റോഡിലിറങ്ങൽ പതിവ്; ആനക്കൂട്ടത്തെ പേടിച്ച് പാലപ്പിള്ളിക്കാർ
text_fieldsആമ്പല്ലൂർ: പാലപ്പിളളി പിള്ളത്തോട്ടിന് സമീപം ഏഴ് കാട്ടാനകൾ സ്ഥിരമായി റോഡിലിറങ്ങുന്നത് തോട്ടം തൊഴിലാളികളെയും യാത്രക്കാരെയും ആശങ്കയിലാക്കുന്നു.
മുമ്പ് രാത്രിയിലായിരുന്നു ആനകൾ റോഡിൽ ഇറങ്ങാറുള്ളത്. ഇപ്പോൾ ദിനേന ചുരുങ്ങിയത് മൂന്നുതവണയെങ്കിലും പകൽ സമയത്ത് ആനകൾ റോഡ് മുറിച്ചുകടക്കുന്നതായി നാട്ടുകാർ പറയുന്നു. പാലപ്പിള്ളിയിലേക്ക് പോകുന്ന വഴിയിൽ പലയിടങ്ങളിലും ആനക്കൂട്ടം ഇറങ്ങാറുണ്ടെങ്കിലും ഈ ഏഴ് ആനകൾ അക്രമസ്വഭാവമുള്ളതാണെന്നതാണ് വഴിയാത്രക്കാരെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തുന്നത്. ഇരുവശത്തുമുള്ള തോട്ടങ്ങളിൽനിന്ന് പെട്ടെന്നാണ് ആനകൾ റോഡിലേക്ക് എത്തുക. ഈ സമയം ഇവയുടെ മുന്നിലകപ്പെട്ടാൽ ഇവ ആക്രമിക്കാനും സാധ്യതയേറെയാണ്. റോഡിലിറങ്ങിയ ശേഷം പിള്ളത്തോട് ഭാഗത്തെ തോട്ടത്തിന്റെ കൽഭിത്തികൾ തകർത്താണ് ഇവ മറുവശത്തേക്ക് കടക്കുന്നത്.
അതിരാവിലെയാണ് ആനക്കൂട്ടത്തിന്റെ ആദ്യ റോഡ് മുറിച്ചുകടക്കൽ. ഈ സമയമാണ് തൊഴിലാളികൾ തോട്ടങ്ങളിൽ പണിക്കിറങ്ങുന്നത്. വ്യാഴാഴ്ച രാവിലെയും ഇത്തരത്തിൽ ആനകൾ റോഡ് മുറിച്ചുകടക്കുന്നതിനിടെ നിരവധി വാഹനയാത്രക്കാർ റോഡിൽ കുടുങ്ങി. യാത്രക്കാർ ഹോൺ മുഴക്കിയാൽ ആനകൾ അവർക്ക് നേരെ പാഞ്ഞടുക്കും.
പാലപ്പിള്ളി, ചിമ്മിനി ഡാം, ചൊക്കന എന്നിവിടങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസമായി 40 കാട്ടാനകൾ തമ്പടിച്ചിട്ടുണ്ടെന്ന് തൊഴിലാളികൾ പറയുയുന്നു. റോഡിലേക്ക് ആനകൾ ഇറങ്ങാതിരിക്കാൻ വശങ്ങളിൽ വൈദ്യുതി വേലി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കാട്ടാന ശല്യം കുറയാതെ മുപ്ലി
കൊടകര: മറ്റത്തൂര്‍, വരന്തരപ്പിള്ളി പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള മലയോര ഗ്രാമമായ മുപ്ലിയില്‍ കാട്ടാനശല്യം കുറയുന്നില്ല. കഴിഞ്ഞ രാത്രി മുപ്ലിയിലെത്തിയ കാട്ടാന സ്വകാര്യ കൃഷിഭൂമിയിലെ വലിയ തെങ്ങുകളിലൊന്ന് കുത്തിമറിച്ചിട്ടു. സമീപത്തെ മുപ്ലി പുഴ കടന്നാണ് കാട്ടാനകള്‍ ഇവിടത്തെ ജനവാസ മേഖലയിലേക്ക് എത്തുന്നത്. പകല്‍ ഹാരിസന് പ്ലാന്റേഷനില്‍ വിഹരിക്കുന്ന കാട്ടാനകള്‍ രാത്രി കൃഷിസ്ഥലങ്ങളിലേക്ക് എത്തി തെങ്ങ് ,കവുങ്ങ്, വാഴ എന്നിവ നശിപ്പിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.