ഇടിയഞ്ചിറ റെഗുലേറ്ററിന്റെ ഷട്ടറുകൾ അഴിച്ചുമാറ്റി; കുടിവെള്ള സ്രോതസ്സുകളിൽ ഉപ്പുവെള്ളം കയറുന്നു
text_fieldsപാടൂർ: ഇടിയഞ്ചിറ റെഗുലേറ്ററിലൂടെ പെരിങ്ങാട് പുഴയിൽ നിന്ന് ഉപ്പുവെള്ളം കനാലിലേക്ക് തിരിച്ചു കയറുന്നു. പുനരുദ്ധാരണത്തിന് അഴിച്ചു മാറ്റിയ ഷട്ടറിനിടയിലൂടെയാണ് ഉപ്പുവെള്ളം തിരിച്ചു കയറുന്നത്. മഴ ഇനിയും കുറഞ്ഞാൽ ഉപ്പിന്റെ അംശം കൂടും. എളവള്ളി പഞ്ചായത്തിന്റെ ജലനിധി പദ്ധതി അടക്കം പ്രദേശത്തെ ജനങ്ങൾ ശുദ്ധജലത്തിനായി ആശ്രയിക്കുന്നതാണ് കനാൽ. ഇതിലേക്ക് ഉപ്പ് കയറിയാൽ കുടിവെള്ള പദ്ധതികളെയും കൃഷിയെയും സാരമായി ബാധിക്കും.
വലിയ അളവിൽ ചോർച്ചയുണ്ടായിരുന്ന ഇടിയൻചിറ റെഗുലേറ്ററിന്റെ ഷട്ടറുകൾ ഉപ്പുവെള്ളം കയറുന്നത് തടയാൻ പ്രാപ്തമല്ലാത്തതിനാൽ എല്ലാ വർഷവും റെഗുലേറ്ററിനു മുൻപായി ഇടബണ്ടു കെട്ടി വെള്ളം തടുത്തു നിർത്തലായിരുന്നു പതിവ്. ഇതിനു വേണ്ടി ലക്ഷങ്ങളാണ് ഓരോ വർഷവും ചിലവഴിക്കുന്നത്. ബണ്ടു കെട്ടുന്നതിന് കാലതാമസം വരുന്നതും കനാലിലേക്ക് ഉപ്പുവെള്ളം കയറുന്നതിനു കാരണമാവാറുണ്ട്. ഇതിന് ശാശ്വത പരിഹാരം വേണമെന്ന് നാട്ടുകാർ നിരന്തരമായി ആവശ്യപ്പെട്ടിട്ടും അധികൃതർ ഇതുവരെ തയാറായിട്ടില്ല.
നാല് കോടിയിലധികം വകയിരുത്തിയാണ് പുനരുദ്ധാരണത്തിനായി റെഗുലേറ്ററിന്റെ ഷട്ടറുകൾ അഴിച്ചു മാറ്റിയത്. ഷട്ടറുകൾ പുനരുദ്ധാരണത്തിന് ശേഷം 2025 മേയിൽ പുനഃസ്ഥാപിക്കാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നതായി ജലവിഭവ മന്ത്രി നിയമസഭയിൽ ചോദ്യത്തിന് ഉത്തരമായി അറിയിച്ചിരുന്നു. എന്നാൽ ഇടബണ്ട് കെട്ടുന്ന പ്രവർത്തനങ്ങൾ വരെ ആരംഭിച്ചിട്ടില്ല.
കഴിഞ്ഞ പ്രാവശ്യം ഉറപ്പില്ലാതെ കെട്ടിയ ബണ്ട് പൊട്ടുകയും ചെയ്തിരുന്നു. ഇതുമൂലം ലക്ഷങ്ങളാണ് പാഴായത്. തണ്ണീർകായൽ, പാടശേഖരസമിതി, തിരുനെല്ലൂർ പാടശേഖരസമതി, പെരുവല്ലൂർത്താഴം, എലവത്തൂർ മതുക്കര, പേനകം എന്നീ സ്ഥലങ്ങളിൽ കൃഷിക്ക് ദോഷകരമായ രീതിയിൽ ബാധിക്കും.
പെരിങ്ങാട് പുഴയിലെ ചെളിനീക്കി ആഴം കൂട്ടി നീരൊഴുക്ക് ഉറപ്പാക്കാൻ ഇറിഗേഷൻ വകുപ്പിന്റെ പദ്ധതി ഉണ്ടായിട്ടും പുഴയെ റിസർവ് വനമാക്കി വിജ്ഞാപനം പുറപ്പെടുവിച്ചതിനാൽ പദ്ധതിക്ക് അനുമതി ലഭിച്ചില്ല. ഇതും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളതന്ന് തീരദേശ സംരക്ഷണസമിതി നേതാക്കൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.