വയോധികൻ ഉറക്കത്തില്‍ നടന്നു; വീട്ടിലെത്തിച്ച് പൊലീസ്
text_fieldsതൃശൂർ: ഉറക്കത്തില്‍ എണീറ്റ് നടന്ന വയോധികനെ അര്‍ധരാത്രി പട്രോളിങ്ങിനിറങ്ങിയ പൊലീസ് വീട്ടിലെത്തിച്ചു. തൃശൂര്‍ നഗരത്തിൽ കോഴിക്കോട് റോഡിലാണ് സംഭവം. പുലര്‍ച്ചയാണ് പൊലീസ് മുണ്ട് മാത്രം ധരിച്ച വയോധികനെ റോഡില്‍ കാണുന്നത്. റോഡില്‍ കൈകുത്തി എണീക്കാന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍.
കേള്‍വിക്കുറവുള്ള വയോധികന് വീട് കേരളവര്‍മ കോളജിന് സമീപം മാത്രമാണെന്നാണ് ഓര്‍മയുണ്ടായിരുന്നത്. തുടര്‍ന്ന് ഫോട്ടോയെടുത്ത് പൊലീസ് വീടുകള്‍ കയറിയിറങ്ങി അന്വേഷിച്ചു. ഒന്നര മണിക്കൂറിന് ശേഷമാണ് വീട് കണ്ടെത്തിയത്. രാത്രി ഉറക്കത്തിനിടെ ഇറങ്ങി നടക്കുന്ന ശീലമുള്ളയാളാണെന്നും മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ വഴിതെറ്റിപ്പോയതാണെന്നും വീട്ടുകാര്‍ അറിയിച്ചു. സി.പി.ഒമാരായ കെ.എ അജേഷ്, മനു, പൊലീസ് കണ്ട്രോള് റൂം ഡ്രൈവര്‍ ഷിനുമോന്‍ എന്നിവരാണ് വയോധികനെ വീട്ടിലെത്തിച്ചത്.
വഴിതെറ്റിയ വീട്ടമ്മക്ക് രക്ഷകരായി പൊലീസ്
പീച്ചി: വഴിതെറ്റി പട്ടിക്കാട് എത്തിയ 63കാരിക്ക് രക്ഷകരായി പീച്ചി പൊലീസ്. ഇവരെ ഒരു രാത്രി സംരക്ഷിക്കുകയും വെള്ളിക്കുളങ്ങരയിലെ വീട് കണ്ടുപിടിച്ച് അവിടെ എത്തിക്കുകയുമായിരുന്നു. പട്ടിക്കാട് അലഞ്ഞുതിരിഞ്ഞ ഇവരെ കുറിച്ച് നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. പീച്ചി സി.ഐ ഷുക്കൂര്‍ എത്തി വിവരങ്ങള്‍ തിരക്കി. തുടര്‍ന്ന് എ.എസ്.ഐ കെ. ജയേഷ് വെള്ളിക്കുളങ്ങര സ്റ്റേഷനുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ മാക്കുറ്റിപ്പാടം സ്വദേശിനിയാണെന്ന് കണ്ടെത്തി. നേരം വൈകിയതിനാല്‍ ഇവരെ കന്യാസ്ത്രീ മഠത്തോട് ചേര്‍ന്ന കരിസ്മ ഹോമില്‍ താമസിപ്പിക്കുകയും പിറ്റേന്ന് വീട്ടിലെത്തിക്കുകയുമായിരുന്നു. ഒറ്റക്ക് താമസിക്കുന്ന ഇവര്‍ക്ക് വേണ്ട ഭക്ഷണ സാധനങ്ങളും വാങ്ങിനല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.