പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധ ഏറ്റവരുടെ എണ്ണം 227 ആയി
text_fieldsപെരിഞ്ഞനം: പെരിഞ്ഞനത്തെ ഹോട്ടലിൽനിന്ന് കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം 227 ആയി. ഇതിൽ 49 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 33 പേർ കുറ്റിലക്കടവ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചൊവ്വാഴ്ച മാത്രം ചികിത്സ തേടി. ഇതിൽ ഹോട്ടലിലെ തൊഴിലാളികളായ ഇതര സംസ്ഥാനക്കാരുമുണ്ട്.
പാലക്കാട്, എറണാകുളം ജില്ലകളിലുള്ളവർക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. വീട്ടമ്മ മരിച്ച സംഭവം അറിഞ്ഞതോടെയാണ് രോഗലക്ഷണങ്ങൾ പ്രകടമായവർ ആശുപത്രികളിലെത്തുന്നത്. അതിനാൽ, എണ്ണം ഇനിയും ഉയരുമെന്നാണ് കരുതുന്നത്.
പലർക്കും വളരെ വൈകിയാണ് ലക്ഷണങ്ങൾ പ്രകടമാകുന്നത്. പനിയും ഛർദിയും വയറിളക്കവുമായാണ് ഭൂരിഭാഗം പേരും ചികിത്സതേടുന്നത്.
സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷ വിഭാഗവും പരിശോധന നടത്തി ഹോട്ടൽ അടച്ചുപൂട്ടിയിരുന്നു. ഭക്ഷ്യ സുരക്ഷ അധികൃതർ ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു. ഇതിന്റെ റിപ്പോർട്ട് കിട്ടിയ ശേഷമേ ഭക്ഷ്യവിഷബാധക്ക് കാരണമായതെന്തെന്ന് വ്യക്തമാകൂ. കഴിഞ്ഞദിവസം ജില്ല മെഡിക്കൽ ഓഫിസിൽനിന്ന് ഐ.ഡി.എസ്.പി ഓഫിസർ ഡോ. ഗീത, എപ്പിഡമോളജിസ്റ്റ് കല എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമെത്തി ഹോട്ടലിൽ തെളിവെടുപ്പ് നടത്തി.
വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഇതുസംബന്ധിച്ച് കയ്പമംഗലം പൊലീസിലും പെരിഞ്ഞനം പഞ്ചായത്തിലും റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഹോട്ടൽ അധികൃതർക്കെതിരെ നിയമ നടപടി ഉൾപ്പെടെ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
അസ്വാഭാവിക മരണത്തിന് കേസ്
മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ വീട്ടിലെത്തിച്ചത് വിവാദമായി
കയ്പമംഗലം: പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിക്കാനിടയായ സംഭവത്തിൽ കയ്പമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. തെളിവുകൾ ശേഖരിച്ച ശേഷം പരിശോധന ഫലംകൂടി വന്ന ശേഷമേ നടപടികൾ പൂർത്തിയാകൂവെന്ന് പൊലീസ് പറഞ്ഞു.
ഭക്ഷ്യവിഷബാധയെ തുടർന്ന് അടച്ചുപൂട്ടിയ ഹോട്ടൽ പഞ്ചായത്ത് അധികൃതർ സീൽ ചെയ്തു. ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കിക്കൊണ്ടുള്ള നോട്ടീസും പതിച്ചു.
അതേസമയം, ഉസൈബയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ വീട്ടിലെത്തിച്ചത് വിവാദമായി. ആശുപത്രിയിൽനിന്ന് ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ കയ്പമംഗലം പൊലീസിന്റെയും ഇ.ടി. ടൈസൺ എം.എൽ.എ ഉൾപ്പെടെ ജനപ്രതിനിധികളുടെയും ഇടപെടൽമൂലം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വീണ്ടും രാവിലെ 11ഓടെ തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
പോസ്റ്റ്മോർട്ടം നടത്താതെ മൃതദേഹം വിട്ടുകൊടുത്തത് ആരോഗ്യ വകുപ്പിന്റെ പിഴവാണെന്ന് ആരോപിച്ച് വിവിധ സംഘടനകൾ രംഗത്തെത്തി. ഉസൈബയുടെ മരണം കൃത്യമായി പൊലീസിനെ അറിയിച്ചിരുന്നുവെന്നാണ് മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ, ഒരുതരത്തിലുള്ള അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് കയ്പമംഗലം പൊലീസും പറയുന്നു.
വീട്ടമ്മ ആദ്യം ചികിത്സ തേടിയ കുറ്റിലക്കടവ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെയും പിന്നീട് പ്രവേശിപ്പിച്ച ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെയും മെഡിക്കൽ റിപ്പോർട്ടുകൾ ഉണ്ടായിട്ടും മരണം സ്ഥിരീകരിച്ച മെഡിക്കൽ കോളജ് അധികൃതർ എന്തുകൊണ്ടാണ് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ വിട്ടയച്ചത് എന്നാണ് പൊലീസ് ചോദിക്കുന്നത്. കയ്പമംഗലം സി.ഐ എം. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് ഇൻക്വസ്റ്റ് തയാറാക്കിയതിന് ശേഷമാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.