പുതുക്കുളം നവീകരണം തുടങ്ങി
text_fieldsമാള: പഞ്ചായത്തിലെ പുതുക്കുളം നവീകരണം തുടങ്ങി. 25 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരിക്കുന്നത്. കുളം നവീകരണം വൈകുന്നത് സംബന്ധിച്ച് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. കുളം നവീകരണ വിഷയം പലതവണ ഗ്രാമസഭയിലും പഞ്ചായത്ത് ഭരണസമിതി യോഗത്തിലും ചർച്ചക്ക് വന്നിരുന്നു.
പഞ്ചായത്ത് ആവശ്യപ്പെട്ടതനുസരിച്ചാണ് ഇപ്പോൾ നവീകരണം തുടങ്ങിയത്. 57 സെൻറ് വിസ്തീർണമുള്ള കുളമാണ്. താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ കുളത്തിന്റെ വിസ്തൃതി അളന്ന് തിരിക്കണമെന്ന് ആവശ്യമുണ്ട്.
മാള പഞ്ചായത്തിലെ 10ാം വാർഡിലാണ് കുളം. പുല്ലും പായലും ചണ്ടിയും നിറഞ്ഞ് മലിനമായ കുളത്തിലെ വെള്ളം പമ്പ് ചെയ്ത് നീക്കി. വർഷങ്ങളായുള്ള ജനകീയ ആവശ്യമാണ് പുതുക്കുളം നവീകരണം. കുളം നവീകരിച്ചാൽ പഞ്ചായത്തിന്റെ ജലസേചന പദ്ധതി കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കൂടുതൽ പ്രദേശങ്ങളിലേക്ക് കാർഷിക ജലസേചനം സാധ്യമാക്കാൻ കഴിയുമോ എന്നും ആലോചിക്കുന്നുണ്ട്.
കുളത്തിന് ആഴം വർധിപ്പിച്ച് വശങ്ങളിൽ നടപ്പാതയും ഇരിപ്പിടവും നിർമിച്ച് സൗന്ദര്യവത്കരിക്കുമെന്ന് വാർഡ് അംഗം സിനി ബെന്നി ‘മാധ്യമ’ത്തോട് പറഞ്ഞു. പഞ്ചായത്തിന്റെ വർഷങ്ങളായുള്ള ആവശ്യമാണ് അതിർത്തി നിശ്ചയിക്കലും നവീകരണവും. ജലസേചനത്തിനായി മുമ്പ് 15 എച്ച്.പി മോട്ടോർ സ്ഥാപിച്ചിരുന്നു. ഇത് കാണാതായി. ഇതേ ശേഷിയുള്ള പുതിയ മോട്ടോർ സ്ഥാപിക്കാനും ആലോചനയുണ്ട്. മഴക്കാലത്തിന് മുമ്പ് നവീകരണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.