സ്കൂൾ വിപണി സജീവം; വില അൽപം കൂടുതൽ
text_fieldsതൃശൂർ: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി പുത്തൻ ബാഗും കുടയും മറ്റും വാങ്ങാനുള്ള നെട്ടോട്ടത്തിലാണ് രക്ഷിതാക്കളും കുട്ടികളും. ജില്ലയിലെ നഗരങ്ങളിലെല്ലാം രാവിലെ മുതൽ സ്കൂൾ വിപണി സജീവമാണ്. പക്ഷെ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 ശതമാനത്തോളം വിലകയറിയതിനാൽ രക്ഷിതാക്കൾ ആശങ്കയിലാണ്.
കൺസ്യൂമർ ഫെഡ് ത്രിവേണി സ്റ്റുഡന്റ് മാർക്കറ്റുകളും വിവിധ സഹകരണ സംഘങ്ങളുടെ സ്കൂൾ വിപണികളും ഉള്ളത് വലിയ ആശ്വാസമാണ്. ബാഗ്, കുട, നോട്ട്പുസ്തകം, പേന, പെൻസിൽ, ഇൻസ്ട്രുമെന്റ് ബോക്സ് തുടങ്ങി കാലാനുസൃത മാറ്റങ്ങളോടെയുള്ള പഠനോപകരണങ്ങളുടെ കമനീയ ശേഖരമാണ് വിപണിയിലുള്ളത്. ചൈനീസ് ബാഗുകളും കുടകളുമാണ് ഇത്തവണയും മുന്നിൽ.
ബെന്ടെന്, സ്പൈഡര്മാന്, മിക്കിമൗസ്, ബാര്‍ബി ഡോള്‍, സ്പൈഡർമാൻ, ബി.ടി.എസ്, യൂണികോൺ തുടങ്ങി കുട്ടികളുടെ ഇഷ്ടകഥാപാത്രങ്ങളെല്ലാം ബാഗുകളിലും കുടകളിലും ടിഫിന്‍ ബോക്സുകളിലും ഇടംപിടിച്ചിട്ടുണ്ട്. 230 മുതല്‍ 1400 രൂപ വരെയാണ് സാധാരണ ബാഗുകളുടെ വില. മുതിര്‍ന്ന കുട്ടികള്‍ക്കായി വ്യത്യസ്ത കളര്‍ കോമ്പിനേഷനും ഡിസൈനുമുള്ള ബാഗുകളുമുണ്ട്.
ബ്രാന്‍ഡഡ് ബാഗുകള്‍ക്കും ആവശ്യക്കാർ ഏറെയുണ്ടെന്ന് വ്യാപാരികൾ പറയുന്നു. 1300 രൂപ മുതല്‍ 3500 വരെ വിലയുള്ള അമേരിക്കന്‍ ടൂറിസ്റ്റ്, സ്കൈ ബാഗ്സ്, വൈല്‍ഡ് ക്രാഫ്റ്റ് തുടങ്ങിയ കമ്പനികളുടെ ബാഗുകള്‍ അന്വേഷിച്ചെത്തുന്നവരും ഏറെയാണ്.
ചെറിയ കുട്ടികള്‍ക്കുള്ള കുടകൾക്ക് 250 രൂപ മുതലാണ് വില. വിവിധ വര്‍ണങ്ങളിലുള്ള ചൈനീസ് കുടകള്‍ക്ക് 250 മുതല്‍ 350 രൂപ വരെയാണ് വില. 192 പേജ് സാധാരണ നോട്ടുബുക്കിന് 43 രൂപയും 140, 160, 192 പേജ് കോളജ് നോട്ടുകൾക്ക് 47, 53, 60 രൂപയുമാണ് വില.
സഹകരണ മേളകളിൽ 192 പേജ് നോട്ടുബുക്കിന് 30 രൂപയും കോളജ് നോട്ടുകൾക്ക് 32, 37, 43 രൂപയുമാണ് വില. പെന്‍സില്‍ബോക്സ്, പൗച്ചസ്, വാട്ടര്‍ബോട്ടില്‍, ലഞ്ച്ബോക്സ് എന്നിവയിലും ചൈനീസ് ആധിപത്യം തന്നെ. വൈവിധ്യമാര്‍ന്ന നിറങ്ങളിലുള്ള പെന്സില്ബോക്സുകള്ക്ക് നൂറ് മുതല്‍ 250 രൂപ വരെയാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.