പുഴ ഇനി ഭീഷണിയാവില്ല; ആശ്വാസത്തോടെ തീരവാസികൾ
text_fieldsമാള: അന്നമനടയിൽ ചാലക്കുടിപ്പുഴയുടെ തിട്ട ഇടിയുന്നതിന് പരിഹാരമായി. പഞ്ചായത്തിലെ അഞ്ചാം വാർഡിൽ പുഴയോരത്ത് താമസിക്കുന്ന കുടുംബി സമുദായത്തിൽപ്പെട്ടവർക്ക് ഇനി ആശ്വാസത്തോടെ ജീവിക്കാം. സംരക്ഷണ ഭിത്തി നിർമാണം പൂർത്തിയായതോടെ പുഴയിൽനിന്നുള്ള ഭീഷണി ഇല്ലാതായതായി നാട്ടുകാർ പറഞ്ഞു.
സംരക്ഷണ ഭിത്തിക്ക് മുകളിൽ മതിൽ നിർമിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. 23 വീട്ടുകാരാണ് ഇവിടെ താമസിക്കുന്നത്. പ്രളയകാലത്ത് ഇവരെ മാറ്റിപ്പാർപ്പിച്ചിരുന്നു. പുഴയിൽ വെള്ളം താഴുമ്പോൾ മൺതിട്ട ഇടിയും.
ഇതോടെ പുഴയോരത്തെ വൻമരങ്ങൾ കടപുഴകും. മഹാഗണി, തേക്ക്, തെങ്ങ്, പുളി തുടങ്ങിയ മരങ്ങൾ ഇങ്ങനെ ഒഴുകിപ്പോയിട്ടുമുണ്ട്. പുഴയോട് ചേർന്ന കൃഷ്ണൻ, ഭവാനി എന്നിവരുടെ വീട് അപകട ഭീഷണിയിലായിരുന്നു. രാത്രികളിൽ പുഴയിൽ വെള്ളം കൂടിയാൽ വീട് കൂടി തകരുമോ എന്ന ഭീതിയിലായിരുന്നു കുടുംബങ്ങൾ.
വി.ആർ. സുനിൽകുമാർ എം.എൽ.എ ഇവിടെ സന്ദർശനം നടത്തിയിരുന്നു. തുടർന്ന് സംരക്ഷണഭിത്തി നിർമിക്കാൻ നടപടിയായി. 75 ലക്ഷം രൂപയാണ് വകയിരുത്തിയത്. നേരത്തെ മഴ ശക്തമായതോടെ ഷോളയാർ ഡാം തുറന്നിരുന്നു.
പുഴയിൽ വെള്ളം ക്രമാതീതമായി ഉയർന്നതും ഭീഷണിയായി. ജലനിരപ്പ് ഇറങ്ങി സംരക്ഷണ ഭിത്തി നിർമാണം തുടങ്ങിയെങ്കിലും ഇടക്ക് നിലച്ചു. ‘മാധ്യമം’ വാർത്ത നൽകിയതിനെ തുടർന്നാണ് നിർമാണം പുനഃരാരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.