫ്

എൽ.ഡി.എഫ്‌ ഭരണം അവിഹിത മാർഗത്തിലൂടെ അട്ടിമറിക്കാനുള്ള കോൺഗ്രസ് ശ്രമമാണ്‌ പരാജയപ്പെട്ടതെന്ന്‌ എൽ.ഡി.എഫ്‌ ജില്ല കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. കോർപറേഷനിൽ ഭൂരിപക്ഷമില്ലാത്ത കോൺഗ്രസ്‌ വഴിവിട്ട മാർഗങ്ങളിലൂടെ എൽ.ഡി.എഫിനെ പുറത്താക്കി അധികാരത്തിൽ വരാമെന്നാണ്‌ കണക്ക്‌ കൂട്ടിയത്‌. ജനാധിപത്യ വിരുദ്ധമായ ഈ നീക്കത്തിന്‌ കിട്ടിയ തിരിച്ചടിയാണ്‌ അവിശ്വാസ പ്രമേയത്തിന്‍റെ പരാജയം. അധികാരത്തോടുള്ള ആർത്തിയാണ്‌ പ്രമേയം കൊണ്ടുവരാൻ കാരണം. വികസന പ്രവർത്തനങ്ങൾ നടത്തുന്ന എൽ.ഡി.എഫിന്‌ പിറകിൽ ജനം അണിനിരക്കുന്നതിൽ വിറളി പൂണ്ടാണ്‌ അട്ടിമറിക്കാൻ ശ്രമിച്ചതെന്ന് ജില്ല കൺവീനർ എം.എം. വർഗീസ്‌ പറഞ്ഞു.

ഭരണ അസ്ഥിരതക്ക് പിന്തുണ നൽകില്ല -കെ.കെ. അനീഷ് കുമാർ

സി.പി.എമ്മിനെ മാറ്റി കോൺഗ്രസിനെ കൊണ്ടുവരുന്നതും കോൺഗ്രസിനെ മാറ്റി സി.പി.എമ്മിനെ കൊണ്ടുവരുന്നതും ബി.ജെ.പിയുടെ നയപരിപാടിയല്ലെന്ന് ബി.ജെ.പി ജില്ല പ്രസിഡന്‍റ് കെ.കെ. അനീഷ് കുമാർ. ഇരു പാർട്ടികളുടെയും തെറ്റായ നിലപാടുകൾക്കെതിരെ പോരാട്ടം തുടരും. ഭരണ അസ്ഥിരത ഉണ്ടാക്കാൻ ബി.ജെ.പി ആർക്കും പിന്തുണ നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടിനെതിരെ അനിശ്ചിതകാല പ്രക്ഷോഭം -ജോസ് വള്ളൂർ

തൃശൂർ നഗരം കൊള്ളയടിക്കുന്ന സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടിനെതിരെ 55 ഡിവിഷനുകളിലും അനിശ്ചിതകാല പ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂർ. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും അവിശുദ്ധ കൂട്ടുകെട്ടിന്റെ പ്രകടമായ അടയാളമായിരുന്നു അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് ബി.ജെ.പി വിട്ടുനിന്നത്. പൈതൃക ഭൂമി വിഷയത്തിൽ കേസെടുക്കുമെന്ന് പറഞ്ഞതും തിരുവില്വാമല പകരം ചോദിക്കും എന്ന് പറഞ്ഞതും ബി.ജെ.പി ജില്ല പ്രസിഡന്‍റാണ്. ഭൂമാഫിയയുമായി കൂട്ടുചേർന്ന് മാസ്റ്റർ പ്ലാനിൽ നടത്തിയ കോടികളുടെ അഴിമതിയിലും ടെൻഡർ വിളിക്കാതെ കോടിക്കണക്കിന് രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയതിലും ലഭിച്ച വൻ തുകകൾ ഇരുകൂട്ടരും വീതം വെച്ചെടുത്തതാണ് അവിശ്വാസ പ്രമേയം പരജയപ്പെടാൻ കാരണം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സുരേഷ്ഗോപിയെ സഹായിക്കാം എന്ന രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണ് കൂട്ടുകെട്ടെന്നും അദ്ദേഹം പറഞ്ഞു.

ആഹ്ലാദ-പ്രതിഷേധ പ്രകടനങ്ങൾ

സി.​പി.​എം-​ബി.​ജെ.​പി അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ട്​ ആ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​ർ ന​ട​ത്തിയ പ്ര​തി​ഷേ​ധ പ്ര​ക​ട​നം

കോർപറേഷനിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിൽ കൗൺസിലർമാരും ഇടതുമുന്നണി പ്രവർത്തകരും നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി. കോർപറേഷനിൽ നിന്നാരംഭിച്ച പ്രകടനത്തിൽ മേയർ എം.കെ. വർഗീസ്, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം യു.പി. ജോസഫ്, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ പി.കെ. ഷാജൻ, വർഗീസ് കണ്ടംകുളത്തി, ഷീബ ബാബു തുടങ്ങിയവർ പങ്കെടുത്തു.

കോർപറേഷനിൽ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ട് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കോർപറേഷൻ ഓഫിസിൽ നിന്നാരംഭിച്ച പ്രകടനത്തിൽ പ്രതിപക്ഷ കക്ഷി നേതാവ് രാജൻ പല്ലൻ, ഉപനേതാവ് ഇ.വി. സുനിൽ രാജ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ജോൺ ഡാനിയേൽ, ലാലി ജെയിംസ്, എൻ.എ. ഗോപകുമാർ, ജയപ്രകാശ് പൂവത്തിങ്കൽ, കെ. രാമനാഥൻ, മുകേഷ് കൂളപറമ്പിൽ, ശ്യാമള മുരളീധരൻ, എ.കെ. സുരേഷ്, ലീല ടീച്ചർ, നിമ്മി റപ്പായി, മേഴ്സി അജി, അഡ്വ. വില്ലി, രന്യ ബൈജു, ശ്രീലാൽ ശ്രീധർ, സനോജ് പോൾ, എബി വർഗീസ്, വിനീഷ് തയ്യിൽ, സിന്ധു ആന്‍റോ, റെജി ജോയ്, ആൻസി ജെക്കബ്, സുനിത വിനു, മേഫി ഡെൽസൺ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thrissur corporationNo-confidence motioncongress
News Summary - The no-confidence motion brought by Congress failed in thrissur corporation
Next Story