പൊലീസിന് ലഭിച്ച ആ ഫോൺ കോൾ.... കരുതലായത് ഒരു കുടുംബത്തിന്
text_fieldsതൃശൂർ: കഴിഞ്ഞ ദിവസം വിയ്യൂർ പൊലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺ വിളി വന്നു...വില്ലടം ഗ്രൗണ്ടിനടുത്തുള്ള വാട്ടർ ടാങ്കിനു മുകളിൽ കയറി ഒരാൾ ആത്മഹത്യാ ഭീഷണി മുഴക്കുന്നു...ഉടൻ എത്തണം. ഫോൺ സന്ദേശം ലഭിച്ച സീനിയർ സിവിൽ പൊലീസ് ഓഫിസർ ടി. സജു ഇക്കാര്യം ഇൻസ്പെക്ടർ സൈജു കെ. പോളിനെ അറിയിച്ചു.
വാഹനങ്ങളെല്ലാം ഡ്യൂട്ടിയാവശ്യത്തിൽ ദൂരെയായതിനാൽ മറ്റു വാഹനങ്ങളും ഉണ്ടായിരുന്നില്ല. വൈകാതിരിക്കാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർമാരായ അനീഷിനേയും ഹരീഷിനേയും സ്ഥലത്തേക്കയച്ചു. നിമിഷങ്ങൾക്കകം ഇരുവരും സ്ഥലത്തെത്തിയപ്പോൾ കണ്ടത് ടാങ്കിനു മുകളിൽ ഒരാൾ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നതും താഴെ നിന്ന് മകൻ, ഇറങ്ങിവരാനായി കരഞ്ഞ് പറയുന്നതുമായിരുന്നു.
താഴെ നിരവധിയാളുകൾ നിസ്സഹായരായി നോക്കിനിൽക്കുന്നുണ്ടായിരുന്നു. പൊലീസിനെ കണ്ടതോടെ ആരെങ്കിലും മുകളിലേക്ക് കയറിയാൽ അയാൾ താഴേക്ക് ചാടുമെന്ന് തുടരെ തുടരെ ഭീഷണിമുഴക്കി. താഴെ നിന്ന് അനീഷും ഹരീഷും പലവട്ടം താഴേക്കിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല.
ഇതിനിടെ ടാങ്കിന്റെ മറുവശത്തേക്ക് അയാൾ നീങ്ങിയ തക്കംനോക്കി അനീഷ് ഇരുമ്പ് ഗോവണിയിലൂടെ മുകളിലെത്തി. ശബ്ദമില്ലാതെ അടുത്തെത്തി ബലമായി പിടികൂടി.
ഒരു മൽപിടിത്തം നടന്നാൽ രണ്ടുപേരുടേയും ജീവന് ഭീഷണിയാണെന്നത് മനസ്സിലാക്കി അനീഷ്, ടാങ്കിനു മുകളിൽ വെച്ച് സൗമ്യമായി അയാളോട് സംസാരിച്ചു. ഇതിനിടയിലാണ് അമിതമായി മദ്യപിച്ചിരുന്ന അയാൾ കൈയിൽ ബ്ലേഡ് ഒളിപ്പിച്ചതായി കണ്ടത്. ഇതോടെ എന്ത് പ്രശ്നമുണ്ടെങ്കിലും പരിഹരിക്കാമെന്നും തങ്ങൾ കൂടെയുണ്ടെന്നും പറഞ്ഞ് കൈവശമുണ്ടായിരുന്ന ബ്ലേഡ് വാങ്ങി പതുക്കെ ഗോവണിയിലൂടെ താഴെയിറക്കി.
സ്റ്റേഷനിൽ എത്തിച്ച് കുടുംബ സംബന്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്ന് ഇൻസ്പെക്ടർ സൈജു പോൾ ഉറപ്പു നൽകി. വീട്ടുകാർക്കൊപ്പം സന്തോഷത്തോടെ യാത്രയാക്കി. കൗൺസലിങ്ങിന് വിധേയനാക്കാനുള്ള നിർദേശവും പൊലീസ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.