കിഴുപ്പിള്ളിക്കരയിൽ പ്രസും നിർമാണ സാമഗ്രികളും തുരുമ്പെടുത്ത് നശിക്കുന്നു
text_fieldsപഴുവിൽ: കോടികൾ വിലയുള്ള പ്രസും കാർഷിക വിളകൾക്കുള്ള നിർമാണ സാമഗ്രികളും അധികൃതരുടെയും ഭരണസമിതിക്കാരുടെയും അനാസ്ഥയിൽ തുരുമ്പെടുത്തു നശിക്കുന്നു. താന്ന്യം പഞ്ചായത്തിലെ ഏക ഹരിജൻ സഹകരണ സംഘമാണ് അനാഥത്വത്തിന്റെ മറവിൽ തുരുമ്പെടുത്തു നശിക്കുന്നത്.
പതിറ്റാണ്ടുകൾക്കുമുമ്പാണ് കിഴുപ്പിള്ളിക്കര സെൻററിൽ സഹകരണ സംഘം ഒറ്റ മുറിയിൽ വാടക കെട്ടിടത്തിൽ ആരംഭിച്ചത്. ഈ സംഘത്തിലെ മെംബർമാർക്ക് സർക്കാറിന്റെയും കൃഷിവകുപ്പിന്റെയും നേതൃത്വത്തിൽ സൗജന്യമായി കാർഷിക ഉരുപ്പടികൾ സംഘം വഴി വിതരണങ്ങൾ നടത്തിയായിരുന്നു തുടക്കം. തുടർന്നു സർക്കാറിന്റെയും ഹരിജന വകുപ്പിന്റെയും ഫണ്ടുകൾ ഉപയോഗപ്പെടുത്തി സ്വന്തമായി എട്ട് സെൻറ് ഭൂമിയിൽ കെട്ടിടം പ്രവർത്തനമാരംഭിച്ചു.
അന്നത്തെ ഭരണസമിതിയുടെ തീരുമാനപ്രകാരം അക്ഷരങ്ങൾ നിരത്തി കമ്പോസ് ചെയ്യുന്ന പ്രിൻറിങ് പ്രസ് നടത്താനും ബാച്ചുകൾ 20 വീതം കുട്ടികൾക്ക് തൊഴിൽ പരിശീലനം നടത്താനും ആരംഭിച്ചാണ് പ്രസിനു തുടക്കം കുറിച്ചത്.
അധികകാലം തുടരാനാവാതെ കുട്ടികളെ കിട്ടാനില്ലാത്ത അവസ്ഥയും അക്ഷരങ്ങൾ പെറുക്കി എടുത്തുള്ള പ്രിൻറിങ് ഇല്ലാതാവുകയും വന്നതോടെ പ്രസ് നിലച്ചു. ആ ഘട്ടത്തിൽ അതിനെ മറിച്ചുവിൽക്കാനോ ആധുനികതക്ക് തയാറാവാതെ ഇന്നും മുറിക്കുള്ളിൽ പതിറ്റാണ്ടായി തുരുമ്പെടുത്തു നശിച്ചുകൊണ്ടിരിക്കുകയാണ്.
അധികംവൈകാതെതന്നെ സർക്കാറിന്റെ സബ് സീഡിയായി കാർഷിക വിളകൾക്ക് ഉപകരിക്കുന്ന ടില്ലറുകൾ മെതിയന്ത്രങ്ങൾ, ഞാറു നടാനുള്ള മെഷീൻ എന്നിവ വാടകക്കായി സംഘം പുതുതായി വാങ്ങിയെങ്കിലും ടില്ലറുകൾ പാലക്കാടൻ മേഖലയിലേക്ക് പണിക്കായി കൊണ്ടുപോയതോടെ ആ ടില്ലറുകളുടെ വരവും നിലച്ചു. അന്നത്തെ ഭരണസമിതിയുടെ കാലാവധിയും കഴിഞ്ഞു. തുടർന്നുവന്ന ഭരണസമിതിക്കാർ സംഘത്തിന്റെ കണക്കു നോക്കിയപ്പോൾ ലോൺ എടുത്തിരുന്ന ലക്ഷങ്ങൾ മുടക്കമായതോടെ ഭരണ സമിതി പിരിച്ചുവിട്ടു അഡ്മിനിട്രേഷൻ ഭരണമായി.
വർഷങ്ങൾ തുടർന്നെങ്കിലും തുറക്കാനോ പ്രവർത്തിക്കാനോ കഴിയാതെ അടഞ്ഞുകിടന്ന കോൺക്രീറ്റ് കെട്ടിട ഓഫിസിന്റെ ഷട്ടർ വരെ തുരുമ്പെടുത്തു. ഇപ്പോൾ ക്ഷുദ്രജീവികളും സാമൂഹികദ്രോഹികളും താവളമാക്കിയിരിക്കുകയാണിവിടെ. സഹകരണ സംഘം തുറന്ന് പ്രവർത്തിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.