‘ആർ വൺ ഇൻഫോ ട്രേഡി’ന്റെ സ്വത്തുക്കൾ കണ്ടുകെട്ടും
text_fieldsതൃശൂർ: ‘ബഡ്സ്’ (ബാനിങ് ഓഫ് അൺറെഗുലേറ്റഡ് ഡെപോസിറ്റ് സ്കീംസ്) നിയമത്തിന് വിരുദ്ധമായി പൊതുജനങ്ങള്‍ക്ക് അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും നിക്ഷേപകര്‍ ആവശ്യപ്പെട്ടിട്ടും പണം തിരിച്ച് നല്‍കാതെ വഞ്ചിക്കുകയും ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ തൃശൂരിലെ ‘ആര് വണ്‍ ഇന്‍ഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനത്തിന്റെയും ഉടമകളുടെയും പേരിലുള്ള സ്ഥാവര-ജംഗമ വസ്തുക്കള്‍ താല്‍ക്കാലികമായി ജപ്തി ചെയ്യാനും ജപ്തി സ്ഥിരമാക്കാൻ നിയുക്ത കോടതി മുമ്പാകെ ഹര്‍ജി ഫയല്‍ ചെയ്യാനും ജില്ല മജിസ്ട്രേറ്റ് ഉത്തരവിട്ടു.
പ്രതികളുടെ ജില്ലയിലെ എല്ലാ സ്ഥാവര ജംഗമ വസ്തുക്കളും തിട്ടപ്പെടുത്തി കണ്ടുകെട്ടാൻ മഹസ്സര്‍, ലൊക്കേഷന്‍ സ്കെച്ച്, തണ്ടപ്പേര് പകര്‍പ്പ് എന്നിവയുള്‍പ്പെടെ റിപ്പോര്‍ട്ട് തഹസില്‍ദാര്‍മാര്‍ തയാറാക്കും. ജില്ല രജിസ്ട്രാര്‍ പ്രതികളുടെ സ്ഥാവര സ്വത്തുകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണം. അവയുടെ തുടര്‍ന്നുള്ള വിൽപന നടപടികള്‍ താല്‍ക്കാലികമായി മരവിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട എല്ലാ സബ് രജിസ്ട്രാര്‍ ഓഫിസര്‍മാര്‍ക്കും അടിയന്തരമായി നല്‍കും.
പ്രതികളുടെ പേരില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ മോട്ടോര്‍ വാഹനങ്ങളുടെയും പട്ടിക തൃശൂര്‍ റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ തയാറാക്കി കലക്ടറേറ്റിലേക്കും ജില്ല പൊലീസ് മേധാവിക്കും കൈമാറും.
പ്രതികളുടെ പേരില്‍ ജില്ലയിലെ ബാങ്കുകള്‍/ട്രഷറികള്‍/സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആരംഭിച്ച എല്ലാ അക്കൗണ്ടുകളും സ്ഥിര നിക്ഷേപങ്ങളും മരവിപ്പിക്കാനുള്ള നടപടി സ്ഥാപന മേധാവികൾ സ്വീകരിക്കണം. ജില്ലയിലെ എല്ലാ ബാങ്ക് മാനേജര്‍മാര്‍ക്കും ഇത് സംബന്ധിച്ച അറിയിപ്പ് ലീഡ് ബാങ്ക് മാനേജര്‍ നല്‍കണം. ഉത്തരവ് ഫലപ്രദമായി നടപ്പാക്കാൻ തൃശൂര്‍ സിറ്റി, റൂറല്‍ ജില്ല പൊലീസ് മേധാവിമാര്‍, തൃശൂര്‍, ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണല്‍ ഓഫിസര്‍ എന്നിവര്‍ക്കാണ് ചുമതല.
ജപ്തി സ്ഥിരപ്പെടുത്താൻ നിയുക്ത കോടതി മുമ്പാകെ സമയബന്ധിതമായി ഹരജി ഫയല്‍ ചെയ്യേണ്ടതിനാല്‍ കണ്ടുകെട്ടല്‍ നടപടികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് അടിയന്തരമായി കലക്ടറേറ്റില്‍ ലഭ്യമാക്കണമെന്നും കലക്ടര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.