മഴയെത്തി; തുടങ്ങാം ‘വെള്ളം കൊയ്ത്ത്’
text_fieldsതൃശൂർ: കാത്തിരുന്ന് കാലവർഷമെത്തി, മഴവെള്ളക്കൊയ്ത്തിനുള്ള സുവർണാവസരമാണ് മഴക്കാലം. ഒഴുകിപ്പരന്ന് ഇല്ലാതാകുന്ന വെള്ളത്തെ കെട്ടിനിർത്തിയോ കുഴിയെടുത്ത് മണ്ണിലേക്ക് താഴ്ത്തിയോ കിണറിലേക്ക് ഇറക്കിവിട്ടോ ഭൂമിയെ ജലസമ്പുഷ്ടമാക്കാം. നാലുമാസം കിണറുകളെ ജലസമ്പുഷ്ടമാക്കാനുള്ള പ്രധാന മാർഗങ്ങളിലൊന്നാണ് കിണർ റീചാർജിങ്.
മഴയിലൂടെ ലഭിക്കുന്ന വെള്ളം കിണറിലേക്ക് സംഭരിച്ച് നീരുറവകളെ ബലപ്പെടുത്തി നിലനിർത്തുകയെന്ന ലളിതമായ രീതിയാണിത്. ഭൂജല വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ് എന്നിവ വഴി പഞ്ചായത്തുകൾ മുഖേന നടപ്പാക്കുന്ന നീർത്തട പദ്ധതികൾ വഴിയും നിരവധി കിണറുകളിൽ ഇതിനകം റീചാർജിങ് യൂനിറ്റ് സ്ഥാപിച്ചു.
ജില്ലയിലെ മഴപ്പൊലിമ പദ്ധതിവഴി 25,000ലേറെ കിണറുകളിൽ റീചാർജിങ് സംവിധാനം ഏർപ്പെടുത്തിയത് മാതൃകയാണ്. ഈ കിണറുകൾ വേനലിൽ ജലസമൃദ്ധമായെന്നാണ് പിന്നീട് നടത്തിയ പഠനങ്ങളിൽ വ്യക്തമായത്. ഉപ്പുവെള്ള ഭീഷണിയുള്ള പ്രദേശങ്ങൾ, ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ഈ പദ്ധതി നടപ്പാക്കിയത്. പ്രദേശിവാസികളെ ബോധവത്കരിച്ചാണ് ആദ്യഘട്ടം പദ്ധതിയിലേക്ക് ആകർഷിച്ചത്.
ഇപ്പോൾ സബ്സിഡിയോടെയാണ് പലയിടങ്ങളിലും പദ്ധതി നടപ്പാക്കുന്നത്. എങ്കിലും യൂനിറ്റ് സ്ഥാപിക്കാൻ വിമുഖതയുള്ളവരേറെയാണ്. മണ്ണ് സംരക്ഷണ വകുപ്പ് മുഖേന പഞ്ചായത്തുകളിൽ പദ്ധതി നടപ്പാക്കുന്നുണ്ട്. 18,000 രൂപ മുതൽമുടക്ക് വരുന്ന പദ്ധതിയുടെ 90 ശതമാനവും സർക്കാർ സബ്സിഡിയാണ്.
1000 ച.അടി വിസ്തൃതിയുള്ള ഒരു മേൽക്കൂരയിൽ ഒരുവർഷം ശരാശരി മൂന്ന് ലക്ഷം ലിറ്റർ വെള്ളം മഴയത്ത് വീഴുന്നു, തുലാവർഷത്തിൽ ഇതിന്റെ 20 ശതമാനവും. ഇതിന്റെ പകുതിയെങ്കിലും കിണറിലേക്കോ ഭൂമിയിലേക്കോ മറ്റ് മാർഗങ്ങളിലൂടെയോ ശേഖരിച്ചുവെച്ചാൽ വരൾച്ചയെ പ്രതിരോധിക്കാം.
പെരുമഴക്ക് പിറകെ കൊടുംവരൾച്ച
ജലസമൃദ്ധമായ മഴക്കാലം കഴിഞ്ഞ് വരുന്ന നാല് മാസം സംസ്ഥാനത്തെ സംബന്ധിച്ച് കടുത്ത വരൾച്ചയുടെ കാലമാണ്. വേനൽമഴയിലെ ഏറ്റക്കുറച്ചിൽ മാത്രമല്ല, ജലം സംഭരിച്ച് നിർത്താനുള്ള പ്രവർത്തനങ്ങൾ കുറയുന്നതും പ്രധാന കാരണമാണ്. ജലസേചന പദ്ധതികൾപോലും മേയ് മാസത്തോടെ കിതപ്പിലാകുന്നതാണ് സ്ഥിതി. രണ്ട് പ്രളയത്തോടെ ജലാശയങ്ങളും വരൾച്ചയുടെ പിടിയിലമരുന്നു. പുതിയ നിർമിതികൾ മണ്ണിലേക്ക് വെള്ളം ഇറങ്ങാനുള്ള പലമാർഗങ്ങളെയും അടച്ചുകളഞ്ഞു.
മഴമേഘങ്ങളെ മാറ്റുന്ന എൽനിനോ പ്രതിഭാസം ഉൾപ്പെടെ വരുംവർഷങ്ങളിൽ സംഭവിക്കുമെന്ന കാലാവസ്ഥ പ്രവചനങ്ങൾ വരൾച്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇതിനെ നേരിടാൻ മഴക്കാലത്ത് തന്നെ ഒരുങ്ങുക എന്നതാണ് പ്രധാനം. കഴിഞ്ഞ ജൂണിലെ കണക്ക് പ്രകാരം പലജില്ലകളിലും ഭൂഗർഭ ജലസ്രോതസ്സുകളായ കുഴൽകിണറുകളിൽ പോലും അപകടകരമായ നിലയിലേക്ക് ജലനിരപ്പ് താഴ്ന്നിട്ടുണ്ട്.
200 കിണറുകൾ മഴവെള്ള കൊയ്ത്തിനൊരുക്കി ചാലക്കുടി മണ്ണ് സംരക്ഷണ ഓഫിസ്
മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾക്കായി 2021ൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ജില്ല മണ്ണ് സംരക്ഷണ വകുപ്പിന് കീഴിലെ ചാലക്കുടി മണ്ണ് സംരക്ഷണ ഓഫിസ് പൂർത്തീകരിച്ചത് 200 റീചാർജിങ് യൂനിറ്റ്. 280 യൂനിറ്റിന്റെ പ്രവർത്തനം പുരോഗമിക്കുകയാണ്. മഴക്കുഴികൾ, ഫലവൃക്ഷങ്ങളുടെ തടമെടുക്കൽ, കല്ലുകയ്യാല, മുളവെച്ചുപിടിപ്പിക്കൽ, തോടുകളുടെ പാർശ്വഭിത്തി സംരക്ഷണം എന്നിവയാണ് മറ്റ് പദ്ധതികൾ.
തെക്കുംപാടം നീർത്തട പദ്ധതിക്ക് പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴ് വാർഡുകളിലേക്ക് 1.05 കോടി രൂപയുടെ അനുമതിയാണുള്ളത്. ഭൂഗർഭ ജലവിതാനം ഉയരുന്നത് അറിയാൻ കിണർ റീചാർജ് യൂനിറ്റിന്റെ രജിസ്റ്ററും സൂക്ഷിക്കുന്നുണ്ട്. ഓവർസിയർ ജോസഫ് ഷൈൻ, സൂപ്പർവൈസർ എം.കെ. രാധാകൃഷ്ണൻ എന്നിവരാണ് മേൽനോട്ടം വഹിക്കുന്നത്.
റീചാർജിങ് യൂനിറ്റൊരുക്കാം
മേൽക്കൂരയിൽ വീഴുന്ന മഴവെള്ളം പി.വി.സി പൈപ്പിലൂടെ താഴേക്ക് എത്തിക്കുക. ഇവിടെ വെള്ളം ശുദ്ധീകരിക്കുന്ന ഒരു ടാങ്ക് സ്ഥാപിക്കുക. ഇതിന്റെ ഏറ്റവും അടിയിൽ 20 സെന്റീമീറ്റർ കനത്തിൽ ചരൽ വിരിക്കുക. അതിന് മുകളിൽ 10 സെന്റീമീറ്റർ കനത്തിൽ മണൽ വിരിക്കുക. അതിന് മുകളിൽ ചരട്ടക്കരിയോ മരക്കരിയോ 10 സെന്റീമീറ്റർ കനത്തിൽ വിരിക്കുക. ഇതിന് മുകളിൽ 10 സെന്റീമീറ്റർ കനത്തിൽ ചരൽ വിരിക്കുക.
30 ശതമാനത്തോളം മുകൾ ഭാഗം ഒഴിച്ചിടണം. ടാങ്കിന്റെ ഏറ്റവും അടിഭാഗത്ത് ഒരു പി.വി.സി പൈപ്പ് ഘടിപ്പിച്ച് കിണറിലേക്ക് ഇറക്കികൊടുക്കുക. ടാങ്കിലേക്കെത്തുന്ന വെള്ളം ശുദ്ധീകരിച്ച് അത് കിണറിൽ എത്തും. കുഴൽ കിണറുകളെയും ഇതേരീതിയിൽ റീചാർജ് ചെയ്യാൻ സാധിക്കും.
ഫലം നൂറുമേനി:വേണം ബോധവത്കരണം,ജോസഫ് ഷൈൻ (ഓവർസിയർ, മണ്ണ് സംരക്ഷണ വകുപ്പ്)
കിണർ റീചാർജിങ് യൂനിറ്റുകൾ സംബന്ധിച്ച് ജനങ്ങളിൽ ബോധവത്കരണം അത്യാവശ്യമാണ്. ഗ്രാമീണമേഖലയിൽ പദ്ധതിയുമായി ചെല്ലുമ്പോൾ പലരും കടന്നുവരാൻ മടിക്കുന്ന അവസ്ഥയുണ്ട്. അടുത്ത പ്രദേശത്തോ സമീപ വീടുകളിലോ സ്ഥാപിച്ച പദ്ധതികൾ ചൂണ്ടിക്കാട്ടിയാണ് ഗുണഭോക്താക്കളെ ആകർഷിക്കുന്നത്. പദ്ധതി നടപ്പാക്കിയ വീടുകളിൽനിന്ന് പിന്നീട് മികച്ച പ്രതികരണമാണ് ലഭിച്ചത്.
കിണർ റീചാർജിങ് യൂനിറ്റുകൾ സ്ഥാപിക്കാതെ നിലവിൽ പുതിയ വീടുകൾക്ക് നമ്പർ ലഭിക്കില്ല. ഇക്കാര്യങ്ങൾ ഉൾപ്പെടെ ബോധവത്കരിച്ചാണ് യൂനിറ്റുകൾ സ്ഥാപിക്കുന്നത്. ഒരുപ്രദേശത്തുതന്നെ നിരവധി യൂനിറ്റുകൾ സ്ഥാപിച്ചാൽ അതിന് ഗുണം ഏറെയാണ്. 18,000 രൂപയോളമാണ് ഒരു യൂനിറ്റിന് ചെലവ്. 90 ശതമാനവും സർക്കാർ സബ്സിഡിയാണ്. നാളേക്കായി കുടിവെള്ളം കരുതിവെക്കാവുന്ന, അധികം പണച്ചെലവില്ലാത്ത പദ്ധതിക്കായി ജനങ്ങൾ മടിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.