ചുഴലിയിൽ കറങ്ങി ജില്ല
text_fieldsതൃശൂർ: കനത്ത മഴക്കൊപ്പം ജില്ലയിൽ വിവിധയിടങ്ങളിൽ ചുഴലിക്കാറ്റും. പലയിടത്തും കനത്ത നാശം. ഊരകം, ചേർപ്പ്, ചേനം മേഖലകളിൽ കാറ്റിൽ വ്യാപക നാശമുണ്ടായി. അവിണിശേരി അടിപ്പാത റോഡിൽ കൂറ്റൻ വാകമരം കടപുഴകി വീടിനും മരം മില്ലും തകർന്നു. ചേർപ്പ്, ഊരകം, ആലപ്പാട് ഭാഗത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശമുണ്ടായി. ചേർപ്പ് മേഖലയിൽ 20ഓളം വൈദ്യുതിത്തൂണുകളും തൃപ്രയാർ ഇടശേരി ബീച്ച് റോഡിൽ തെങ്ങ് വീണ് അഞ്ച് വൈദ്യുതിത്തൂണുകളും തകർന്നു. ആലപ്പാട് പുറത്തൂർ മേഖലകളിൽ നിരവധി വീടുകളുടെ ഓടുകളും ഷീറ്റുകളും പറന്നു പോയി. നിരവധി മരങ്ങളും കടപുഴകി വീടുകൾക്ക് നാശമുണ്ടായി.
ഭൂമി വിണ്ടുകീറി. ചാവക്കാട് കടപ്പുറത്ത് കാറിന് മുകളിൽ മരം വീണ് തകർന്നു. നായാട്ടുകുണ്ടിൽ കാറ്റിൽ മരം വീണ് രണ്ട് വീടുകൾ തകർന്നു. വൈദ്യുതിക്കാലുകൾ തകർന്നതും ലൈനുകൾ പൊട്ടിയതോടെയും ജില്ലയുടെ പല മേഖലകളിലും രാത്രിയിലും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനായിട്ടില്ല. കനത്ത കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടങ്ങളുണ്ടായെങ്കിലും ആളപായമോ പരിക്കേൽക്കുകയോ ചെയ്തിട്ടില്ല. നാശത്തിന്റെ വിശദാംശങ്ങൾ വില്ലേജ് ഓഫിസർമാർ പരിശോധിക്കുകയാണെന്ന് ജില്ല കൺട്രോൾ റൂം അറിയിച്ചു.
ചേര്‍പ്പ്: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളായ ചേര്‍പ്പ് പടിഞ്ഞാട്ടുറി, ഊരകം, വടക്കുമുറി, കടാമ്പുഴ, കുന്നത്ത് മുകള്‍ പ്രദേശങ്ങളിലാണ് മിന്നല്‍ ചുഴലിയില്‍ വൃാപക നാശമുണ്ടായത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു മിന്നൽ ചുഴലി മേഖലയിൽ വീശിയടിച്ചത്.
മരങ്ങൾ വീണതിനെ തുടർന്ന് വൈദ്യുതിലൈനുകള്‍ പൊട്ടിവീഴുകയും വൈദ്യുതിക്കാലുകൾ മറിഞ്ഞു വീഴുകയും ചെയ്തു. 20ലധികം വൈദ്യുതിത്തൂണുകൾ ഒടിഞ്ഞു. വാരണാംകുളം ഭാഗത്ത് വലിയ മരങ്ങൾ മറിഞ്ഞുവീണ് വൈദ്യുതി കമ്പി പൊട്ടി. ചേർപ്പ് കെ.എസ്.ഇ.ബി ഓഫിസിന് സമീപത്തെ കല്ലൂക്കാരൻ ജെയിംസിന്റെ വീടിന്റെ മുകളിൽ ഉറപ്പിച്ചിരുന്ന ഷീറ്റ് അടിച്ചിരുന്ന മേൽക്കുരയാണ് 100 മീറ്റർ ദൂരത്തിലുള്ള കരിപ്പേരി വിൻസെന്റിന്റെ വീടിന്റെ മുകളിലേക്ക് വീണത്.
രണ്ടു വീടുകളിലും ആളുകൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. ചേര്‍പ്പ് ഭഗവതി ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ കടാമ്പുഴ മഹാവിഷ്ണു ക്ഷേത്രത്തിന്റെയും ഊരകം വരണാകുളം ക്ഷേത്രത്തിന്റെയും മേല്‍ക്കൂരയിലെ ഓടുകള്‍ ശക്തമായ കാറ്റില്‍ ഇളകിമാറി, പല വീടുകളുടെയും ടെറസിലെ ഷീറ്റുകള്‍ കാറ്റില്‍ നിലംപതിച്ച നിലയിലാണ്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, വില്ലേജ് ഓഫിസര്‍ പി.ജി. സുരേന്ദ്രന്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവര്‍ വീടുകള്‍ സന്ദര്‍ശിച്ചു.
അവിണിശേരി അനാഥശാല പള്ളിക്ക് സമീപം റെയിൽവേ അടിപ്പാത റോഡിൽ മരം വീണ് വീടും മര കമ്പനിയും ഭാഗികമായി തകർന്നു. കുണ്ടായി ശിവന്റെ വീടിന്റെയും മേച്ചേരി ജോസിന്റെ ഉടമസ്ഥതയിലുള്ള മര കമ്പനിയുടെയും ഭാഗങ്ങളാണ് തകർന്നത്. കോയാത്ത് രമണി, പുതുനമ്പ്യാത്ത് സരസ്വതി, തട്ടിൽ കാട ജോൺസൺ, പട്ടത്ത് ശാന്ത, തെക്കിനിയത്ത് കുഞ്ഞാമര ജോണി, കളരിക്കൽ രമേഷ്, ഗോപി, കല്ലൂക്കാരൻ ജിമ്മി, കരിപ്പേരി വിൻസൺ, നെല്ലിശേരി ആന്റണി, മൂർക്കത്ത് വളപ്പിൽ ഗോപാലകൃഷ്ണൻ, എടത്തുരുത്തിക്കാരൻ ജോയ്, കാക്കശേരി മൊയ്തീൻകുട്ടി, ആത്ര സരസ്വതി, കോല്യാൻ മിഥുൻ, കൊഴക്കുഴി പറമ്പിൽ അവറു, നാരങ്ങലിൽ ശിവദാസൻ, കിഴക്കൂട്ട് സതി, കളരിക്കൽ കുട്ടൻ, പട്ടത്ത് സജീവൻ എന്നിവരുടെ വീടുകൾക്കാണ് കൂടുതൽ നാശം സംഭവിച്ചത്.
ചാവക്കാട്: ശക്തമായ കാറ്റിൽ മരം കടപുഴകി കാറിനു മുകളിലേക്ക് വീണു. കടപ്പുറം സാമൂഹിക ആരോഗ്യ കേന്ദ്രത്തിത്തിനു സമീപം നിർത്തിയിട്ട കാറിനു മുകളിലേക്കാണ് മരം വീണത്. സംഭവ സമയം കാറിൽ ആരും ഉണ്ടായിരുന്നില്ല. ആരോഗ്യ കേന്ദ്രത്തിലേക്ക് രോഗിയുമായി എത്തിയ കറുകമാട് സ്വദേശി നിഷാദിന്റെതാണ് വാഹനം.
വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. മഴയോടൊപ്പം അപ്രതീക്ഷിതമായി ആഞ്ഞുവീശിയ കാറ്റിൽ മരം കടപുഴകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.